ഭാരതീയതയുടെ ഗരിമ

പലവക

ഭാരതീയ ഗരിമ എന്നതുകൊണ്ടു അർത്ഥമാക്കുന്നതെന്ത്, വിവിധ പ്രവർത്തനമേഖലകളിൽ പടർന്നു കിടക്കുന്ന അതിന്റെ വിന്യാസം എപ്രകാരമാണ്., എന്നിവയെപ്പറ്റി വിശദമായ അവലോകനം അവശ്യമാണ്. ഇക്കാര്യത്തിൽ അമേരിക്കൻ വാസത്തിനിടയിൽ ലഭിച്ച അനുഭവപരിചയം എനിക്കു സഹായകരമാണ്. അവിടെ നിലവിലുള്ള ‘അമേരിക്കൽ ഗരിമ’ (American Exceptionalism) എന്ന ആശയം മനസ്സിലാക്കിയപ്പോൾ, മറ്റു ലോകരാജ്യങ്ങളിൽ ഇതിനോടു കിടപിടിക്കുന്ന പാരമ്പര്യങ്ങളുള്ള കാര്യം ഞാൻ കണ്ടുപിടിച്ചു. ഈ ഗഹനമായ അധ്യയനം, ഭാരതീയ ഗരിമ (Bharathiya Exceptionalism) യുക്തിപരമായി വിശേഷിപ്പിക്കുന്നത് എന്താണെന്ന ചോദ്യത്തിലേക്കു എന്നെ എത്തിച്ചു.

അമേരിക്കൻ ഗരിമ:-

അമേരിക്കർ ജനത അവർ വളരെ ഗരിമയുള്ളവരും മികച്ചവരുമാണെന്നു സ്വയം കരുതുന്നു. ഈ മനോഭാവത്തിന്റെ ഭാഗമായി ഒരു പൊതുബോധം അവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കായികരംഗം മുതൽ ശാസ്ത്രമേഖല വരെയുള്ള രംഗങ്ങളിൽ ഇത് അന്തർലീനമാണ്. പൗരന്മാരിൽ ബാല്യം മുതൽഈ ബോധം വളർത്തിയെടുക്കാൻ അവർ ശ്രദ്ധിയ്ക്കുന്നു. അമേരിക്കൻസമൂഹത്തിലെ ചില വ്യക്തികൾ ശ്രേഷ്ഠരാണെന്ന ചിന്താഗതിയല്ല അമേരിക്കൻ ഗരിമാ സിദ്ധാന്തം. മറിച്ച് അവർ രൂപംകൊടുത്ത വ്യവസ്ഥിതി, മികച്ചവരെ മാത്രമേ വാർത്തെടുക്കുകയുള്ളു എന്ന ചിന്താഗതിയാണത്. ഭാരതത്തിലുള്ള ചിലരെ ശ്രേഷ്ഠരായി കണ്ട് നാം പ്രശംസകൊണ്ട് മൂടുമ്പോൾ, അമേരിക്കൽ ഗരിമാ സിദ്ധാന്തം വ്യക്തികളേക്കാൾ ഉപരി, അമേരിക്കൻ വ്യവസ്ഥിതിയെയാണ് പ്രകീർത്തിക്കുന്നത്. അവർ വ്യവസ്ഥിതിയെ സംസ്കാരവുമായി തുലനപ്പെടുത്തി, അമേരിക്കൻ സംസ്കാരമാണ് ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുന്നു. ഇടതെന്നോ വലതെന്നൊ ഭേദമില്ലാതെ, അമേരിക്കൻ രാഷ്ട്രീയ രംഗത്തുള്ളവരെല്ലാം അമേരിക്കൻഗരിമ ഉണ്ടെന്നു അംഗീകരിക്കുന്നു. ഇതിനു ഇരുകൂട്ടരും പറയുന്ന കാരണം വ്യത്യസ്തമാണ്.

ക്രിസ്ത്യൻ വലതുപക്ഷം ബൈബിൾ മൂലമാണ് ഗരിമ സാധ്യമായതെന്ന് അവകാശപ്പെടുന്നു. അമേരിക്കൻ ജനതയാണ് ദൈവം തിരഞ്ഞെടുത്ത ജനസമൂഹമെന്നും, അമേരിക്കയാണ് വാഗ്ദത്തഭൂമിയെന്നും ഇക്കൂട്ടർ കരുതുന്നു.യേശുക്രിസ്തുവിന്റെ‘മലമുകളിലെ നഗരം’എന്നൊരു പ്രധാന പ്രസ്താവനയുണ്ട്. മുഴുവൻ ലോകത്തിനും വേണ്ടി നിലകൊള്ളുന്ന മാതൃകാനഗരമാണ് ഇത്. (ഭാരതമാണ് മറ്റുരാജ്യങ്ങൾക്കു സാംസ്കാരികമായി വഴികാട്ടേണ്ടതെന്നുള്ള ചില ഭാരതീയരുടെ ചിന്താഗതിയോടു ഇതിനു സാമ്യമുണ്ട്). യൂറോപ്യർ അമേരിക്കയിലേക്കു അധിനിവേശം ചെയ്തുകൊണ്ടിരുന്ന കാലത്ത്, അവർ അവിടെ പ്രകാശങ്ങൾ കണ്ടു. അതോടെ തങ്ങൾ എത്തിയിരിക്കുന്നത് ‘മലമുകളിലെ നഗരത്തിൽ’ ആണെന്നും, ബൈബിളിൽ വാഗ്ദാനം ചെയ്തിരിക്കുന്ന ഭൂമിക അമേരിക്കയാണെന്നും അവർ കരുതി. വലതുപക്ഷക്കാരുടെ അമേരിക്കൻ ഗരിമയെന്ന ആശയം, അമേരിക്കയാണ് ‘മലമുകളിലെ നഗരം’ എന്ന ബൈബിൾ വാക്യത്തിൽ അധിഷ്ഠിതമാണ്. ഏദൻ തോട്ടത്തെപ്പോലെ മറ്റൊരു ശാദ്വലഭൂമിക. ഇവയെല്ലാം പൂർണമായും ബൈബിൾ പരിപ്രേക്ഷ്യപ്രകാരം ഉള്ളതാണ്.

ഇടതുപക്ഷക്കാർ അമേരിക്കൻ ഗരിമയെന്ന ആശയത്തെ അംഗീകരിക്കാൻ ബൈബിൾ രൂപകങ്ങൾ ഉപയോഗിക്കുന്നില്ല. പകരം ശാസ്ത്രം, സാങ്കേതികരംഗം, സ്വാതന്ത്ര്യം, മൂല്യാധിഷ്ഠിതമായ മറ്റു കാര്യങ്ങൾ., എന്നീ രംഗങ്ങളിൽ അമേരിക്കയ്ക്കുള്ള മേധാവിത്വത്തെ അവർ ചൂണ്ടിക്കാണിക്കുന്നു. ഇപ്രകാരം, വ്യത്യസ്ത കാരണത്താലാണെങ്കിലും, അമേരിക്കയിലെ ഇടതു-വലതുപക്ഷക്കാർ ഒരുമിച്ച് പിന്തുണയ്ക്കുന്ന ഒരു വാദഗതിയാണ് അമേരിക്കൻ ഗരിമയെന്നു നമുക്ക് കാണാം.

വിവിധ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം പുലർത്തിക്കൊണ്ട്, അതിന്മേൽ വാദിക്കുന്ന ധാരാളം ജനങ്ങൾ ഭാരതത്തിലുണ്ട്. മിക്ക കാര്യത്തിലും അവർക്കു അവരുടേതായ അഭിപ്രായവും ഉണ്ട്. എന്നാൽ ഭാരതീയ ഗരിമ എന്ന വിഷയതിൽ ഇവർക്കു അറിവുകൾ ഉണ്ടോ? ഒരുപക്ഷേ ഭാരതീയ ഗരിമ എന്ന ആശയത്തെ നിർവചിച്ച്, ചർച്ച ചെയ്യേണ്ടതുണ്ടായിരിക്കാം. അമേരിക്കയിലെ പോലെ, വിവിധ രാഷ്ട്രീയ ആദർശങ്ങൾ പുലർത്തുന്നവർ ഇതിൽ വിശ്വസിക്കുകയും വേണം. രാജ്യത്തെ ജനങ്ങളെ മുഴുവൻ ഏകീകരിപ്പിക്കുന്ന വിഷയമാണിത്. രാജ്യത്തെ എല്ലാ വിദ്യാർത്ഥികളും ഭാരതീയ ഗരിമയെ പറ്റി പഠിച്ചിരിക്കണം. ബിസിനസ് ചെയ്യുന്നവർ ഇത് അറിഞ്ഞിരിക്കണം. നയതന്ത്രജ്ഞർ ഈ ആശയം ചർച്ചകളിൽമുന്നോട്ടുവയ്ക്കണം. രാഷ്ട്രീയക്കാർഇത്ജനങ്ങൾക്കിടയിലേക്കു എത്തിക്കണം. പരേഡുകൾ, ബൃഹത്തായ മ്യൂസിയങ്ങൾ, അമേരിക്കൻ പതാക, തുടങ്ങിയ കുറേ പ്രതീകങ്ങളിലൂടെയാണ് അമേരിക്കൻ ഗരിമ പ്രചരിക്കുന്നത്.

അമേരിക്കൻ പതാകയുടെ സ്ഥാനം ദൈവത്തിനു സമമാണ്. പതാക മടക്കുന്നതിനും വഹിക്കുന്നതിനും വിശദമായ ചടങ്ങുകളുണ്ട്. അമേരിക്കൻദേശീയഗാനത്തിനും ഇതേ ആദരവ് ലഭിക്കുന്നു. ഭാരതത്തിൽ ഇത്തരത്തിലുള്ള ദേശീയപ്രതീകങ്ങൾ പലപ്പോഴും അവമതിക്കപ്പെടുന്നത് നിർഭാഗ്യകരമാണ്. അതിൽ പ്രശ്നമില്ലെന്നും അവമതിക്കുന്നത് പൗരന്റെ അവകാശത്തിന്റെ പരിധിയിൽ വരുമെന്നും അവമതിക്കുന്നവർ കരുതുന്നു. എന്നാൽ അമേരിക്കയിലെ എല്ലാ പൗരന്മാരും ദേശീയസംജ്ഞകളെ അവരുടെ കടമയായി കരുതി ബഹുമാനിക്കുന്നു. അമേരിക്കൻ ഗരിമയുടെ ചില പ്രത്യേകവശങ്ങൾ, ഒരു ശരാശരി ഭാരതീയനു ഇക്കാലത്തു വിചിത്രമായി തോന്നാം. ഉദാഹരണമായി, തോക്ക് കൊണ്ടുനടക്കുന്നതിൽ അവർ കാണിക്കുന്ന അഭിമാനം. ഇത് അമേരിക്കൻ ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. അവരുടെ രാഷ്ട്രപിതാക്കന്മാർ തോക്ക് കൈവശം വച്ചവരായിരുന്നു. ഈവിധമുള്ള കുറേ കാര്യങ്ങൾ അമേരിക്കൻ ഗരിമയെന്ന മിത്തിന്റെ ഭാഗമായി, ആ രാജ്യത്തിന്റേയും സംസ്കാരത്തിന്റേയും സ്വത്വമായിട്ടുണ്ട്. ഇവയിൽ പലതും യുക്തിപരമല്ല, മറിച്ച് പൊതുവായ അമേരിക്കൻ സാംസ്കാരിക മിത്തിന്റെ ഭാഗമാണ്.

ഗരിമാ സിദ്ധാന്തമുള്ള മറ്റു രാജ്യങ്ങളും സംസ്കാരങ്ങളും:-

അമേരിക്കയിലേതു പോലുള്ള ഗരിമാ സിദ്ധാന്തം മറ്റു രാജ്യങ്ങളിലും സംസ്കാരങ്ങളിലും ഉണ്ട്. ജാപ്പാനീസ്, കൊറിയൻ, ചൈനീസ് തുടങ്ങിയ സംസ്കാരങ്ങൾക്കും ഇത്തരത്തിലുള്ള പൊതുമിത്തുകൾ ഉണ്ട്. അവർ ആ പരിപ്രേക്ഷ്യം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ലോകത്തെമ്പാടുമുള്ള ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴി ചൈന ചൈനീസ് പരിപ്രേക്ഷ്യം പ്രചരിപ്പിക്കുന്നുണ്ട്. പാശ്ചാത്യവൽക്കരണം നടത്താതെ ആധുനികവൽക്കരണം നടത്തുകയാണെന്ന് ചൈന പ്രത്യേകം എടുത്തു പറയുന്നു. അവർ ഇതിനു മാതൃകയാക്കിയിരിക്കുന്നത് പൗരാണിക ചൈനീസ് ചിന്തകനായ കൺഫ്യൂഷ്യസിനെയാണ്. ചൈനീസ് ആധുനികത എന്നത് കൺഫ്യൂഷ്യൻ ആധുനികതയാണ്. സ്വന്തമായി നിർമിച്ച ഇത്തരം ഗരിമ പരിപ്രേക്ഷ്യത്തിലൂടെയാണ് അമേരിക്ക, ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാഷ്ട്രങ്ങൾ അവരേയും മറ്റു ലോകരാഷ്ട്രങ്ങളേയും വിലയിരുത്തുന്നത്. അമേരിക്കക്കാർ ഭാരതത്തെ വിലയിരുത്തുമ്പോൾ, അവരത് നിർവഹിക്കുന്നത് അവരുടെ ഗരിമാസിദ്ധാന്തത്തിന്റെ ലെൻസിലൂടെയാണ്.ഇത്തരത്തിലുള്ള ഇന്ത്യാപഠനങ്ങളുടെ സമാഹാരം അതിബൃഹത്താണ്. ‘ദക്ഷിണേഷ്യൻ പഠനങ്ങൾ (South Asian Studies)’ എന്ന വിഭാഗത്തിൽഇവയെല്ലാം സജീകരിച്ചിരിക്കുന്നു. യൂറോപ്പിൽ ഉപയോഗിക്കുന്ന ‘ഇൻഡോളജി’ പദത്തിന്റെ അമേരിക്കൻ പതിപ്പാണ് ‘സൗത്ത് ഏഷ്യൻ സ്റ്റഡീസ്’.

ഗരിമാസിദ്ധാന്തം എന്ന ലെൻസ്:-

കൃസ്ത്യൻ സഭയും, ഫോർഡ് ഫൗണ്ടേഷനെ പോലുള്ള സ്ഥാപനങ്ങളും ഭാരതത്തെ കുറിച്ച് എപ്പോഴും പഠനം നടത്തുന്നുണ്ട്.ഭാരതത്തിലുള്ള എൻജിഒ-കളെ മാത്രമല്ല, ‘തിങ്ക് ടാങ്ക്’ (Think Tank)എന്നു മീഡിയകൾ വഴി കൊട്ടിഘോഷിക്കപ്പെടുന്ന അവരുടെ ഇന്ത്യൻ ദല്ലാളുമാരേയും അവർ ധനം നൽകി സഹായിക്കുന്നു. അമേരിക്കൻ ഗരിമയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന,പരിണതപ്രജ്ഞരായ നിരവധി വ്യക്തികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങി, ഗരിമാസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ അവർ ഇന്ത്യയെക്കുറിച്ച് പഠിക്കുന്നു. ഇതേ രീതി നമുക്ക് തിരിച്ചു പ്രയോഗിക്കണമെങ്കിൽ, നമ്മുടേതായ പൂർവ്വപക്ഷ രീതിയിൽ ചൈനയേയോ അമേരിക്കയേയോ പറ്റി ഒരു വിശകലനം നടത്തണമെങ്കിൽ, നാം ആദ്യം തന്നെ നമ്മുടെ വീക്ഷണവും നയപരമായ നിലപാടും എന്താകണമെന്നു തീരുമാനിക്കണം. ഈ നിലപാടുകളിന്മേലാണ് നമുക്ക് നമ്മുടെ പൂർവ്വപക്ഷം രചിക്കാനാകൂ.

പൗരാണിക ഭാരതത്തിലെ ‘പൂർവ്വപക്ഷം’ പോലുള്ള യുക്തിപൂർവ്വമായ പരിശോധനാരീതികൾ, അമേരിക്കൻ ഗരിമ എന്ന സിദ്ധാന്തം പോലെ, നമ്മുടെ വിലയിരുത്തലിന്റെ ലെൻസുകളായി വർത്തിക്കണം. മുൻകാലങ്ങളിൽ ഭാരതീയ പരിപ്രേക്ഷ്യം രാമായണത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു.എല്ലാ ജനങ്ങളും പങ്കെടുത്തു കൊണ്ടുള്ള രാംലീല ആഘോഷങ്ങൾ ഗ്രാമങ്ങളിൽ പതിവായിരുന്നു. പരസ്പര ഐക്യം ഊട്ടിയുറപ്പിക്കപ്പെടുന്ന ഇത്തരം പരിപാടികളിൽ ഒരു വ്യക്തിക്കു സ്വന്തം വീക്ഷണത്തിനനുസരിച്ചുള്ള രാമായണം അവതരിപ്പിക്കാൻ കഴിയും.ജനങ്ങളുടെ വ്യക്തിപരമായ പങ്കാളിത്തത്തിനു കാരണംഇതൊരു സാമൂഹ്യപരിപാടി ആയതുകൊണ്ടാണ്.എന്നാൽ ടെലിവിഷന്റെ കടന്നുവരവോടെ വിവിധ ജനസമൂഹങ്ങളിലെ വ്യക്തികൾ തമ്മിലുള്ള ഇടപഴകലുകൾ കുറഞ്ഞു. ടെലിവിഷനിൽ ആരെങ്കിലും അവതരിപ്പിക്കുന്ന പ്രദർശനം മാത്രമായി മാറി കലാപരിപാടികൾ. രാമായണത്തിലുള്ള താല്പര്യം കുറയാൻ ഇത് കാരണമായിട്ടുണ്ട്.

പണ്ഢിതരെ പോലും കുഴപ്പിക്കുന്ന സ്വത്വസംബന്ധിയായ ചോദ്യങ്ങൾ:-

പണ്ഢിതർക്കു പോലും ഭാരതീയസ്വത്വം എന്ന ആശയത്തിൽ വ്യക്തതയില്ല. അവർക്കു അത്തരമൊരു ആശയം ഏറ്റെടുക്കാൻ താല്പര്യമില്ല. കാര്യങ്ങൾ കൂടുതൽ വ്യക്തമായി ചിത്രീകരിക്കാൻ ഞാൻ ഒരു ഉദാഹരണം പറയാം. 45 വർഷമായി ഞാൻ ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കാറുണ്ട്. ഒരിക്കൽ അത്തരമൊരു സന്ദർശനത്തിൽ ആശിഷ് നന്ദിയുമായി കൂടിക്കാണാൻ ഇടവരികയും, ഞാൻ ആശിഷിനോടു അദ്ദേഹത്തിന്റെ സ്വത്വത്തെ പറ്റി അന്വേഷിക്കുകയും ചെയ്തു. ആശിഷ് നന്ദി അദ്ദേഹം ആദ്യമായി ഒരു ബംഗാളിയാണെന്ന് പറഞ്ഞു. അതിനുശേഷം കൃസ്ത്യൻ. പിന്നെ ഒരു പണ്ഢിതൻ. സ്വത്വത്തെ കുറിച്ചുള്ള മറുപടിയിൽ അദ്ദേഹം ഭാരതീയ സ്വത്വത്തെ പറ്റി പരാമർശിച്ചേയില്ല. ചർച്ച പിന്നേയും മുന്നേറിയപ്പോൾ, ഭാരതീയ സ്വത്വം ജനങ്ങൾക്കു മേൽ ചില ഷോവനിസ്റ്റുകൾ അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തുടർന്ന്, അമേരിക്കൻ-ചൈനീസ് പരിപ്രേക്ഷ്യങ്ങൾക്കു സമാനമായി ഒരുഭാരതീയ പരിപ്രേക്ഷ്യം എന്തായിരിക്കണമെന്നും, ഇന്ത്യ എന്തുകൊണ്ട് ഒരു രാഷ്ട്രമായി ഉറച്ചുനിലകൊള്ളണമെന്നും, നാനാവിധ വൈവിധ്യങ്ങൾക്കിടയിലും ചരിത്രത്തിലുടനീളം എന്തുകൊണ്ട് ഇന്ത്യ ഒരൊറ്റ രാഷ്ട്രമായി നിലകൊണ്ടുവെന്നും ഞാൻ ചോദിച്ചു. ഈ ചോദ്യങ്ങളുടെ മറുപടിയൊന്നും അറിയില്ലെന്നു തുറന്ന് സമ്മതിക്കാനുള്ള സത്യസന്ധത ആശിഷ് നന്ദിയ്ക്കു ഉണ്ടായിരുന്നു.

ഈ വിഷയത്തിൽ, മുൻ യുപിഎ ഗവണ്മെന്റിനു കീഴിലുണ്ടായിരുന്ന ദേശീയോദ്‌ഗ്രഥന സമിതിയുടെ തലവനായ ജോൺ ദയാലിനെ പോലുള്ള മറ്റു ചിലരുടെ അഭിപ്രായംരാജ്യത്തിനു ദേശീയഐക്യത്തിനു ചേർന്നതായിരുന്നില്ല.

ഇന്ത്യൻ ഫോറിൻ സർവീസ് ട്രെയിനികൾക്കു പോലും ‘ബ്രാൻഡ് ഇന്ത്യയെ പറ്റിഅവബോധമില്ല

‘ബ്രാൻഡ് ഇന്ത്യ’ എന്നതുകൊണ്ട് എന്താണ് ശരിക്കും അർത്ഥമാക്കുന്നത്? ഈ ചോദ്യത്തിലേക്കാണ് നാം സ്വാഭാവികമായും എത്തുക. ഒരു ഉദാഹരണം വഴി ഞാനിക്കാര്യം വിശദീകരിക്കാം. കുറച്ചുനാൾ മുമ്പ് വിദേശമന്ത്രാലത്തിനു കീഴിലുള്ള ഫോറിൻ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രഭാഷണം നടത്താനുള്ള ക്ഷണം എനിക്കു ലഭിച്ചു. അവിടെ വച്ച്, ഭാവിയിൽ വിദേശ നയതന്ത്രജ്ഞരാകാൻ പോകുന്ന യുവാക്കളായ വിദ്യാർത്ഥികളോടു ഞാൻ സംവദിച്ചു. ഇന്ത്യ എന്ന ബ്രാൻഡുംഅതിന്റെ പ്രതിനിധികളായ IFS ഉദ്യോഗസ്ഥരും, ഭാരതീയമായ പരിപ്രേക്ഷ്യവും അതിന്റെ സവിശേഷതകളും., എന്നിങ്ങനെയുള്ള കാര്യങ്ങൾ ഞാൻ വിശദമാക്കി. ഗണിതം, സയൻസ്, ദർശനം, യോഗ., തുടങ്ങിയവ ഭാരതത്തിൽ നിന്ന് എങ്ങിനെയാണ് മറ്റു രാജ്യങ്ങളിലേക്കു പ്രചരിച്ചതെന്നും പറഞ്ഞു. പ്രഭാഷണത്തിനു ശേഷം ചോദ്യോത്തര വേള ഉണ്ടായിരുന്നു. അതിൽ സദസ്സിലുള്ളവർ രണ്ടായി ചേരിതിരിഞ്ഞു. ആദ്യത്തെ വിഭാഗം ഭാരതീയ ഗരിമയിലും പരിപ്രേക്ഷ്യത്തിലും അഭിമാനിക്കുന്നതായി സൂചിപ്പിച്ചു. ഇത്തരം കാര്യങ്ങൾ സ്കൂളുകളിലോ, ഇന്ത്യൻ ഫോറിൻ ഇൻസ്റ്റിറ്റ്യൂട്ടിലോ പഠിച്ചിട്ടില്ലെന്നും, അതിനാൽ കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ടെന്നും അവർ എന്നോടു പറഞ്ഞു.

രണ്ടാമത്തെ വിഭാഗം രോഷാകുലരായിരുന്നു. വടക്കു-കിഴക്കൻ സംസ്ഥാനത്തിൽ നിന്നുള്ള അവരിലൊരാൾ ഭാരതീയ പരിപ്രേക്ഷ്യത്തിൽ വിശ്വസിക്കുന്നില്ലെന്നു തുറന്നു പറഞ്ഞു. ദളിത് വിഭാഗത്തിൽനിന്നുള്ള മറ്റൊരു വിദ്യാർത്ഥി അദ്ദേഹം ജീവിതത്തിൽ ഉടനീളം അടിച്ചമർത്തപ്പെട്ടിട്ടുണ്ടെന്നു സൂചിപ്പിച്ചു.

ഈ സ്ഥിതി ആശങ്കാകുലമാണ്. കാരണം ഈ വിദ്യാർത്ഥികളാണ് ഭാവിയിൽ വിദേശരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. പക്ഷേ,ഇന്ത്യയുടെ ബ്രാൻഡ് മാനേജർമാരും അംബാസഡർമാരും ആകേണ്ട ഇവരാകട്ടെ, അവർ പ്രതിനിധീകരിക്കുന്ന ഇന്ത്യയെന്ന ഉല്പന്നത്തിൽ വിശ്വസിക്കുന്നുമില്ല. ഒരു കമ്പനിയുടെ മാർക്കറ്റിങ് വൈസ് പ്രസിഡന്റ്, ആ കമ്പനിയുടെ സ്വന്തം ഉല്പന്നത്തിൽ വിശ്വസിക്കുന്നില്ല എന്നതുപോലെ,ഈ നിലപാട് അയുക്തിപരമാണ്. ദേശസ്നേഹ മാനദണ്ഢമോ, ഭാരതീയ സംസ്കാരത്തെ ബഹുമാനിക്കുന്നതോ അടിസ്ഥാനമാക്കാത്ത IFS തിരഞ്ഞെടുപ്പ് രീതി വളരെ വിചിത്രമെന്നേ പറയാനാകൂ. ഏതാനും പരീക്ഷകളിൽ വിജയം നേടി ഉദ്യോഗം കരസ്ഥമാക്കുന്ന അവസ്ഥ. ഉദ്യോഗാർത്ഥികളിലെ പ്രത്യയശാസ്ത്ര ആഭിമുഖ്യം മനസ്സിലാക്കി, അവരെ തിരഞെടുക്കുന്ന രീതി അനുവർത്തിക്കേണ്ടത് വളരെ അവശ്യമാണ്. നിലവിൽ അത്തരമൊരു സമ്പ്രദായം ഇല്ലെന്നത് വളരെ അമ്പരപ്പിക്കുന്നതാണ്.

തെറ്റായ പരിപ്രേക്ഷ്യങ്ങളെ വിലയിരുത്തി നിരസിക്കേണ്ടതിന്റെ ആവശ്യകത:-

ഭാരതീയ പരിപ്രേക്ഷ്യത്തെ മനസ്സിലാക്കുന്നതിനു മുമ്പ്, ഇക്കാലത്ത്വളരെ പ്രചാരത്തിലുള്ള എതിർ-പരിപ്രേക്ഷ്യങ്ങളെ ഭഞ്ജിക്കേണ്ടതുണ്ട്. അവയെ വാദത്തിലൂടെ തോൽപ്പിച്ച് ഇല്ലാതാക്കുകയാണ് വേണ്ടത്. ഫലമൂലാദികൾ നൽകുന്ന ഒരു ചെടി നടുന്നെങ്കിൽ, നാം ആദ്യം കളകളും കീടങ്ങളും ഇല്ലായ്മ ചെയ്യണം. ഇത് ഭഞ്ജനക്രിയയാണ്. ഫലമൂലാദികൾ നൽകുന്ന ചെടി നടുന്നത് നിർമാണക്രിയയും. നമുക്ക് ഭഞ്ജന-നിർമാണ വിചാരങ്ങളുടെ സമന്വയമാണ് ആവശ്യം; പോസിറ്റീവായ കാര്യങ്ങളെ കുറിച്ചുള്ള സംസാരം മാത്രം പോര. എതിർ-പരിപ്രേക്ഷ്യങ്ങളെ ഭഞ്ജിച്ചില്ലെങ്കിൽ പോസിറ്റീവ് ഘടകങ്ങൾ ക്രമേണ നാശോന്മുഖമാകും.

ഇന്ത്യയുടെ ബൗദ്ധികരംഗത്ത് ഇടതുപക്ഷം വളരെ ശക്തമാണ്. ഞാൻ പടിഞ്ഞാറൻ ചിന്തകളെ അപഗ്രഥിച്ച് പൂർവ്വപക്ഷം ചെയ്തിട്ടുണ്ട്. ഇടതുപക്ഷ ആശയത്തേയും അപഗ്രഥിച്ചിട്ടുണ്ട്. ‘ബ്രേക്കിങ് ഇന്ത്യ’ എന്ന പുസ്തകത്തിൽ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെപ്പറ്റിഞാൻ വിശദമാക്കി. ആ ഗ്രന്ഥത്തിൽ വൈദേശിക ക്ഷുദ്രശക്തികൾ, ഫൗണ്ടേഷനുകൾ, ബുദ്ധിജീവികൾ, വിവിധ രാജ്യങ്ങളിലെ മതസ്ഥാപനങ്ങൾ എന്നിവയും ഇന്ത്യയിലെ ഇടത് ബുദ്ധിജീവികളും തമ്മിലുള്ള കൂട്ടുകെട്ട് തുറന്നു കാണിച്ചിട്ടുണ്ട്. ധാരാളം ഇന്ത്യക്കാർ അത്തരം വിദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്, അവരുടെ ശിപായിമാരായി മാറി. ഈ ശിപായിമാർ പണത്തിനു വേണ്ടി ജോലിചെയ്യുന്നു. ഇവരിൽ ചിലർ അവരെ ഫണ്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെ ആശയവുമായി യോജിക്കുന്നുണ്ട്. പക്ഷേ ഇന്ത്യയെ വിഘടിപ്പിക്കണമെന്ന കാര്യത്തിൽ എല്ലാകൂട്ടരും ഒരേ മനസ്സുള്ളവരാണ്.

അമേരിക്കയിൽ വച്ചുനടക്കുന്ന സംവാദങ്ങളിൽ, ഞാൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നെന്നോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു ആശയം ഇന്ത്യൻ അല്ലെന്നോ പറയുമ്പോൾ, ചില വ്യക്തികൾ നാലുപാടും നിന്ന് ചോദ്യശരങ്ങൾ എറിയാറുണ്ട് – ആരുടെ ഇന്ത്യ? ദളിതുകളുടെ ഇന്ത്യയാണോ? മുസ്ലിങ്ങളുടെ അതോ ബ്രാഹ്മണരുടെ ഇന്ത്യ? സ്ത്രീകൾ കൊല്ലപ്പെടുന്ന ഇന്ത്യയാണോ?.. എന്നിങ്ങനെയുള്ള ചോദ്യങ്ങൾ. ഇന്ത്യയെ വിഘടിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ അവർ ദൃഢചിത്തരാണ്. ‘ഇന്ത്യ’ എന്നൊരു ഏകീകൃത ആശയമുണ്ടെന്ന് അവർ സമ്മതിക്കില്ല. അവർ ഇതിനു പ്രയോഗിക്കുന്ന പദമാണ് ‘ഉപദേശീയത’. ബൃഹത്തായ, ഐക്യമുള്ള ഒരു ദേശീയതയേയും സ്വത്വത്തേയും ഉപദേശീയതാ സിദ്ധാന്തം നിരസിക്കുന്നു. പകരം അനേകം ചെറുരാജ്യങ്ങളേയും അവയുടെ ഒരുമയില്ലാത്ത, ഛിന്നമായ സ്വത്വ-ദേശീയതകളേയും ഉയർത്തിപ്പിടിക്കുന്നു. ചെറുരാജ്യങ്ങളുടെ ദേശീയതക്കു മേൽ ഒരു മാതൃദേശീയത പ്രതിഷ്ഠിക്കുന്നതിൽ അവർ നമ്മെ കുറ്റപ്പെടുത്തും. കീഴാളപഠനങ്ങൾ എന്നറിയപ്പെടുന്ന ഇത്തരം പഠനങ്ങൾ ഭാരതീയ പരിപ്രേക്ഷ്യത്തെ വിഭജിച്ചു നശിപ്പിക്കാനുള്ള ശ്രമമാണ്.

ഇന്ത്യൻ ചരിത്രം വളച്ചൊടിക്കുന്നു:

ഭാരതത്തിൽനടന്ന നിഷ്ഠൂരമായ വൈദേശിക ആക്രമണങ്ങളുടെ ചരിത്രത്തെ ന്യായീകരിക്കാൻ ഒരു പച്ചക്കള്ളം പലരും ആവർത്തിക്കാറുണ്ട്. ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ മൂലമാണ് ആക്രമണകാരികൾ വന്നതത്രെ. അവരുടെ ലക്ഷ്യം അടിച്ചമർത്തപ്പെട്ടു കഴിഞ്ഞവരുടെവിമോചനമായായിരുന്നെന്ന്! ഇന്ത്യയിൽ ഇത്തരത്തിലുള്ള പീഢനങ്ങൾ ധാരാളമുണ്ടെന്ന പ്രചാരണമുണ്ട് – ആര്യൻമാർ ദ്രാവിഡരേയും, ബ്രാഹ്മണർ ദളിതരേയും, ഹൈന്ദവർ മുസ്ലിമുകളേയും അടിച്ചമർത്തുന്നത്രെ. വിഘടനവാദം ആദ്യം ആശയതലത്തിലും, പിന്നീട് പ്രായോഗിക തലത്തിലുമാണ് സംഭവിക്കുക. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഗവേഷണം – പരിശീലനം, സാമ്പത്തിക സഹായങ്ങൾ, വൈദേശിക പരിപ്രേക്ഷ്യത്തിനു അനുയോജ്യമായ വിവരങ്ങളുടെ സമാഹരണം., എന്നിവ ആശയതലത്തിലുള്ള വിഘടനവാദത്തിനു വളംവച്ചു കൊടുക്കലാണ്.

തെറ്റായ ആത്മീയ ആശയങ്ങൾ:-

ഈവിധ പ്രശ്നങ്ങൾക്കു നമ്മുടെ ഗുരുക്കന്മാരും സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ നല്ലതായിരുന്നെങ്കിലും, അവ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയെന്നു വേണം പറയാൻ. അദ്വൈതവേദാന്തം രണ്ടു തലത്തിലാണ് ഊന്നുന്നത് – വ്യക്തിപരമായ തലത്തിലും ബ്രഹ്മതലത്തിലും. ഇവയ്ക്കിടയിൽ വേറേയും ധാരാളം തലങ്ങളുണ്ട്: കുടുംബം, ഗ്രാമം, സമുദായം, സമൂഹം, രാഷ്ട്രം., എന്നിങ്ങനെ. എന്നാൽ ഇത്തരം തലങ്ങളെപ്പറ്റി അദ്വൈതം പഠിപ്പിക്കുന്നില്ല. ഒരു വ്യക്തിക്കു ഇത്തരം തലങ്ങളെ ഒഴിവാക്കി ബ്രഹ്മതലം സാക്ഷാത്കരിക്കാമെന്നാണ് അദ്വൈതം പറയുന്നത്. പക്ഷേ നമുക്ക് നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുകയും മറ്റും ചെയ്യേണ്ടതുണ്ട്. ചില ഗുരുക്കന്മാർ ഇക്കാര്യം അഭിമുഖീകരിക്കാൻ പോലും മിനക്കെടാറില്ല. അവർക്കുഇതെല്ലാംവിവാദങ്ങൾ മാത്രമാണ്.അതുകൊണ്ടു തന്നെഇത്തരം ചർച്ചകൾ 20-25 കൊല്ലം മുമ്പ് വരെ ക്ഷേത്രങ്ങളിൽ പോലും അനുവദിച്ചിരുന്നില്ല. എന്നാൽ ചർച്ച്, സിനഗോഗ്, മദ്രസ്സകൾ, ബുദ്ധിസ്റ്റ് ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ, സമൂഹത്തെ സംബന്ധിക്കുന്ന സാമൂഹിക – രാഷ്ട്രീയ – സാംസ്കാരിക ചർച്ചകൾ സജീവമായി നടക്കാറുണ്ട്. ഒരു ശരാശരി ഹിന്ദുവിനു ഇത് ആലോചിക്കാനേ വയ്യ.

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഫലമായി ഈ സ്ഥിതിയ്ക്കു സാവധാനം മാറ്റംവരികയാണ്. മറ്റു വിശ്വാസസമൂഹങ്ങളിലുള്ളവർ ഇത്തരം പ്രശ്നങ്ങൾ തുറന്നു ചർച്ച ചെയ്തു തുടങ്ങിയപ്പോൾ ഹൈന്ദവരും അതേ രീതി സ്വീകരിച്ചു. എന്നിട്ടും ഇന്നും ഇന്ത്യയിലെ ചില ആത്മീയഗുരുക്കന്മാർ വിവാദങ്ങളൊഴിവാക്കാൻ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. ഭഗവദ് ഗീത ധർമ്മാധർമ്മങ്ങളെ പറ്റി ചർച്ച ചെയ്യുന്നുണ്ട്. ഈ ലോകത്തിലുള്ള ഒരു വ്യക്തിക്കും ആത്മീയപരമായി മാത്രം ചിന്തിക്കാനാകില്ല. അവർ സമൂഹികമായും ഇടപ്പെട്ടു പ്രവർത്തിക്കണം. മഹാഭാരതം, ഭഗവദ് ഗീത തുടങ്ങിയ പൗരാണിക കൃതികൾ അതല്ലാതെ മറ്റെന്താണ് ഉദ്ഘോഷിക്കുന്നത്?

ധർമ്മശാസ്ത്രങ്ങളും അർത്ഥശാസ്ത്രവും വേണ്ടപോലെ ഇന്ത്യയിൽ പഠിപ്പിക്കുന്നില്ല. ഭഗവദ് ഗീതക്കും അദ്വൈത വേദാന്തത്തിനുമാണ് കൂടുതൽ ഊന്നൽ. തീർച്ചയായും ഇവ രണ്ടും പ്രധാനമാണ്. എങ്കിലും സാമൂഹിക-രാഷ്ട്രീയ മേഖലകളെ പ്രായോഗികമായി സമീപിക്കുന്ന ഗ്രന്ഥങ്ങളേയും നാം പരിചയപ്പെടണം. ഗുരുവര്യന്മാർ വിവാദങ്ങളെ ഭയക്കരുത്. ഈ ലോകത്തിൽ എക്കാലത്തും, എപ്പോഴും വിവാദങ്ങളുണ്ട്. നാം അവയെ നേരിട്ടില്ലെങ്കിൽ, നമ്മുടെ ഭാവിതലമുറ അവയെ എങ്ങിനെയാണ് നേരിടുക?

ബൗദ്ധികലോകം ഒത്തുതീർപ്പലുകൾക്കു വഴങ്ങുന്നു:-

ഇന്ത്യൻ ബുദ്ധിജീവികൾ ഏറെയും പടിഞ്ഞാറൻ വീക്ഷണത്തിന്റെ ഭാഗമാകാൻ താല്പര്യപ്പെടുന്നരാണ്. ഈ വീക്ഷണം ധാർമ്മികപാരമ്പര്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാകുമ്പോൾഅവർ പരിഭ്രാന്തരാകും. പടിഞ്ഞാറൻ പരിപ്രേക്ഷ്യത്തിൽ എത്ര ചെറിയ റോൾ വഹിച്ചാലും അവരതിൽ അഭിമാനിക്കും. എന്നാൽ ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ വലിയ പങ്ക് വഹിക്കാൻ കഴിയുമെങ്കിൽ തന്നെയും അവരതിൽനിന്നു ഒഴിഞ്ഞുനിൽക്കും. ‘Being Different’ എന്ന പുസ്തകത്തിൽ ഞാൻ സൂചിപ്പിച്ചപോലെ, ഇന്ത്യക്കാരുടെ അപകർഷതാബോധം ഇതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

സ്വത്വപ്രതിസന്ധിയിലേക്കു നയിക്കുന്ന അപകർഷതാബോധം:-

ഭാരതീയഗരിമാ സിദ്ധാന്തം പടുതുയർത്തുന്ന വേളയിൽ, നമുക്ക് ധാരാളം അപകർഷതാ ബോധങ്ങളെ നേരിടേണ്ടതുണ്ട്. അപകർഷതാബോധത്തിന്റെ രൂക്ഷഫലങ്ങൾ ഞാനെന്റെ മുസ്ലിം സുഹൃത്തുക്കളിൽ കണ്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്തു അവർ എന്നോടു വളരെ സൗഹാർദ്ദപരമായാണ് ഇടപെട്ടിരുന്നത്. എന്നാൽ പിന്നീടവർ അറേബ്യൻ പരിപ്രേക്ഷ്യം സ്വീകരിച്ചു. അത്തരം കാര്യങ്ങൾ കൂടുതൽ പരിഷ്കൃതമായി അവർക്കിടയിൽ കരുതപ്പെട്ടിരുന്നു. അറബികളാണ് കൂടുതൽ ശ്രേഷ്ഠരെന്നും, കടുത്ത അറബിവൽക്കരണമാണ് അവർക്കു മുന്നിലുള്ള ശരിയായ മാർഗമെന്നും എന്റെ സുഹൃത്തുക്കൾ കരുതി. ഷിയവിഭാഗക്കാരും ഇതുപോലെയായിരുന്നു. ഭാരതീയ പരിപ്രേക്ഷ്യത്തിലുള്ള അപകർഷതാബോധം മൂലം അവർ പേർഷ്യൻ പരിപ്രേക്ഷ്യം സ്വീകരിച്ചു. ലോകത്തിലെവിടേയും പ്രാദേശിക ഭാഷാ-സംസ്കാരങ്ങളും ആചാരങ്ങളും പുലർത്തി ഒരു നല്ല മുസ്ലിമായി ജീവിക്കാമെന്നിട്ടും അറേബ്യൻ-പേർഷ്യൻ പരിപ്രേക്ഷ്യങ്ങൾ സ്വീകരിക്കുന്നത് തുടരുകയാണ്. സത്യത്തിൽ, പ്രാദേശിക സാംസ്കാരിക ദേശീയതയിൽനിന്നു മുസ്ലിങ്ങൾ അകന്നു നിൽക്കേണ്ട കാര്യമില്ല.എന്നാൽ പ്രാദേശിക സംസ്കാരം പിന്തുടർന്നുകൊണ്ട് നല്ല മുസ്ലിമായി ജീവിച്ചാൽ പോരെന്നും, നല്ല മുസ്ലിമാകണമെങ്കിൽ ഉയർന്നതോതിൽ അറബിവൽക്കരണം സ്വീകരിക്കണമെന്നുമുള്ള ആശയം വൈദേശിക ഗൂഢശക്തികൾ ശക്തമായി പ്രചരിപ്പിക്കുകയാണ്.

അപകർഷതാ ബോധവും അതിനു ജനങ്ങളിലുള്ള സ്വാധീനവും ഒരു പ്രധാനപ്രശ്നമാണ്. ഇത് ഭാരതീയമായ ഏതു പരിപ്രേക്ഷ്യത്തേയും തകർക്കും. ഭാരതീയമഹിമയെ കുറിക്കുന്ന ബൃഹത്ത് പരിപ്രേക്ഷ്യം ആദ്യം ഉണ്ടാവുകയും, തുടർന്നു മറ്റു പരിപ്രേക്ഷ്യങ്ങൾ ആദരവോടെ ഇതിൽ ഉൾക്കൊള്ളിക്കുകയുമാണ് വേണ്ടത്. ഇത്തരമൊരു സംവിധാനത്തിൽ ന്യൂനപക്ഷ പരിപ്രേക്ഷ്യങ്ങൾ എപ്രകാരം ഉൾക്കൊള്ളിക്കുമെന്ന ചോദ്യം ഞാൻ നേരിട്ടിട്ടുണ്ട്. അക്കാര്യം അടുത്തതായി പറയുന്നു.

ഭാരതീയ പരിപ്രേക്ഷ്യത്തിനുള്ളിൽ ന്യൂനപക്ഷമതങ്ങളെ ഉൾക്കൊള്ളിക്കേണ്ട വിധം:-

വൈദേശിക ഉറവിടമുള്ള ന്യൂനപക്ഷമതങ്ങളെ, ഭാരതീയ പരിപ്രേക്ഷ്യത്തിൽ ഉൾക്കൊള്ളിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ആ മതങ്ങളുടെ അസ്ഥിവാരവും മതസംബന്ധിയായ ബന്ധങ്ങളും ഭാരതത്തിനു പുറത്താണ്. നാം ഇക്കാര്യം അവധാനതയോടെ അഭിമുഖീകരിക്കണം. ഇല്ലെങ്കിൽ പ്രശ്നപരിഹാരം ഒരിക്കലും സാധ്യമാകില്ല. വൈദേശിക മതങ്ങളിൽ വിശ്വസിക്കുന്നവർ ഭാരതീയരാകുന്നതിനു മൂന്ന് കാര്യങ്ങൾ അനിവാര്യമാണ്. ഈ ആവശ്യങ്ങൾ പൂർത്തീകരിച്ചാൽ ഇവർ ഒരുകാര്യത്തിലും രണ്ടാംകിട പൗരന്മാരായിരിക്കില്ല.

  1. പരസ്പരബഹുമാനത്തിന്റെ അന്തഃസത്ത അവർ സ്വീകരിക്കണം. ‘പരസ്പരബഹുമാനം’ എന്ന ആശയം ‘Being Different’ എന്ന പുസ്തകത്തിൽ ഞാൻ വിശദീകരിച്ചിട്ടുണ്ട്. പരസ്പരബഹുമാനവും സഹിഷ്‌ണുതയും സമാനമല്ല. സഹിഷ്‌ണുത എന്നത് പടിഞ്ഞാറൻ രാജ്യങ്ങളിൽ പഠിപ്പിക്കുന്ന ആശയമാണ്. അതിൽ പരസ്പരബഹുമാനത്തിനു സ്ഥാനമില്ല. ഒരുവൻ മതപരമായും മറ്റും, എന്തുവിധമോ ഏങ്ങിനെയോ ആയാലും അവനെ ബഹുമാനിക്കുന്ന സമീപനമാണ് പരസ്പരബഹുമാനം കൊണ്ട് അർത്ഥമാക്കുന്നത്. മറ്റൊരുവന്റെ ആരാധനാരീതിയേയും മറ്റും ഒരുവൻ ബഹുമാനിക്കുന്നു. ഇവിടെ ‘പരസ്പരം’ എന്നത് ‘അന്യോന്യമുള്ള ബഹുമാനത്തെ’ സൂചിപ്പിക്കുന്നു. മതങ്ങൾക്കിടയിൽ പരസ്പരബഹുമാനം നിലവിൽ വന്നുകഴിഞ്ഞാൽ പിന്നെ മതങ്ങൾക്കിടയിലുള്ള മതം‌മാറ്റം, കിടമൽസരം, ഏകാധിപത്യ മനോഭാവം., തുടങ്ങിയവയുടെ ആവശ്യമില്ല. ‘പരസ്പരബഹുമാനം’ എന്ന ആശയം ഞാൻ വിവിധ മതസംവാദവേദികളിൽ ഉന്നയിക്കുമ്പോൾ, അബ്രഹാമിക് മതത്തിൽപ്പെട്ട വിശ്വാസികൾ പ്രകടിപ്പിക്കുന്ന പ്രതികരണങ്ങൾ വളരെ രസകരമാണ്. മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരോടു പരസ്പരബഹുമാനം പുലർത്താൻ അബ്രഹാമിക് മതങ്ങളിൽ പെട്ടവർക്കു വളരെ ബുദ്ധിമുട്ടാണ്. അവർ ഇത്തരത്തിൽ നീരസം പ്രകടിപ്പിക്കുമ്പോൾ, നാം തീർച്ചയായും അവരുടെ മനോഭാവം തുറന്ന് കാണിക്കണം.
  2. കൃസ്ത്യൻ-ഇസ്ലാമികമതങ്ങൾ ചെയ്യേണ്ട രണ്ടാമത്തെ കാര്യം, വിദേശരാജ്യങ്ങളിലുള്ള അവരുടെ മതസ്ഥാപനങ്ങളുടേയും അധികാരികളുടേയുംപ്രമാണം ഒഴിവാക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കൃസ്ത്യൻ സമൂഹങ്ങളിൽ ഒന്നുള്ള ചൈന ഇതാണ് ചെയ്തത്. ചൈനയിൽ ബിഷപ്പുമാരെ നിയമിക്കാൻ വത്തിക്കാനു കഴിയില്ല. പ്രാദേശിക ഭരണകൂടമാണത് ചെയ്യുന്നത്. ആരെയാണ് നിയമിക്കേണ്ടത്, ഏത് ആശയമാണ് പിന്തുടരേണ്ടത്, തുടങ്ങിയ കാര്യങ്ങൾ ഒരു ഹെഡ്ക്വാർട്ടേഴ്സ് ചൈനയുടെ പുറമേനിന്ന് തീരുമാനിക്കില്ല. കൃസ്തീയസഭ ചൈനീസ് ആയിരിക്കുന്നിടത്തോളം, പുറത്തുനിന്നുള്ള ഒരു ഐഡിയോളജിയും ചൈനയിൽ വേണ്ടെന്നാണ് അവരുടെ ഉറച്ചതീരുമാനം. ഈ നിർബന്ധം ഭാഷയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഇന്ത്യയിൽ കൃസ്തീയസഭ പ്രാദേശികഭാഷയാണ് ഉപയോഗിക്കുന്നതെങ്കിലും ഉന്നതാധികാരികളെ എല്ലാം, ഉദാഹരണത്തിനുബിഷപ്പുമാരെ വരെ, നിയമിക്കുന്നത് വത്തിക്കാൻ അധികൃതരാണ്. കൂറിന്റേയും വ്യത്യസ്ത താല്പര്യങ്ങളുടെ ഏറ്റുമുട്ടലിന്റേയും പ്രശ്നം ഇവിടെ ഉദിക്കുന്നുണ്ട്. അതുകൊണ്ടു വൈദേശിക മതാധികാരസ്ഥാപനങ്ങൾക്കു ഇന്ത്യയിലുള്ള അധികാരം എടുത്തുകളയുകയാണ് ഭാരതീയരാകാനുള്ള രണ്ടാമത്തെ നിബന്ധന. വൈദേശിക മതസ്ഥാപനങ്ങളുടെ വ്യാഖ്യാനങ്ങൾ ഗൗനിക്കാതെ ഈ മതങ്ങൾ നൂറ് ശതമാനവും ഭാരതീയമാകണം. ഖുറാന്റെ കാര്യവും ഇതുപോലെ തന്നെ. ഖുറാൻ സംബന്ധമായ കാര്യങ്ങളിൽ അവസാനവാക്ക് വിദേശരാജ്യത്താകുന്നത് എന്തിനാണ്? മതഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കുന്നതിനുള്ള അവകാശം എന്തുകൊണ്ട് ഇന്ത്യയിലെ പണ്ഢിതരിൽ തന്നെ നിക്ഷിപ്തമായിക്കൂടാ?
  3. മൂന്നാമതായി കൃസ്ത്യൻ-ഇസ്ലാം മതവിശ്വാസികളായ ഇന്ത്യക്കാർ, അവരുടെ മതങ്ങൾ ഇന്ത്യയിൽ വന്നപ്പോൾ ചെയ്തുകൂട്ടിയ അക്രമസംഭവങ്ങളുടെ ചരിത്രത്തെ അംഗീകരിക്കണം. ഔറംഗസീബിന്റെ ചെയ്തികൾക്കു ഇന്നത്തെ മുസ്ലിങ്ങൾ ഉത്തരവാദികളല്ല. പണ്ടുകാലത്തു ചില കൃസ്ത്യാനികൾ ഇന്ത്യയിൽ നടത്തിയ അക്രമങ്ങളുടെ ചരിത്രത്തിൽ ഇന്നത്തെ കൃസ്ത്യാനികളെ കുറ്റപ്പെടുത്താൻ ഒന്നുമില്ല. അതിനാൽ, ഇന്ത്യൻ കൃസ്ത്യൻ-മുസ്ലിം വിശ്വാസികൾ അവരാദ്യമായി ഭാരതീയരാണെന്നും, ഭാരതീയരായ മറ്റു ഇന്ത്യക്കാർക്കൊപ്പമാണ് അവരെന്നും പറയണം. അതാത് മതവിശ്വാസത്തിനു അനുസരിച്ച്, അവർ കൃസ്ത്യാനികളോ മുസ്ലിങ്ങളോ ആയിരിക്കാം. പക്ഷേ അവരുടെ മതത്തിലെ ആൾക്കാർ ചരിത്രത്തിൽ ചെയ്തുകൂട്ടിയ അക്രമങ്ങളെ അവർ അംഗീകരിക്കാൻ പാടില്ല.

മുകളിലുള്ള മൂന്ന് നിബന്ധനകളും പാലിച്ചാൽ, നമുക്ക് ഐക്യവും കെട്ടുറപ്പുമുള്ള ഒരു സമൂഹമാകാം. ഭാരതീയ പരിപ്രേക്ഷ്യം പ്രചരിപ്പിക്കാനുള്ള തടസ്സങ്ങൾ മനസ്സിലാക്കിയാൽ പിന്നെ, അവയെ ഒഴിവാക്കി, ആ പരിപ്രേക്ഷ്യത്തെ നമുക്ക് എളുപ്പത്തിൽ മുന്നോട്ടുവയ്ക്കാം. ഇതിനു നല്ല പ്രഗത്ഭരായ വ്യക്തികളെ ബ്രാൻഡ് അംബാസഡർമാരായി നമുക്ക് വേണം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ, അമേരിക്കയിലെ ഹിന്ദു വിദ്യാർത്ഥി കൗൺസിലിന്റെ 50 ചാപ്‌റ്ററുകളിന്മേൽ ഞാൻ ശ്രദ്ധയൂന്നിയിരിക്കുകയാണ്. മികച്ച വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഭാരതീയതയെ പറ്റി പ്രക്ഷേപിക്കേണ്ട ആശയങ്ങൾ എന്തെന്നും, എങ്ങിനെയാണ് പ്രക്ഷേപിക്കേണ്ടതെന്നും അവരെ ഞങ്ങൾ പഠിപ്പിക്കും. ഒഴിവാക്കേണ്ട ആശയങ്ങൾ എന്തൊക്കെയാണെന്നും അവരോടു പറയും. മാത്രമല്ല അവർ അഭിമുഖീകരിക്കാൻ മടിക്കുന്ന ഗൗരവതരമായ ചോദ്യങ്ങൾക്കു ചെവികൊടുത്ത്, അവരുടേ മാതാപിതാക്കളോ ഗുരുക്കന്മാരോ മറുപടി പറഞ്ഞിട്ടില്ലാത്ത, ആ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ഞാൻ ചെയ്യും. അത്തരം ചോദ്യങ്ങൾ ആർക്കും ചോദിക്കാം. മറുപടി പറയാൻ ഞാൻ തയ്യാറാണ്.

ഭാരതീയ പരിപ്രേക്ഷ്യം:-

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥർ, സൈനികർ, വ്യവസായികൾ എന്നിവർ ഭാരതീയ പരിപ്രേക്ഷ്യം പഠിക്കണം. വ്യവസായികൾക്കു ഇതുവളരെ പരിചയമുള്ള കാര്യമാണ്. അന്തർദേശീയ തലത്തിൽ ബിസിനസ് ചർച്ചകൾ നടക്കുമ്പോൾ അമേരിക്ക, ചൈന, ജപ്പാൻ, ബ്രിട്ടൺ, ഫ്രഞ്ച് എന്നിവിടങ്ങളിൽ നിന്നുള്ള വ്യവസായികൾ അവരുടെ സംസ്കാരത്തിന്റെ ഗരിമയെക്കുറിച്ച് വ്യക്തമായ ധാരണയോടെ സംസാരിക്കും. പക്ഷേ ഇന്ത്യക്കാർ ഇതിൽ പിന്നോക്കമാണ്. അവർക്കു ഭാംഗട, ബോളിവുഡ്, ക്രിക്കറ്റ് എന്നിവയിൽ അറിവുണ്ടാകാം. പക്ഷേ അവരുടെ സംസ്കാരം എന്തുകൊണ്ട് മഹനീയമാണെന്നു മാത്രം അറിയില്ല!

ഞാൻ സമാഹരിക്കുകയാണ്. രണ്ടു പോയിന്റുകൾ പ്രത്യേകം എടുത്തുപറയുന്നു:-

  1. സമഗ്രമായൊരു ഭാരതീയ പരിപ്രേക്ഷ്യത്തിനു അനുകൂലമായ നിലപാടല്ല ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്. ഈ വ്യവസ്ഥയിൽ മാറ്റം വരുത്തണമെങ്കിൽ ചർച്ചകൾ തുടങ്ങേണ്ടതുണ്ട്. അർത്ഥ-ധർമ്മശാസ്ത്രങ്ങൾ എടുത്ത്, ഭാരതീയ പരിപ്രേക്ഷ്യത്തെപ്പറ്റി അവയിൽ വിവരിച്ചിരിക്കുന്ന അടിസ്ഥാന ആശയങ്ങളെ പറ്റി ചർച്ചകളും കോൺഫറൻസുകളും നടത്തണം.
  2. ചർച്ചകൾക്കു പുറമേ, അവയെ പിന്തുണച്ചുകൊണ്ടുള്ള ഗവേഷണങ്ങൾ വേണം. ഇത്തരം ഗവേഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ശരിയായ ഗവേഷണങ്ങളുടെ അഭാവത്തിൽ നടക്കുന്ന കോൺഫറൻസുകളിൽ, ആശയങ്ങൾ നാമമാത്ര വ്യത്യാസത്തോടെ ആവർത്തിച്ച് അവതരിക്കപ്പെടും. സംസ്കൃതത്തിലും ഇംഗ്ലീഷിലും നല്ല ഗവേഷണങ്ങൾ ചെയ്തിട്ടുള്ള, സംവാദത്തിൽ പ്രാവീണ്യരായ യുവപണ്ഢിതരെ നാം വാർത്തെടുക്കണം. ഇതെല്ലാം സാവധാനം നടക്കുന്ന പ്രക്രിയയാണ്. എങ്കിലും നാമിത് ചെയ്തേ തീരൂ.

പാണ്ഢിത്യമുള്ളവരുടെ അഭാവം:-

കൂടുതൽ ഫലങ്ങൾ വേണമെങ്കിൽ, ഒരുവൻ കൂടുതൽ വൃക്ഷങ്ങൾ നടേണ്ടതുണ്ട്. കായ്ഫലം ലഭിക്കാൻ കുറച്ചു വർഷങ്ങൾ എടുക്കും. പണ്ഢിതോജ്വലമായ വിവരങ്ങളുടെ സമാഹരണത്തിനു സമയവും ധനവും അവശ്യമാണ്. ഭാരതീയ പരിപ്രേക്ഷ്യം ഉയർത്തിപ്പിടിക്കുന്ന കൂടുതൽ പണ്ഢിതരെ സൃഷ്ടിക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. അതിനു ആരംഭം കുറിക്കേണ്ടത് ഇപ്പോൾ തന്നെയാണ്.

Leave a Reply