ഹിന്ദു ഗുഡ് ന്യൂസ്: ഒരു ആമുഖം – രാജീവ് മൽഹോത്ര

ലോകം മാറ്റത്തിന്റെ പാതയിലാണ്. ആഗോളവൽക്കരണം, വിവിധ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, പാരിസ്ഥിതിക വെല്ലുവിളികൾ, മതസംഘർഷങ്ങൾ, സാമ്പത്തിക രംഗത്തെ ഉണർവ്വ്, ബഹുധ്രുവമായ ലോകക്രമം., എന്നിവയെല്ലാം കാലങ്ങളായുള്ള മാനുഷിക പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന രീതിയിൽ ഒരു മാറ്റം ആവശ്യപ്പെടുന്നുണ്ട്.

ഇന്നു നിലവിലുള്ള വെല്ലുവിളികൾക്കു പരിഹാരമായി നിർദ്ദേശിക്കപ്പെട്ട മാർഗങ്ങൾ കാലഹരണപ്പെട്ടതും അപര്യാപ്തവുമാണെന്ന് തെളിഞ്ഞു വരുന്നുണ്ട്. ഈ മാർഗങ്ങളും, അവ പ്രാവർത്തികമാക്കാൻ വേണ്ടിയുള്ള സ്ഥാപനങ്ങളും അടിസ്ഥാനപരമായി, യൂറോപ്പിന്റേയും അമേരിക്കയുടേയും ബൗദ്ധികപാരമ്പര്യം, ചരിത്രം, മിത്തുകൾ, മതവിശ്വാസം എന്നിവയിൽ നിന്ന് രൂപംകൊണ്ട ലോകവീക്ഷണത്തെ ആധാരമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. 500 വർഷത്തോളമായി ഇത് ലോകവ്യവഹാരങ്ങളിൽ പ്രമുഖസ്ഥാനം അലങ്കരിച്ചു വരുന്നു.

പെൻഡുലം ഇപ്പോൾ വീണ്ടും ഏഷ്യയുടെ പക്ഷത്തേക്കു തിരിയുകയാണ്. സാമ്പത്തിക, ശാക്തിക രംഗത്ത് ഏഷ്യ മുന്നേറുന്നു. ഏഷ്യൻ സാംസ്കാരിക മൂല്യങ്ങൾക്കും കൂടുതൽ സ്വീകാര്യത ലഭിച്ചുവരുന്നുണ്ട്. നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. സാംസ്കാരികമായ ഉണർവിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഉയരുന്ന വൈവിധ്യമാർന്ന അഭിപ്രായങ്ങളെ നമുക്ക് വേണമെങ്കിൽ തള്ളിക്കളയാം, പ്രത്യേകിച്ചും കാലാകാലങ്ങളായി നിലനിൽകുന്ന വിശ്വാസ സമ്പ്രദായങ്ങളെ അവ വെല്ലുവിളിക്കുമ്പോൾ. അതല്ലെങ്കിൽ പുതിയ മാതൃകകളെ മനസ്സു തുറന്ന് സ്വീകരിക്കാം. പടിഞ്ഞാറൻ രാജ്യങ്ങളുടെ അധീശത്വം തകർന്നേക്കാമെങ്കിലും, ലോകക്രമത്തെ ഉടച്ചുവാർത്ത് നവീകരിക്കാൻ ശേഷിയുള്ള ഈ നവമാതൃകകൾ പാശ്ചാത്യർക്കു മാത്രമല്ല, മനുഷ്യവർഗ്ഗത്തിനാകെയും ഗുണകരമാണ്.

