രാജീവ് മൽഹോത്ര – സ്വാമി നിത്യാനന്ദ സംഭാഷണം (നാലാം ഭാഗം)

സ്വാമി നിത്യാനന്ദ: അടിസ്ഥാനപരമായി, വേദങ്ങളും ആഗമങ്ങളും ശാസ്ത്രപ്രമാണമായി പരിഗണിക്കപ്പെടുന്നു. അതിൽ തർക്കമില്ല. സനാതന ഹൈന്ദവധർമ്മത്തിന്റെ ഏതൊരു അനുയായിയും വേദാഗമങ്ങളുടെ ഗരിമയും പ്രാമാണ്യവും അംഗീകരിക്കുന്നു എന്നതും അടിസ്ഥാനവസ്തുതയാണ്. വേദാഗമങ്ങളുടെ പ്രാമാണ്യം അംഗീകരിക്കുന്ന ആചാര്യന്മാരെ മാത്രമേ ആപ്തന്മാർ എന്നു വിളിക്കാവൂ. ഏതൊരാൾക്കും, അല്ലെങ്കിൽ എല്ലാവർക്കുമോ ആപ്തന്മാരാകാൻ കഴിയില്ല. അവരുടെ എല്ലാ വാക്കുകളും ആപ്തപ്രമാണമായി പരിഗണിക്കാനും കഴിയില്ല. വേദങ്ങളുടേയും ശാസ്ത്രങ്ങളുടേയും പ്രമാണം അംഗീകരിക്കുന്ന രമണമഹർഷി, ശ്രീരാമകൃഷ്ണ പരമഹംസർ., തുടങ്ങിയ ആചാര്യന്മാർ; പതജ്ഞലി മഹർഷി, ശ്രീകൃഷ്ണൻ തുടങ്ങിയ മഹാരഥന്മാർ; വേദാഗമങ്ങളുടെ പ്രമാണം അംഗീകരിക്കുന്ന ശ്രേഷ്ഠവ്യക്തികൾ എന്നിവരാണ് ആപ്തന്മാർ. അവരുടെ ശിക്ഷണം വളരെ അവശ്യമാണ്. കാലഭേദങ്ങൾക്കു ഉപരിയായി അവർ വേദാഗമങ്ങളെ സജീവമാക്കി നിലനിർത്തുന്നു

രാജീവ് മൽഹോത്ര: പുതിയ പശ്ചാത്തലത്തിൽ?

സ്വാമി നിത്യാനന്ദ: മുഴുവൻ സനാതന ഹൈന്ദവധർമ്മത്തേയും അവർ പുതിയ പശ്ചാത്തലത്തിൽ സജീവമാക്കി നിലനിർത്തും. ഇപ്രകാരം, ശാസ്ത്ര-ആപ്ത പ്രമാണങ്ങളാണ് സനാതന ഹൈന്ദവധർമ്മത്തിന്റെ പ്രമാണം. ആത്മപ്രമാണം ഏതെങ്കിലും വ്യക്തിക്കു ലഭിച്ചാൽ, അദ്ദേഹം അത് ശാസ്ത്ര-ആപ്ത പ്രമാണങ്ങളുമായി തട്ടിച്ച് നോക്കി അ‌മ്ലശുദ്ധി വരുത്തണം. അവശേഷിക്കുന്നത് എന്താണോ അത് ലോകത്തോടു പങ്കുവയ്ക്കുക. പല സാഹചര്യങ്ങളിലും, ചില വ്യക്തികൾ ഇതിനു വിരുദ്ധമായി പ്രവർത്തിക്കാറുണ്ട്. അവർ പറയും, “ഇത് എന്റെ നേർഅനുഭവമാണ്. ഇത് ലോകത്തെ പഠിപ്പിക്കാൻ ഇനി ശാസ്ത്ര-ആപ്ത പ്രമാണങ്ങളുടെ അനുമതി എനിക്കു ആവശ്യമില്ല”. ഈ പറച്ചിൽ തെറ്റാണ്. നിങ്ങൾക്കു ദിവ്യാനുഭവം ഇല്ലെന്നു ഞാൻ പറയുന്നില്ല. പലപ്പോഴും നിങ്ങളുടെ അനുഭവം നിങ്ങൾക്കു ഗുണകരവുമായിരുന്നിരിക്കാം. എന്നാൽ നിങ്ങളിത് ലോകത്തെ പഠിപ്പിക്കാൻ തുനിയുന്നെങ്കിൽ, അത് ശാസ്ത്ര-ആപ്ത പ്രമാണങ്ങളുടെ പരിശോധനയ്ക്കു വിധേയമാക്കിയിരിക്കണം.

രാജീവ് മൽഹോത്ര: വളരെ ശരി.   

സ്വാമി നിത്യാനന്ദ: അറിഞ്ഞുകൊണ്ട് വെജിറ്റേറിയൻ ഡയറ്റ് പാലിക്കാതെ നിങ്ങൾക്കു ഒരുപക്ഷേ Satori ലഭിച്ചേക്കാം. എങ്കിലും സ്വയമറിയാതെ നിങ്ങൾ വെജിറ്റേറിയൻ ഡയറ്റ് പാലിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് Satori ലഭിച്ചത്. ഞാൻ ശാസ്ത്രങ്ങൾ പരിശോധിക്കില്ലെന്ന് നിങ്ങൾ പറഞ്ഞാൽ, Satori ലഭിക്കാനുള്ള ഒരു മുൻഉപാധിയാണ് വെജിറ്റേറിയനിസം എന്നു നിങ്ങൾ അറിയുകയില്ല. അടുത്ത തലമുറയെ ഇക്കാര്യം നിങ്ങൾ പഠിപ്പിക്കുകയുമില്ല. നിങ്ങൾ ആപ്ത-ശാസ്ത്ര പ്രമാണങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ നിങ്ങൾക്കു അക്കാര്യം മനസ്സിലാകൂ, “അതെ. വെജിറ്റേറിയനിസം ഒരു മുൻഉപാധിയാണ്. ഞാൻ അതറിയാതെ തന്നെ വെജിറ്റേറിയനിസം പാലിക്കുകയായിരുന്നു”.

രാജീവ് മൽഹോത്ര: അപ്പോൾ, ഞാൻ ശാസ്ത്രങ്ങൾ പഠിക്കാതിരിക്കുകയും, അതേസമയം എനിക്ക് എങ്ങിനെയോ ഒരു അനുഭവം ഉണ്ടാവുകയും ചെയ്താൽ, എന്തുകൊണ്ട് ആ അനുഭവം ഉണ്ടായിയെന്നു എനിക്ക് പൂർണമായും മനസ്സിലാകില്ല. അനുഭവം വെറും സാന്ദർഭികം മാത്രമാകാം, അല്ലെങ്കിൽ ഭൂതകാലം ആകാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും. അതുകൊണ്ട് തന്നെ, ഈ അനുഭവം മറ്റുള്ളവരെ പഠിപ്പിക്കാൻ തുനിയുന്നതും ശരിയല്ല.

സ്വാമി നിത്യാനന്ദ: അതെ. ശാസ്ത്ര-ആപ്ത പ്രമാണങ്ങളുമായി ബന്ധപ്പെടുത്തി നിങ്ങളുടെ അനുഭവങ്ങൾ പരിശോധിച്ച് ഉറപ്പിച്ചാൽ മാത്രമേ പഠിപ്പിക്കാനുള്ള അധികാരം കിട്ടൂ. ശാസ്ത്ര-ആപ്ത പ്രമാണങ്ങളുമായി നിങ്ങളുടെ വ്യക്തിപരമായ ആത്മപ്രമാണം പരിശോധിക്കുകയും വേണം.

രാജീവ് മൽഹോത്ര: ഇവിടെ ഞാൻ മനസ്സിലാക്കിയത് എന്തെന്നാൽ, ‘ഞാൻ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നില്ല. എന്നാൽ എനിക്ക് ഒരു ദിവ്യാനുഭൂതി ഉണ്ടായി. ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത് എന്റെ ആ അനുഭവമാണ്’  എന്നു പറഞ്ഞ് നാടുചുറ്റുന്ന ആചാര്യന്മാർ ഉണ്ട് – തീർച്ചയായും കുറച്ചു പ്രമുഖരായ ആചാര്യന്മാർ. അവർ സത്യത്തിൽ പറയുന്നത്, ‘എന്റെ ആത്മപ്രമാണം മാത്രം മതി എനിയ്ക്കു നിങ്ങളെ പഠിപ്പിക്കുവാൻ. ശാസ്ത്ര-ആപ്ത പ്രമാണങ്ങളുടെ അനുമതി ഇതിനു ആവശ്യമില്ല’ എന്നാണ്. ഇത് വളരെ അപകടകരവും നിരുത്തരവാദപരവുമായ കാര്യമാണ്.

സ്വാമി നിത്യാനന്ദ: നിരുത്തരവാദപരം മാത്രമല്ല, വളരെ വളരെ അപകടകരവും കൂടിയാണ്. നോക്കൂ, ചില ആസനങ്ങൾ ഉണ്ട്. അത് മദ്യപാനിയായ ഒരുവ്യക്തി ചെയ്യാൻ പാടില്ല. ഇതുപോലെ നോൺ-വെജിറ്റേറിയന്മാർ ചെയ്യരുതാത്ത ചില പ്രാണയാമങ്ങളും ഉണ്ട്. ഇതെല്ലാം പരിശീലിക്കുന്ന ഗുരു, അദ്ദേഹം ഒരു സ്വാഭാവിക വെജിറ്റേറിയനും മദ്യം ഉപയോഗിക്കാത്ത വ്യക്തിയുമാണ്…

രാജീവ് മഹോത്ര: എന്നാൽ കാര്യകാരണസിദ്ധാന്തം അദ്ദേഹത്തിനു അറിയില്ല?

സ്വാമി നിത്യാനന്ദ: അതെ, അറിയില്ല. ഗുരുവിനു ദിവ്യാനുഭൂതി ലഭിക്കാൻ അതുമൊരു കാരണമാണ്.

രാജീവ് മൽഹോത്ര: ശരി.

സ്വാമി നിത്യാനന്ദ: ഇപ്രകാരം, നമ്മൾ വ്യക്തമായ അടയാളങ്ങൾ വായിക്കുന്നില്ലെങ്കിൽ, ഇത് ഒരു കോമ്പൗണ്ടർ ഡോക്ടറുടെ റോൾ വഹിക്കുന്നത് പോലെയാണ്. ഇന്ത്യൻ ഗ്രാമങ്ങളിൽ എക്കാലത്തും ഇങ്ങിനെ സംഭവിക്കാറുണ്ട്. ഡോക്ടറുടെ കൂടെ നിരവധി വർഷം സഹവസിച്ചിട്ടുള്ളതിനാൽ കോമ്പൗണ്ടർ കരുതും, ‘തലവേദനക്ക് കറുത്ത ടാബ്‌ലറ്റ്, വയറുവേദനയ്ക്കു മഞ്ഞ ടാബ്‌ലറ്റ്, മുട്ടുവേദനക്ക് പച്ച ടാബ്‌ലറ്റ്’. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ടാബ്‌ലറ്റിന്റെ നിറം മാറ്റാത്തിടത്തോളം കാര്യങ്ങളെല്ലാം ഒകെ ആണ്.

രാജീവ് മൽഹോത്ര: അതെ. അതെ.

സ്വാമി നിത്യാനന്ദ: പക്ഷേ കമ്പനികൾ നിറം മാറ്റിയാൽ എന്തു സംഭവിക്കും? ശാസ്ത്ര-ആപ്ത പ്രമാണങ്ങൾക്കു നാം അധികാരികത നൽകാത്തപ്പോഴൊക്കെ നാം നിരുത്തരവാദപരമായി പെരുമാറുകയാണ്. അത് അപകടകരമാണ്, പ്രത്യേകിച്ചും അനുയായികൾക്കും മോക്ഷാർത്ഥികൾക്കും.

രാജീവ് മൽഹോത്ര: വളരെ ശരി.

സ്വാമി നിത്യാനന്ദ: ഞാൻ എല്ലായ്പ്പോഴും അനുയായികളേയും മോക്ഷാർത്ഥികളേയും ഓർമിപ്പിക്കാറുണ്ട്. ‘നിങ്ങൾ ഒരു വാസ്തുവിദഗ്ദനെയോ, ജ്യോത്സ്യനെയോ, യോഗാഗുരുവിനെയോ സന്ദർശിക്കാൻ പോകുന്നെങ്കിൽ അദ്ദേഹത്തിനു അത് പഠിപ്പിക്കാനുള്ള അധികാരം ഉണ്ടെന്നു ഉറപ്പാക്കണം’. യഥാർത്ഥ ശാസ്ത്ര-ആപ്ത പ്രമാണങ്ങളുമായി അവരുടെ അനുഭവങ്ങളും അറിവുകളും പൊരുത്തപ്പെടുന്നുണ്ടെങ്കിൽ മാത്രമേ അവർക്കു പഠിപ്പിക്കാനുള്ള അധികാരം സിദ്ധിക്കൂ.

രാജീവ് മൽഹോത്ര: ഞാൻ വളരെ സന്തോഷിക്കാൻ കാരണം ഇതാണ്. നമ്മൾ സംഭാഷണത്തിൽ ഏർപ്പെടുന്ന എല്ലാതവണയും താങ്കൾ പറയും, ‘ഞാൻ ഇതിന്റെ ശരിയായ ഉറവിടം കാണിച്ചുതരാം. നിങ്ങൾ ഇത് ഒരു പുസ്തകത്തിൽ ഉൾക്കൊള്ളിച്ചു പബ്ലിഷ് ചെയ്ത് എല്ലാവർക്കും വിതരണം ചെയ്യണം’ എന്ന്.

സ്വാമി നിത്യാനന്ദ: ഇപ്പോൾ തന്നെ കുറച്ചധികം പ്രമുഖകാര്യങ്ങൾ നാം പബ്ലിഷ് ചെയ്തുകഴിഞ്ഞു. ബാക്കിയുള്ളവ തയ്യാറാണ്, അടുത്തു തന്നെ അവ പ്രിന്റ് ചെയ്ത് വിതരണത്തിനു തയ്യാറാകും. ഈ ആശ്രമത്തിൽ വച്ച് നിങ്ങൾ കഴിക്കുന്ന ഭക്ഷണം, ധരിക്കുന്ന വസ്ത്രം, നൽകപ്പെട്ടിരിക്കുന്ന ആഭരണങ്ങൾ., എന്നിവ മുതൽ മണ്ഢലയിലുള്ള ഇരിപ്പ്, ഭസ്മമോ കുങ്കുമമോ തൊടുന്നത്, നടത്തുന്ന പൂജകൾ, ഞാൻ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ, അങ്ങിനെയുള്ള എല്ലാത്തിനും  ശാസ്ത്ര-ആപ്ത-ആത്മ പ്രമാണങ്ങൾ നൽകാൻ എനിക്കു കഴിയും. താങ്കൾക്കു വേണ്ടി ഒരു സാക്ഷിപ്രമാണം ഉണ്ടാക്കാനും എനിക്കു പറ്റും.

രാജീവ് മൽഹോത്ര: അത് വളരെ പ്രധാനമാണ്.

സ്വാമി നിത്യാനന്ദ: എന്റെ നിലപാട് വളരെ വ്യക്തമാണ്. ഒരുകാര്യം കൂടി സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നിൽ കുറേ ആത്മപ്രമാണങ്ങൾ ഉണ്ട്. എന്നാൽ ശാസ്ത്ര-ആപ്ത പ്രമാണങ്ങളുടെ പിൻബലമില്ലാത്തതിനാൽ അവ വെളിപ്പെടുത്താൻ ഞാൻ തയ്യാറല്ല. ഞാനവ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. അ‌മ്ലവിശുദ്ധി തെളിയിച്ചവ മാത്രം ആദ്യം ഞാൻ പഠിപ്പിക്കുന്നു…

രാജീവ് മൽഹോത്ര: ശരി.

സ്വാമി നിത്യാനന്ദ: ശാസ്ത്ര-ആപ്ത പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തിയവ മാത്രം ഇപ്പോൾ ലോകത്തിനു മുന്നിൽ സമർപ്പിക്കുന്നു. അവ സാക്ഷിപ്രമാണമായി മാറട്ടെ.

രാജീവ് മൽഹോത്ര: അപ്പോൾ, പ്രമാണങ്ങളിലൂടെ അരിച്ചെടുത്ത അനുഭവങ്ങൾ മാത്രം താങ്കൾ പഠിപ്പിക്കുന്നു.

സ്വാമി നിത്യാനന്ദ: അതെ. അ‌മ്ലവിശുദ്ധിയുള്ളവ മാത്രം.

രാജീവ് മൽഹോത്ര: അതെ. അ‌മ്ലവിശുദ്ധി.

സ്വാമി നിത്യാനന്ദ: ആ പദം ഞാൻ ഉപയോഗിച്ചേ തീരൂ. അതാണ് ഉചിതമായ വാക്ക്.

രാജീവ് മൽഹോത്ര: വളരെ കഠിനം.

സ്വാമി നിത്യാനന്ദ: ശാസ്ത്ര-ആപ്ത പ്രമാണങ്ങളാൽ അ‌മ്ലവിശുദ്ധി തെളിയിക്കപ്പെട്ടവ.

രാജീവ് മൽഹോത്ര: അതെ.

സ്വാമി നിത്യാനന്ദ: രണ്ടു പ്രമാണങ്ങളുടേയും പരിശോധനക്ക് അനുഭവങ്ങൾ വിധേയമാകണം. എങ്കിൽ മാത്രമേ ലോകവുമായി പങ്കുവയ്ക്കാൻ അവ ഉതകുകയുള്ളൂ. ഇതാണ് അപകടരഹിതമായ ഒരേയൊരു വഴിയെന്നു എനിക്ക് നിങ്ങളോടു ഉറപ്പിച്ചു പറയാനാകും.Categories: Malayalam Articles

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: