സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള രാജീവ് മൽഹോത്ര – ആർ വൈദ്യനാഥൻ സംഭാഷണത്തിന്റെ ലേഖനരൂപം

പലവക

ഇന്ത്യയിൽ ജാതിയെ പറ്റിയുള്ള ഏതൊരു സംവാദവും പൊതുവെ വിവാദത്തിലാണ് അവസാനിക്കുക. തുറന്നു ചർച്ച ചെയ്യാനാകാത്ത ഒരു അന്തരീക്ഷം ജാതിയെ ചുറ്റിപ്പറ്റി ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ചർച്ചക്കു തുനിയുന്ന പക്ഷം, ജാതിയെന്നാൽ അടിച്ചമർത്തലും പാർശ്വവൽക്കരണവുമാണെന്ന് പറഞ്ഞു, എതിരാളികൾ ഹൈന്ദവരെ കുറ്റപ്പെടുത്താൽ ആരംഭിക്കും. ഈ ആരോപണത്തെ എങ്ങിനെ നേരിടണം, ഇതു തെറ്റാണെന്നു കാണിക്കേണ്ടതെങ്ങിനെ എന്നെല്ലാം ഹൈന്ദവരിൽ ബഹുഭൂരിഭാഗത്തിനും അറിയില്ല. അതിനാൽ അവർ പ്രതിരോധത്തിലേക്കു വലിയാൻ നിർബന്ധിതരാകും. സത്യത്തിൽ,ജാതിയെപ്പറ്റിയുള്ള ഏത് ചർച്ചയും ജാതിവിവേചനത്തിലേക്കു ഒതുങ്ങിപ്പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ജാതിയെ പറ്റിയുള്ള ചർച്ചകൾ ജാതിവിവേചനത്തെ പറ്റിയാണെന്നു അർത്ഥമാക്കുന്നില്ല. ജാതിയെ പറ്റിയുള്ള സംവാദവും, ജാതിവിവേചനവും വ്യത്യസ്ത രീതിയിൽ കൈകാര്യം ചെയ്യേണ്ടവയാണ്.

ജാതി (Caste) എന്ന പദത്തിന്റെ ഇന്ന് മനസ്സിലാക്കുന്ന ആശയം പോർച്ചുഗീസ് ഭാഷയിൽനിന്നു എടുത്തതാണ്. അതിനുമുമ്പ് ഭാരതത്തിൽ അധികാരശ്രേണികളായുള്ള ജാതികൾഉണ്ടായിരുന്നില്ല. ആദ്യകാലത്തു ജാതിവിവിധതട്ടുകളുള്ള ശ്രേണിയായി സജ്ജീകരിക്കപ്പെട്ടിരുന്നില്ല. അത് ചെയ്തത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയെ എപ്രകാരം നോക്കിക്കാണണമെന്ന അവരുടെ പദ്ധതിയുമായി, ശ്രേണിയിൽ സജ്ജീകരിക്കപ്പെട്ട ജാതിവ്യവസ്ഥ, പൊരുത്തപ്പെടുന്നുണ്ടായിരുന്നു. ബ്രിട്ടനിലെ ഗവണ്മെന്റ് സർവ്വീസിൽ ഇത്തരം ശ്രേണീഘടന ഉണ്ടായിരുന്നു. അവരത് ഇന്ത്യയിലും പ്രാവർത്തികമാക്കി. 1881-ൽ ഇന്ത്യയിൽ നടന്ന ജനസംഖ്യ കണക്കെടുപ്പിലാണ് ജാതികളെ എണ്ണിത്തിട്ടപ്പെടുത്തി, ശ്രേണിയായി സജ്ജീകരിച്ചത്.ആയിരത്തി മുന്നൂറിലധികം ജാതികളെ അതിൽ ചേർത്തു. ഈ ശ്രേണീസജ്ജീകരണം എന്തെങ്കിലും നിയതമായ മാനദണ്ഢത്തിന്മേൽ ആയിരുന്നില്ല. ബ്രിട്ടീഷുകാർ അവരുടേതായ ആശയങ്ങൾ ഉപയോഗിച്ചു. ബ്രിട്ടീഷുകാരുടെ ഈ ഉദ്യമത്തിനു മുമ്പ് ശ്രേണിബന്ധമായ ഒരു ഘടന ജാതിക്കു നൽകാൻ പറ്റില്ലായിരുന്നു. കാരണം, ഇന്ത്യൻ സാമൂഹികചട്ടക്കൂട് മാറിമറയുന്ന, മഥിക്കപ്പെടുന്ന നിലയിലായിരുന്നു എക്കാലത്തും. ഈ ചട്ടക്കൂടിൽ ഒരു ജനസമൂഹം എക്കാലത്തും ഉയർന്നനിലയിലോ താഴ്ന്നനിലയിലോ തുടർന്നിരുന്നില്ല. സാമൂഹികനില മാറ്റങ്ങൾക്കു വിധേയമായിരുന്നു. താഴ്ന്നതെന്നു പറയപ്പെടുന്ന സാമൂഹികവിഭാഗങ്ങൾ, അവർ പണ്ടു ഭരണാധികാരികളായിരുന്നെന്ന് പറയാറുണ്ട്.

ജാതിക്കു സാമ്പത്തികരംഗത്തു അതിപ്രാധാന്യമുണ്ട്. സാമ്പത്തികപ്രവൃത്തികൾ കേന്ദ്രീകരിച്ചിരിക്കുന്ന 870-900 ജനസമൂഹങ്ങൾ ഇന്ത്യയിലുണ്ട്. തിരുപ്പൂർ, ശിവകാശി, ആഗ്ര, മോർബി, പഞ്ചാബ്., എന്നിവ ഉദാഹരണങ്ങളാണ്. സാമ്പത്തിക അഭിവൃദ്ധിയുള്ള ഇവയെല്ലാം തന്നെ ജാത്യാധിഷ്ഠിതമായാണ് പ്രവർത്തിച്ചിരുന്നത്. പട്ടികവിഭാഗക്കാർക്കു ഇവിടെ മുൻതൂക്കമുണ്ടായിരുന്നു.
ജാത്യാധിഷ്ഠിത ഘടനയുടെ മേന്മകൾ പലതായിരുന്നു. ഉദാഹരണമായി, ഒരു ജാതിയിൽ അംഗമായ ഒരുവൻ തൊഴിൽസംബന്ധമായി പിന്നാക്കം പോയാൽ, അവൻ ആ തൊഴിലിൽനിന്നു പുറത്താക്കപ്പെടില്ല. സ്വജാതിയിൽ അംഗമായ മറ്റുള്ളവർ അവന്റെ തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ സന്നദ്ധരായിരിക്കും. ഇത്തരം പരസ്പര സഹകരണങ്ങൾ ജാതിയെ ഒരു സാമ്പത്തിക കൂട്ടായ്മയുടെ തലത്തിലേക്കു ഉയർത്തുന്നു. ഈ കൂട്ടായ്മവഴി വലിയ ബുദ്ധിമുട്ടില്ലാതെ, അതായത് എഴുത്തുകുത്തുകളുടെ നൂലാമാലകൾ ഇല്ലാതെ വായ്പകൾ ലഭ്യമാകും. സ്വജാതിയ്ക്കു ഇടയിലാണ് പണവിനിമയം എന്നതിനാൽ, നിയമപരമല്ലാത്ത ഇത്തരം വായ്പയുടെ തിരിച്ചടവ്, വ്യക്തിക്കു അഭിമാനപ്രശ്നമാണ്. ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാനം വിവിധ സമൂഹങ്ങൾക്കിടയിലുള്ള പരസ്പരബന്ധം ആണ്. ഭരണകൂടനിയമങ്ങൾ അല്ല.

ജാത്യാധിഷ്ഠിത തൊഴിൽമേഖലയുടെ മറ്റൊരു മേന്മയാണ് വിപണിലഭ്യത. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉല്പന്നങ്ങൾക്കു വിപണി ലഭിക്കുമ്പോൾ ഒരു ജാതിയിലെ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകില്ല. മറിച്ച് സഹകരണമാണ് ഉണ്ടാവുക. അന്നത്തെ ‘ചേമ്പർ ഓഫ് കൊമേഴ്‌സ്’ എന്നു നമുക്കിതിനെ ഏകദേശം വിളിക്കാം. അവസരങ്ങളുടെ ധാരാളിത്തമില്ലായ്മയിൽ പോലും മറ്റുള്ളവരുടെ ഉല്പന്നവിപണി പിടിച്ചെടുക്കുകയെന്ന വിപണനരീതി ജാതിക്കുള്ളിൽ നിലവിലില്ല. മാന്യതയ്ക്കുള്ളിൽ നിന്നുള്ള പ്രവർത്തനങ്ങളേ അവിടെയുള്ളൂ. ധനം ഏതാനും വ്യക്തികളിൽ മാത്രം നിക്ഷിപ്തമാകാതിരിക്കാൻ ഇത് സഹായിക്കുന്നു. വ്യാപാരത്തെ സംബന്ധിച്ചുള്ള ജാതികളുടെ സമീപനം ഇതുപോലെ തികച്ചും സവിശേഷമാണ്. പുതുതലമുറയെ ബിസിനസിൽ ഉയർത്തിക്കൊണ്ടു വരുന്ന രീതിയും ഇവരിൽ ശ്രദ്ധേയമാണ്. ബൗദ്ധികസ്വത്തവകാശം രഹസ്യമായി സൂക്ഷിക്കുന്നതിൽ ജാത്യാധിഷ്ഠിത തൊഴിലുകൾ വളരെ സാമർത്ഥ്യവും കാണിച്ചിരുന്നു.
നൂതന കണ്ടുപിടുത്തങ്ങളും പ്രവർത്തനരീതിയും തൊഴിൽരംഗത്തു നടപ്പാക്കുന്നതിൽ ജാതിസമൂഹങ്ങൾ ഒട്ടും പിന്നിലല്ല. മറ്റുരാജ്യങ്ങൾ ഉല്പാദനരംഗത്തു വരുത്തുന്ന മാറ്റങ്ങൾ സൂക്ഷ്മം നിരീക്ഷിക്കാനും,അതിനനുസരിച്ച് തദ്ദേശീയ ഉല്പാദനരംഗത്തു മാറ്റങ്ങൾ വരുത്താനും ജാതിസമൂഹത്തിനു കഴിയുന്നുണ്ട്. ബനിയൻ നിർമാണവുമായി ആരംഭിച്ച തിരുപ്പൂർ വസ്ത്രനിർമാണ വ്യവസായം ഇന്ന് യൂറോപ്പിൽ വരെ മൽസരിച്ചുനിൽക്കത്ത വിധം മുന്നോട്ടുപോയിരിക്കുന്നു.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ തന്നെ ബിസിനസ്സിലേക്കു തിരിഞ്ഞ ജാതിസമുദായങ്ങൾ ഇന്ന് വളരെയധികം അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. ജനസംഖ്യാപരമായി ചെറുതായിട്ടും,തമിഴ്‌നാട്ടിലെ നാടാർ സമുദായം റീട്ടെയിൽ ബിസിനസ് രംഗത്ത് നേടിയ മുൻതൂക്കം ശ്രദ്ധേയമാണ്. അവർക്കു സ്വന്തമായി ബാങ്കുകൾ വരെയുണ്ട്. ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവർക്കു സ്വാധീനമുള്ള ശിവകാശി മേഖലയിലുണ്ട്. ബാലവേല നടക്കുന്നെന്ന് ആരോപണമുള്ള സ്ഥലമാണിതെന്ന് ഓർക്കണം. രാഷ്ട്രീയരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച ജാതിസമുദായങ്ങൾക്കു എന്നാൽ ഇത്തരമൊരു മേൽക്കൈ സാമ്പത്തിക-ബിസിനസ് രംഗത്തു ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ അവർ സംവരണത്തിനും മറ്റും അവകാശവാദം ഉന്നയിക്കുന്നു.
വിദേശസ്ഥാപനങ്ങളെ അപേക്ഷിച്ച് ജാത്യാധിഷ്ഠിത തൊഴിലുകൾ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിലൊന്നാണ് വായ്പയുടെ പലിശനിരക്ക്. വിദേശസ്ഥാപനങ്ങൾക്കു 1.5-2.5 ശതമാനത്തിൽ വായ്പ ലഭിക്കുമ്പോൾ, ഇന്ത്യയിലെ ബാങ്കിങ് സ്ഥാപനങ്ങളേയും സ്വകാര്യ പണമിടപാടുകാരേയും ആശ്രയിക്കുന്ന ജാതിസമൂഹങ്ങൾ 2 – 6 ശതമാനം പലിശ നൽകാൻ നിർബന്ധിതരാകുന്നു. ചെറുകിട വ്യാപാരരംഗത്തും ജാത്യാധിഷ്ഠിത വ്യവസായങ്ങൾ ഭീഷണി നേരിടുന്നു. ഇന്ത്യയിൽ ഏറ്റവുമധികം വളർച്ചയുള്ളതാണ് റീട്ടെയിൽ/ചില്ലറ വ്യാപാരം. ഈ രംഗം എല്ലാ വർഷവും 8-9 ശതമാനം വളർച്ച നേടുന്നു. വാൽമാർട്ട് പോലുള്ള ബഹുരാഷ്ട്ര റീട്ടെയിൽ ഭീമന്മാരുടെ വരവ് സംഭവിച്ചാൽ, കൂടുതൽ പരിക്കേൽക്കുക ചില്ലറ വ്യാപാരികൾക്കായിരിക്കും. സ്വയംപര്യാപ്തമായ ജാത്യാധിഷ്ഠിത വ്യവസായങ്ങൾ തുടച്ചുനീക്കപ്പെടാൻ വരെ ഇടയായേക്കാം. ഇന്ത്യയിലെ വമ്പൻ കമ്പനികളുമായി ഇക്കാര്യത്തിൽ വാൽമാർട്ട് മൽസരിക്കാൻ പോകുന്നില്ല. ചെറുകിട ഹോട്ടൽരംഗത്ത് മക്‌ഡൊണാൾഡ്, പിസാ ഹട്ട് തുടങ്ങിയവയുടെ രംഗപ്രവേശം ദോഷം ചെയ്തത് തദ്ദേശീയമായ ധാബകൾക്കും, ചെറുകിട ഹോട്ടലുകൾക്കുമാണ്.

നിർഭാഗ്യവശാൽ ഇന്ത്യൻ ഗവണ്മെന്റ് നേരിട്ടുള്ള വിദേശനിക്ഷേപത്തിനു അനുകൂലമാണ്. പാശ്ചാത്യരിൽ മതിപ്പുണ്ടാക്കാൻ ഗവണ്മെന്റ് ആ വഴി തേടുന്നു. ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപത്തിൽ 8-9 ശതമാനമേ വിദേശസംഭാവനയായുള്ളൂ എന്നും, 85 ശതമാനം നിക്ഷേപവും വരുന്നത് ഗാർഹിക സമ്പാദ്യങ്ങളിൽ നിന്നാണെന്നതും പരിഗണിച്ചാൽ, നമ്മുടെ സമൂഹത്തിന്റെ അടിത്തറ തന്നെ ഇളകാൻ നേരിട്ടുള്ള വിദേശനിക്ഷേപം ഇടയാകും. യൂറോപ്പിലും അമേരിക്കയിലും നിലവിലുള്ള സാമ്പത്തിക അനിശ്ചിതത്വം ഇന്ത്യയിലേക്കു കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ ബഹുരാഷ്ട്ര കമ്പനികൾക്കു പ്രേരണയാണ്. ഇന്ത്യയിലെ വിദ്യാഭ്യാസരംഗമാകട്ടെ പടിഞ്ഞാറൻ ചായ്‌വുള്ള എംബിഎ വിദ്യാർത്ഥികളേയും മറ്റും നിർമിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ജിഡിപിയും (മൊത്തം ആഭ്യന്തര ഉല്പാദനം), എഫ്‌ഡിഐയും (നേരിട്ടുള്ള വിദേശനിക്ഷേപം) ഉയർന്നതാണെന്ന് പറയുന്നതിൽ ഇത്തരക്കാർ ഉറ്റം കൊള്ളുന്നു. പാശ്ചാത്യരെ അന്ധമായി അനുകരിക്കാനുള്ള ഒരു പ്രവണത ഇന്ത്യൻ മധ്യവർഗ്ഗത്തിൽ പൊതുവെയുണ്ടെന്ന് പറയാം. പാശ്ചാത്യമാധ്യമങ്ങൾ എഴുതിയാൽ മാത്രമേ വസ്തുതകൾ അംഗീകരിക്കപ്പെടുകയുള്ളൂ എന്ന പൊതുബോധം നിലവിലുണ്ട്. 2006-2007 കാലയളവിൽ സാമ്പത്തിക പ്രതിസന്ധിയെകുറിച്ചു ഇന്ത്യക്കാർ എഴുതിയ വാർത്തകൾ ആരും കണക്കിലെടുത്തില്ല. എന്നാൽ അതേകാര്യം വാൾ‌സ്ട്രീറ്റ് ജേർണൽ എതുതിയപ്പോൾ അതിനു അംഗീകാരം ലഭിച്ചു. ഈഇന്ത്യൻ മനോഭാവത്തിനു മാറ്റം വരേണ്ടതുണ്ട്.

സെൻസെക്സ് കരുത്താർജിച്ചതോടെ നിരവധി ചെറുകിട വ്യവസായ സംരംഭങ്ങൾ, വൻകിട കോർപ്പറേറ്റ് സംരംഭങ്ങളുടെ കീഴിലായി മാറുകയാണ്. വിദേശനിക്ഷേപകർ പണം മുടക്കി ഷെയറുകൾ കരസ്ഥമാക്കുന്നു. കൂടുതൽ ഷെയറുകൾ കൈവശമുള്ള വ്യക്തി കോടീശ്വരനാകുന്നു. ഇതിൽ ധനം കേന്ദ്രീകരിക്കപ്പെടുന്നത് ഏതാനും ഉന്നത വ്യക്തികളിലാണ്. വ്യാപാരം നടത്തുന്നവരിൽ നിന്നു ധനം അകലുന്നു. ഇതുവഴി സ്വയംസംരംഭകരും ഉടമസ്ഥരുമായിരുന്നവർ ജോലിക്കാരായി മാറുയാണ്. ഇന്ത്യയിൽ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ ഉടമസ്ഥാവകാശം വിദേശികൾ കയ്യാളിയിരിക്കുന്നു. ഉല്പാദന മേഖലവികേന്ദ്രീകരിക്കപ്പെട്ട്, ധാരാളം പേർക്കു സാമ്പത്തിക സുരക്ഷിതത്വം ലഭിച്ചിരുന്ന സാഹചര്യം ഇപ്പോളില്ല. കൂടുതൽ ഷെയറുകൾ കൈവശമുള്ളവരിലേക്കു സമ്പത്ത് ഒഴുകുന്നു. സമ്പത്ത് ഇവിടെ വികേന്ദ്രീകരിക്കപ്പെടുകയല്ല, മറിച്ച് കേന്ദ്രീകരിക്കപ്പെടുന്നു. പടിഞ്ഞാറൻ സാമ്പത്തികവ്യവസ്ഥ ഇന്ത്യക്കാർ പിന്തുടർന്നതു മൂലമുള്ള കെടുതികളാണ് ഇന്ത്യയിലെ ജാത്യാധിഷ്ഠിത വ്യവസായങ്ങളെ തകർത്ത്, ആ ജാതികളെ സാമ്പത്തികപരാധീനതയിൽ ആക്കുന്നത്.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിൻമാറ്റവും, ട്രംമ്പിന്റെ വിജയവും പ്രാദേശികസ്വത്വത്തിന്റെ പ്രാധാന്യത്തിനു അടിവരയിടുന്ന സംഭവങ്ങളാണ്. തദ്ദേശീയ വ്യവസായ താല്പര്യങ്ങളെ തകർക്കുന്ന സാമ്പത്തിക നയങ്ങൾക്കു അവിടെ സ്വീകാര്യതയില്ല. ആഗോളവൽക്കരണം എന്നത് മന്ദഗതിയിലായി, ഇപ്പോൾ നിലച്ച മട്ടാണ്. യാതൊരു വേരുകളുമില്ലാത്ത ചിലർ അതിൽനിന്നു മുതലെടുക്കുന്നു എന്നേയുള്ളൂ. സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് ആഗോളവൽക്കരണത്തെ ഉപയോഗിക്കാൻ അവർ ശ്രമിക്കുന്നു. ഉദാഹരണമായി, ഐസിഐ‌സിഐ, എച്ച്‌ഡിഎഫ്‌സി എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യബാങ്കുകൾ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരാണെങ്കിലും, അവയുടെ ഉടമസ്ഥാവകാശം വിദേശരാജ്യങ്ങളിലാണ്. വിദേശീയരുടെ ബ്രോക്കർമാരായാണ് ഇന്ത്യയിലെ ഉപരിവർഗ്ഗം പ്രവർത്തിക്കുന്നത്. നൂതനമായ കണ്ടുപിടുത്തങ്ങളിൽ അവർക്കു താല്പര്യമില്ല. പ്രത്യേകിച്ചും സാങ്കേതിക മേഖലയിൽ. വിദേശരാജ്യങ്ങൾ വികസിപ്പിച്ചെടുക്കുന്ന ടെക്നോളജികൾ, കമ്മീഷൻ കൈപ്പറ്റി അവയെ ഇന്ത്യയിൽ വിതരണം ചെയ്യുന്ന വിദഗ്ധരായ ഇടനിലക്കാരാണ് അവർ.

ഇന്ത്യയിലെ സേവനമേഖലയിൽ ഉൾപ്പെടുന്ന റെസ്റ്റോറന്റുകൾ, ചില്ലറവ്യാപാരം, ഗതാഗതം, ചെറുകിട നിർമാണമേഖല എന്നിവയെല്ലാം പൊതുവെ സാമുദായിക അടിസ്ഥാനത്തിലാണ് നടത്തപ്പെടുന്നത്. അതിദ്രുതം വളർച്ച നേടുന്ന ഈ മേഖലയാണ് സാമ്പത്തികാഭിവൃദ്ധിയുടെ ചാലകശക്തി. എന്നാൽ ഇക്കാലത്തു അവ പ്രതിസന്ധികളെ നേരിടുകയാണ്. വായ്പകൾ ലഭിക്കാനുള്ള കാലതാമസം, വിപണിലഭ്യത, ആഗോള ഭീമന്മാരുമായുള്ള നേരിട്ടുള്ള മൽസരം എന്നിവയെല്ലാം ഇതിനു കാരണമാണ്. ശീതളപാനീയ വിപണി തന്നെ ഉദാഹരണമായി എടുത്താൽ, തദ്ദേശീയമായ പാനീയങ്ങൾക്കു പകരം പെപ്സിയെ പോലുള്ള വിദേശകമ്പനികളുടെ ഉല്പന്നങ്ങൾക്കാണ് മാർക്കറ്റ് കൂടുതലെന്ന് കാണാം. യൂറോപ്പിലും അമേരിക്കയിലും മറ്റും സംഭവിക്കുന്ന പ്രതിസന്ധികൾ കാരണം അവിടങ്ങളിൽ ഈവിധ ഉല്പന്നങ്ങൾക്കുള്ള ആവശ്യകത കുറയാൻ പോവുകയാണ്. അത്തരം പരാജയപ്പെട്ട ഉല്പന്നങ്ങൾ ഇല്ലാതാവുകയില്ല. മറിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വ്യാപകമായി അവതരിപ്പിക്കപ്പെടും. വിദേശികളോടുള്ള വിധേയത്വം മൂലം ഇന്ത്യക്കാർഇതിൽ ആകുലപ്പെടാൻ സാധ്യതയുമില്ല.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന എൻജിഒ-കളിൽ നല്ലപങ്കിനും വിദേശബന്ധം ഉണ്ട്. എൻജിഒ-കളെ പൊതുവെ രണ്ടായി തരംതിരിക്കാം. ഒന്നാമത്തേതിന്റെ ലക്ഷ്യം, ഇന്ത്യയിൽ വ്യാപക മതപരിവർത്തനം നടത്തുകയാണ്. കൂടാതെ ഇന്ത്യക്കാരെ പരിവർത്തനം ചെയ്തു യൂറോപ്പിലേക്കും മറ്റും അയക്കുന്നു. യൂറോപ്യരിൽ നല്ലപങ്കും പൊതുവെ അജ്ഞേയവാദികളോ നിരീശ്വരവാദികളോ ആയി മാറിയിട്ടുണ്ട്. ആയിരക്കണക്കിനു വിശ്വാസികളെ ഉൾക്കോള്ളാവുന്ന പള്ളിഹാളുകളിൽ, ഞായറാഴ്ചപോലും പത്തോ ഇരുപതോ പേരേ വരാറുള്ളൂ. അതിനാൽ, പള്ളികളുടെ നടത്തിപ്പിനു മറ്റുരാജ്യങ്ങളിൽനിന്നുള്ളകൃസ്തുമതവിശ്വാസികളെ യൂറോപ്യർ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയിൽനിന്നും ആളുകൾ പോകുന്നുണ്ട്. യൂറോപ്പിൽ പരാജയപ്പെട്ട ഈ കൃസ്ത്യൻമാതൃകയാണ്, ഇന്ത്യയിൽ മതപരിവർത്തനം നടത്തുന്നവർ, ഇങ്ങോട്ടു ഇറക്കുമതി ചെയ്യുന്നത്.

രണ്ടാമത്തെ വിഭാഗം എൻജിഒ‌-കൾ ഇടതുപക്ഷ രാഷ്ട്രീയത്തോടു ചായ്‌വുള്ളവരാണ്. അവർ മൃഗസ്നേഹത്തിന്റെ പേരിൽ ജല്ലിക്കെട്ടും, ശബ്ദമലിനീകരണത്തിന്റെ കാര്യം പറഞ്ഞ് ദീപാവലിയും നിരോധിക്കാൻ വട്ടംകൂട്ടുന്നു. ഇന്ത്യയിൽ ഒബിസി, എസ്‌സി വിഭാഗക്കാർ അടിച്ചമർത്തപ്പെടുന്നു എന്നതും അവരുടെ ആരോപണമാണ്. എന്നാൽ ഇത് വസ്തുതകൾക്കു വളരെ വിരുദ്ധമാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 540 ഓളം സ്വതന്ത്രനാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ഏകദേശം 450എണ്ണവും ഭരിച്ചിരിക്കുന്നത് ഇന്നത്തെ ഒബിസി വിഭാഗത്തിൽപെടുന്ന രാജാക്കന്മാരും, ബാക്കിയുള്ളതിൽ കുറേയേറെ എസ്‌സി വിഭാഗത്തിലെ രാജാക്കന്മാരുമായിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം, എണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്നതിനാൽ ഇവരെല്ലാം ഒബിസി വിഭാഗത്തിലേക്കു ചേർക്കപ്പെട്ടു.

എൻജിഒ-കളും അവർക്കു ധനസഹായം ചെയ്യുന്ന വിദേശസ്ഥാപനങ്ങളും ഇന്ത്യയെപ്പറ്റി മോശമായ പ്രതിശ്ചായ പരത്താൻ എപ്പോഴും ശ്രദ്ധവയ്ക്കുന്നുണ്ട്. ഇന്ത്യയിൽ നടന്ന ഏതാനും മാനഭംഗസംഭവങ്ങളെ ഇക്കൂട്ടർ ഊതിവീർപ്പിച്ചു കാണിക്കുന്നു. ഇതുവഴി ഇന്ത്യയിൽബലാൽസംഗങ്ങൾ സർവ്വ സാധാരണമാണെന്ന തെറ്റായ കാഴ്ചപ്പാട് ഇവർ നിർമിക്കുകയാണ്. തദ്ദേശീയ ധനസഹായത്തേക്കാൾ വൈദേശിക ഫണ്ടാണ് ഇവരുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്. എൻജിഒ-കൾക്ക് ആകെക്കൂടി 1.7-1.8 ലക്ഷം കോടി രൂപയുടെ ധനസഹായം വിവിധരീതിയിൽ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ശരിയായ ഓഡിറ്റിങ്ങ് ഇക്കാര്യത്തിൽ നടന്നിട്ടില്ല. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ‘എൻജിഒ‌വൽക്കരണം’ രാജ്യത്തിനു വളരെ ആപത്താണ്. എൻഡിഎ സർക്കാർ ഇക്കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തുന്നുണ്ട്. വിദേശഫണ്ടിന്റെ കണക്കുകൾ ബോധിപ്പിക്കാത്ത നിരവധി എൻജിഒ സ്ഥാപനങ്ങളെ സർക്കാർ നിരോധിച്ചു കഴിഞ്ഞു.
കേന്ദ്രസർക്കാർ ഉയർന്ന മൂല്യമുള്ള 500, 1000 നോട്ടുകൾ റദ്ദാക്കുമ്പോൾ, ഇന്ത്യയിലുള്ള അത്തരം നോട്ടുകളുടെ മൂല്യം ആകെ നോട്ടുകളുടെ മൂല്യത്തിന്റെ 85% ആയിരുന്നു. എന്നാൽ 2000-ൽ ഇത് വെറും 30% ആയിരുന്നു. ഈ അവസ്ഥ ഇത്രയും ഗുരുതരമാക്കിയതിനു മുൻസർക്കാറിന്റെ സമയത്തെ ധനമന്ത്രിയേയും രിസർവ്വ് ബാങ്ക് ഗവർണറേയും ചോദ്യം ചെയ്തു ശിക്ഷിക്കേണ്ടതാണ്.താഴ്ന്ന മൂല്യമുള്ള ചില്ലറയും നോട്ടുകളും കുറഞ്ഞു വരികയായിരുന്നു.

നോട്ട് റദ്ദാക്കലിനു ശേഷം, 2000 രൂപയുടെ നോട്ട് ഇറക്കിയത് ബുദ്ധിപരമായ നടപടിയല്ല. 2016 ആഗസ്റ്റ് മുതൽ 2000 നോട്ട് ഇറങ്ങുമെന്നതിനെ പറ്റി സൂചനകൾ ഉണ്ടായിരുന്നു. 2000-ത്തിന്റെ നോട്ടുകൾ ശേഖരിച്ചുവയ്ക്കാൻ എളുപ്പമായതിനാൽ കള്ളപ്പണത്തെ പ്രോൽസാഹിപ്പിക്കുന്ന നടപടിയായേക്കാം. ചില്ലറവ്യാപാരികൾ ഉപയോഗിക്കുന്ന 100, 50, 10 രൂപ നോട്ടുകൾ പുറത്തിറക്കുന്നതിലാണ് സർക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടത്.

ബാങ്കിങ്-ഇതര ധനകാര്യ സ്ഥാപനങ്ങളേയും, പണമിടപാടുകാരേയും ബാങ്കിങ്ങ് ശ്രംഖലയോടു ബന്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്റെ മുദ്ര ആക്ട് നല്ലൊരു തീരുമാനമാണ്. ഇന്നു അവർ ബാങ്കിങ് മേഖലക്കു പുറത്താണ്.ഇന്ത്യയിൽ വായ്പയായി നൽകുന്ന ഓരോ നൂറുരൂപയിലും 45-50 രൂപ മാത്രമേ ബാങ്കുകൾ നൽകുന്നുള്ളൂ. ബാക്കിയുള്ള തുക ബാങ്കിങ് ഇതര പണമിടപാടു സ്ഥാപനങ്ങളാണ് നൽകുന്നത്. അവരുടെ borrowing rate ഒരു മാസത്തിൽ 2-8 ശതമാനം വരെയാണ്. ബാങ്കുകളുടേത് 12-14 ശതമാനവും. ഈ രണ്ടു വിഭാഗങ്ങളേയും സംയോജിപ്പിക്കുവാൻ മുദ്ര ആക്ട് അത്യാവശ്യമായിരുന്നു.എന്നാൽ ആർബിഐ എതിർപ്പുകൾ ഉയർത്തുന്നുണ്ട്. മുദ്രയ്ക്കു വേണ്ടി വായ്പ മുടക്കാൻ വാണിജ്യബാങ്കുകൾക്കു ആർബിഐ നിർദ്ദേശം നൽകിയിരിക്കുകയാണ്.എന്നാൽ വാണിജ്യബാങ്കുകൾക്കു ഒരുപരിധിയിൽ അധികം ഇക്കാര്യത്തിൽ മുന്നേറാനാകില്ല. ചെറുകിട ഗ്രൂപ്പുകൾ അത്രയധികമാണ്. മുദ്ര ആക്ടിന്റെ പ്രാധാന്യം ഇവിടെയാണ്. ദേശീയ ഭവനനിർമാണ ബാങ്കിനെപ്പോലെ(NHB) പ്രവർത്തിക്കാൻ മുദ്ര-ക്കു കഴിയും.ഇത്തരം സംരംഭങ്ങളുടെ ഫലമായി മൊത്തം പലിശനിരക്കിൽ കുറവുണ്ടാകണം. എങ്കിലേ ചെറുകിട വ്യാപാരികൾക്കു അത് ഗുണകരമാകൂ. നോട്ടുറദ്ദാക്കലിനു ശേഷം ബാങ്കികളിലേക്കു ഒഴുകിയെത്തിയ പണം മൂലം പലിശനിരക്കിൽ തീർച്ചയായും കുറവുണ്ടാകും. ടാക്സ് ലഭിക്കുന്നതു മൂലം ഗവണ്മെന്റിനു വൻവരുമാനവും ഉണ്ട്. വരുന്ന ബജറ്റിൽ ടാക്‌സ് റേറ്റിൽ ഇളവ് ന്യായമായും പ്രതീക്ഷിക്കാം. നോട്ടു റദാക്കലിന്റെ ആഘാതം ഇനിയും 1-2 പാദങ്ങളിൽ കൂടി നീണ്ടുനിന്നേക്കാം. അതിനുശേഷം ശുദ്ധമായ സാമ്പത്തികരംഗമാണ് വരിക.

Leave a Reply