ക്രൈസ്തവർ കാലകാലങ്ങളായി ഉപയോഗിച്ചുവരുന്ന, ആന്തരാർത്ഥങ്ങൾ ഏറെയുള്ള ഒരു പദമാണ് ‘ഗുഡ് ന്യൂസ്’. (ഗോസ്പൽ/Gospel എന്ന വാക്കിന്റെ അർത്ഥമാണ് ‘ഗുഡ് ന്യൂസ്’. ബൈബിളിലുള്ള കൃസ്തുവിന്റെ ജീവിതത്തെ ഗോസ്പൽ പ്രതിനിധീകരിക്കുന്നു). മനുഷ്യവർഗ്ഗത്തെ പാപത്തിൽനിന്നു രക്ഷിക്കാൻ, ദൈവം ഏകമകനായ കൃസ്തുവിനെ ഭൂമിയിലേക്കു അയയ്ക്കുകയും, പിന്നീട് പാപത്തിനു പ്രായശ്ചിത്തമായി കൃസ്തു കുരിശിൽ മരിക്കുകയും ചെയ്തു. കൃസ്ത്യൻ ഗുഡ് ന്യൂസ് എന്നതുകൊണ്ട് പൊതുവെ വ്യവഹരിക്കപ്പെടുന്നത്, മാനവരാശിക്കു വേണ്ടി കുരിശിൽ മരിച്ച കൃസ്തുവിന്റെ ഈ ത്യാഗമാണ്. എന്നാൽ ഹിന്ദുവിനെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. കൃസ്തു ചെയ്തപോലുള്ള പ്രായശ്ചിത്തം ആവശ്യമില്ലെന്നാണ് ഹിന്ദുവിന്റെ കാഴ്ചപ്പാട്. കാരണം മനുഷ്യർ സ്വതവേ പാപികൾ അല്ല, മറിച്ച് ദിവ്യത്വമുള്ളവരാണ്. നാം എല്ലാവരും കൃസ്തുവിനോളം തന്നെ ദിവ്യത്വമുള്ളവരാണ്; ഈ ജന്മത്തിൽ അത് സാക്ഷാത്കരിക്കുകയും ചെയ്യാം. ഭൂതകാലത്ത് ഏതെങ്കിലുമൊരു വ്യക്തി നടത്തിയ സഹനമോ ത്യാഗമോ ഹൈന്ദവധർമ്മ പ്രകാരമുള്ള ആത്മസാക്ഷാത്കാരത്തിനു ആവശ്യമില്ല. സ്വന്തം മുക്തി സ്വയം പരിശ്രമിച്ച് നേടാം എന്നാണ് ഹൈന്ദവധർമ്മം പറയുന്നത്. ഈ ആശയം പ്രതിനിധീകരിക്കാനാണ് ‘ഹിന്ദു ഗുഡ് ന്യൂസ്’TM എന്ന സംജ്ഞ ഞാൻ ഉപയോഗിക്കുന്നത്.

ഹിന്ദു ഗുഡ് ന്യൂസിന്റെ നിരവധി പ്രത്യേകതകളിൽ ഒന്നു മാത്രമാണിത്. മനുഷ്യരെ അവരിൽ അന്തർലീനമായിരിക്കുന്ന ശക്തിവിശേഷത്തെ പറ്റി ബോധവൽക്കരിക്കുക മാത്രമല്ല ഹിന്ദു ഗുഡ് ന്യൂസ് ചെയ്യുന്നത്, മനുഷ്യൻ-ദൈവം-പ്രപഞ്ചം എന്നിവയുടെ ഏകീകൃതഭാവത്തേയും അത് പ്രഘോഷിക്കുന്നു. ഭൗതികലോകത്തെ കുറിച്ചുള്ള അറിവ് ഏകതാനമല്ല, മറിച്ച് ബഹുസ്വരമാണെന്ന കാഴ്ച്ചപ്പാടും അതിനുണ്ട്. ഹിന്ദു ഗുഡ് ന്യൂസ് വിഭാവനം ചെയ്യുന്ന ലോകവീക്ഷണം താഴെ കൊടുക്കുന്നു.

  • കൃസ്ത്യൻ മതവിശ്വാസം പ്രകാരമുള്ള ആദിപാപം എന്നൊരു ആശയം ഇല്ല. ‘സത്-ചിത്-ആനന്ദം’ എന്ന സംസ്കൃതപദം സൂചിപ്പിക്കുന്ന പോലെ നാമെല്ലാം സ്വതസിദ്ധമായി ദിവ്യത്വം ഉള്ളവരാണ്.
  • (കൃസ്തുമതത്തിലും മറ്റു എബ്രഹാമിക് മതങ്ങളിലും ഉള്ളപോലെ) വിശ്വാസികൾ ആത്മീയോന്നതി നേടുന്നത് നിയന്ത്രിക്കാൻ, ചരിത്രപുരുഷന്മാരായ പ്രവാചകർക്കും മിശിഹകൾക്കും സാധിക്കില്ല. യോഗയും, അതിനൊടു ബന്ധമുള്ള ആത്മീയചര്യകളും ചരിത്രബന്ധിതമല്ലാത്ത ഒരു മോക്ഷമാർഗത്തെ മുന്നോട്ടു വയ്ക്കുന്നു. ചരിത്രം രൂപപ്പെടുത്തിയ സ്വത്വ-വംശ-സന്താന പരമ്പരകളും, ഒരു പ്രത്യേക ചരിത്രസംഭവം ആധാരമാക്കി മതപരമായ മേന്മ അവകാശപ്പെടലും ഹിന്ദു ഗുഡ് ന്യൂസിൽ ഇല്ല. ചുരുക്കത്തിൽ, മോക്ഷപ്രാപ്തിക്കു നാം പ്രവാചകരെയോ, അവരുടെ ആദർശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന ഏതെങ്കിലും മതസ്ഥാപനങ്ങളേയോ ആശ്രയിക്കുന്നില്ല.
  • ധാർമ്മിക പാരമ്പര്യവും ശാസ്ത്രവും തമ്മിൽ അടിസ്ഥാനപരമായ തർക്കങ്ങൾ ഇല്ല. പൗരാണിക കാലത്തും അങ്ങിനെ തന്നെയായിരുന്നു.
  • പടിഞ്ഞാറൻ കോസ്മോളജിയും, മിത്തുകളും ‘പ്രശ്‌നഭരിത സാഹചര്യങ്ങളെ (Chaos)’ വളരെ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. വൈവിധ്യം നിലനിൽക്കുന്ന സാഹചര്യങ്ങളിലേക്കുള്ള വ്യതിയാനം അവർ ഇഷ്ടപ്പെടുന്നില്ല. എന്നാൽ ഹിന്ദു ഗുഡ് ന്യൂസിൽ ഈ പ്രശ്നമില്ല. വ്യവഹാരിക സത്യത്തിന്റെ വൈവിധ്യത്തോടെയുള്ള സ്വാഭാവിക പ്രത്യക്ഷപ്പെടലുകളാണ്, ‘പ്രശ്‌നഭരിത സാഹചര്യം’ എന്ന നെഗറ്റീവ് അർത്ഥത്തോടെ വിവക്ഷിക്കപ്പെടുന്നത്. പ്രകൃതിയുടെ വൈവിധ്യപൂർണമായ പ്രകൃതം മനസ്സിലാക്കാനും, അതിനോടു പൊരുത്തപ്പെടാനുമുള്ള പാശ്ചാത്യരുടെ കഴിവില്ലായ്മ, പിന്നീട്, വൈവിധ്യത്തെ കീഴടക്കി ഉന്മൂലനം ചെയ്യേണ്ട തിന്മയായി വ്യാഖ്യാനിക്കുന്നു.
  • പ്രകൃതിയോടു ഇണങ്ങിച്ചേർന്നു കൊണ്ടു ജീവിക്കുമ്പോൾ, സാർത്ഥകമായ ഒരു മനുഷ്യജീവിതം സാധ്യമാണ്. മനുഷ്യജീവിതത്തിനു ‘ഉന്നമനവും പുരോഗതിയും’ കൈവരാൻ പ്രകൃതിയെ ചൂഷണം ചെയ്യേണ്ടതില്ല – മനുഷ്യകുലത്തെ താങ്ങിനിർത്തുന്ന പ്രകൃതിലോകത്തിന്റെ പരസ്പര സഹവർത്തിത്വ സ്വഭാവത്തെ ഹനിക്കാതിരിക്കുക; അപ്പോൾ ആത്മീയവും അല്ലാത്തതുമായ ഉന്നതിയിലേക്കുള്ള മനുഷ്യപരിണാമം ത്വരിതപ്പെടും.
  • പരമാർത്ഥസത്യം സാക്ഷാത്കരിക്കുന്നതിനു മതപരമായ ഏതെങ്കിലും അധികാര കേന്ദ്രത്തിന്റെ ആവശ്യമില്ല. മുൻകാലങ്ങളിൽ ആത്മസാക്ഷാത്കാരം നേടിയവർ രൂപപ്പെടുത്തിയ മോക്ഷമാർഗങ്ങളും കണ്ടുപിടുത്തങ്ങളും മാർഗനിർദ്ദേശമായി എടുത്ത്, ഒരു വ്യക്തിക്കു ഇഷ്ടമുള്ള മോക്ഷമാർഗം തിരഞ്ഞെടുക്കാം.
  • വിവിധ മതവിശ്വാസങ്ങളോടു പരസ്പര ബഹുമാനം പുലർത്തണമെന്നത് ഹിന്ദുമതത്തിലെ പ്രമുഖതത്ത്വം ആണ്; ‘പൊളിറ്റിക്കലി കറക്ട്’ ആകാനോ, പുറത്തുനിന്നുള്ള സമ്മർദ്ദത്തിനു വഴങ്ങി മനസ്സില്ല്ലാമനസ്സോടെ സ്വീകരിച്ചതോ അല്ല അത്. ആത്മീയോന്നതിക്കു മറ്റു മാർഗങ്ങൾ തേടുന്നവരോടു അനുവർത്തിക്കുന്ന വെറും ‘സഹിഷ്ണുതയും’ അല്ല. പരസ്പര ബഹുമാനത്തിന്റെ അർത്ഥതലങ്ങൾ സഹിഷ്ണുതക്കും മേലെയാണ്. ഒരു ജനതക്കു മാത്രമേ മതപരവും അല്ലാത്തതുമായ ശ്രേഷ്ഠതയുള്ളൂ, ഒരു മതത്തിൽ വിശ്വസിക്കുന്ന വ്യക്തിക്ക് മറ്റു മതവിശ്വാസികളെ സ്വന്തം മതത്തിലേക്കു പരിവർത്തനം ചെയ്യാൻ അധികാരമുണ്ട്., തുടങ്ങിയ നിലപാടുകളേയും ഞങ്ങൾ എതിർക്കുന്നു.

Follow Rajiv on facebook.com/RajivMalhotra.OfficialCategories: Malayalam Articles

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: