ഇന്ത്യ–അമേരിക്ക ബന്ധം നിർവചിക്കേണ്ടതെങ്ങനെ?

പലവക

2016 നവംബർ ആദ്യവാരത്തിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അമേരിക്കൻ ഐക്യനാടുകളുടെ പുതിയ പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിജയിച്ചു. ഡെമോക്രാറ്റിക് പക്ഷത്തിനു നേരിയ ഭൂരിപക്ഷം കല്പിച്ചിരുന്ന അഭിപ്രായ സർവ്വേകളെ അട്ടിമറിച്ചുകൊണ്ടാണ് ട്രംപ് അധികാരത്തിൽ എത്തിയിരിക്കുന്നത്. പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-അമേരിക്ക ബന്ധം എങ്ങിനെയായിരിക്കണമെന്നതിനെപ്പറ്റി പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ രാജീവ് മൽഹോത്ര എഴുതിയ ലേഖനം


ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടവുമായി ഇടപെടുന്നതിനു, പ്രായോഗികതയിൽ ഊന്നുന്ന നയസമീപനത്തിനു ഇന്ത്യ രൂപംകൊടുക്കണം. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ അനുവർത്തിക്കാറുള്ള ഐഡിയോളജിക്കൽ സമീപനത്തിൽനിന്നു വ്യത്യസ്തമായിരിക്കണം ഈ പുതിയ നയം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വലതുപക്ഷം എന്നോ ഇടതുപക്ഷം എന്നോ ട്രംപിനെ ലേബൽ ചെയ്യരുത്. പകരം പ്രസിഡന്റ് എന്നനിലയിൽ അദ്ദേഹത്തിന്റെ മുൻഗണനകൾ മനസ്സിലാക്കി, ആശയങ്ങളുടെ കെട്ടുപാടുകളില്ലാത്ത ഉടമ്പടികളിൽ ഏർപ്പെടുക.

ഇന്ത്യയുടെ ഏറ്റവും പ്രമുഖ നയതന്ത്രലക്ഷ്യം ബലൂചിസ്ഥാൻ ആയിരിക്കണം. ബലൂച് സ്വാതന്ത്ര്യപ്രസ്ഥാനത്തെ പിന്തുണച്ച്, പാക്കിസ്ഥാനിൽ നിന്നു ബലൂചിസ്ഥാനെ സ്വതന്ത്ര്യമാക്കുന്നത് ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്നു ട്രംപിനെ ബോധ്യപ്പെടുത്തുക. അമേരിക്കയുടെ സൈനിക ഇടപെടൽ വഴി ഈ മേഖലയുടെ ഭൂപടം തന്നെ ശാശ്വതമായി മാറ്റിയെഴുതപ്പെടും. അഫ്ഗാനിസ്ഥാന്, ബലൂചിസ്ഥാൻ വഴി സമുദ്രഗതാഗതം തുറന്നുകിട്ടും; സൈനിക വിന്യാസത്തിനു അമേരിക്കയ്ക്കു പാക്കിസ്ഥാനെ ആശ്രയിക്കേണ്ടി വരില്ല. പാക്കിസ്ഥാന്റെ മുഷ്ടിയിൽനിന്നുള്ള സ്വാതന്ത്ര്യം അഫ്ഗാനികൾക്കു സന്തോഷം നൽകും. കരഭൂമിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന മദ്ധേഷ്യൻ രാജ്യങ്ങളും ഈ നീക്കത്തെ സ്വാഗതം ചെയ്യും. പുടിനുമായി വിഷയം ചർച്ച ചെയ്യുമ്പോൾ, റഷ്യക്കു പുതിയൊരു കടൽമാർഗം ലഭ്യമാകുമെന്നു അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. ഏറെ നാളുകളായി പാക്കിസ്ഥാൻ സമർത്ഥമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന, ഭൂമിശാസ്ത്ര പ്രാധാന്യം ഇപ്രകാരം അവർക്കു നഷ്ടമാകും.

അഫ്ഗാനിസ്ഥാന് ഇന്ത്യ സൈനികസഹായം നൽകണം. എന്നാൽ ഒരു സ്വതന്ത്ര ബലൂചിസ്ഥാൻ ഉണ്ടാകുമെന്നു അമേരിക്ക ഉറപ്പുനൽകിയാലേ ഇങ്ങിനെ ചെയ്യാവൂ. ഇരുകൂട്ടർക്കും ഉപകാരപ്പെടുന്ന ഒരു ഉടമ്പടിയാകും ഇത്. റഷ്യയും ഇതിൽ പങ്കാളിയായേക്കാം. രഹസ്യമോ പരോക്ഷമോ ആയ രീതിയിലുള്ള ഇസ്രയേലിന്റെ പങ്കും ചർച്ചചെയ്തു തീരുമാനിക്കണം. ബലൂചിസ്ഥാനിൽ ഇറാന് ഉള്ള ദീർഘകാല താല്പര്യം പരിഗണിച്ചാൽ, അവരുമായുള്ള ചർച്ചയ്ക്കും ഈ നടപടിയാൽ ഒരു അവസരം ലഭിച്ചേക്കാം.

ട്രംപുമായി നടത്തുന്ന തന്ത്രപ്രധാനമായ ചർച്ചകൾ മുതിർന്ന ഇന്ത്യൻ സൈനിക മേധാവികളുടെ നേതൃത്വത്തിൽ ആയിരിക്കണം. നയതന്ത്ര പ്രതിനിധികളുടെ മാതൃകാസംഘത്തെ ഇന്ത്യ അയയ്ക്കരുത്. അവ്യക്തനിലപാട് എടുക്കുന്ന ഉദ്യോഗസ്ഥരേക്കാൾ, വ്യക്തവും കൃത്യനിഷ്ഠവുമായ തിരുമാനങ്ങൾ എടുക്കുന്നവരെ അമേരിക്കക്കാർ ബഹുമാനിക്കും. ട്രംപുമായി ഇടപെടുന്നതിൽ ഇത്തരം പ്രായോഗിക സമീപനം കൂടുതൽ ഉപയോഗിക്കാവുന്നതാണ്. വിമുക്തഭടനായ ഒരു വ്യക്തിയെ അമേരിക്കയിലെ അംബാസഡറായി നിയമിക്കുന്നത് ഇന്ത്യ പരിഗണിക്കണം. അമേരിക്കയുമായുള്ള നയതന്ത്രബന്ധം അജിത് ഡോവലിന്റെ മുൻഗണന പട്ടികയിലും ഉണ്ടാകണം.

ഇന്ത്യയിൽ നടക്കുന്ന കൃസ്ത്യൻ മതപരിവർത്തനത്തിനു അമേരിക്കൻ ഗവൺമെന്റ് നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നതാകണം പ്രമുഖ നയതന്ത്ര ലക്ഷ്യം. ഇവാഞ്ചലിസ്റ്റുകൾ ട്രംപിനു ഉറച്ച പിന്തുണ നൽകുന്നവരും, അമേരിക്കൻ ഗവൺമെന്റിൽ നിന്നു വിദേശനയം വഴി ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ നിപുണരും ആണ്. ശക്തമായി നിലകൊള്ളുന്ന ഇന്ത്യയാണ് അമേരിക്കൻ താല്പര്യത്തിനു സഹായകമെന്ന് ട്രംപിനെ ബോധ്യപ്പെടുത്തണം.

‘ബ്രേക്കിങ് ഇന്ത്യ’ ശക്തികൾക്കു പ്രോൽസാഹനം നൽകി ഇന്ത്യയെ ദുർബലപ്പെടുത്തുന്നത്, ഇസ്ലാമിക മൗലികവാദത്തിനും ചൈനക്കും മുൻതൂക്കം നൽകുന്ന നടപടിയാകും. ദീർഘകാല അടിസ്ഥാനത്തിൽ നോക്കിയാൽ, വിഘടിച്ചു നിൽക്കുന്ന ഇന്ത്യക്കു ഒരു കൃസ്ത്യൻ രാജ്യമാകാൻ കഴിയില്ല; മറിച്ച് മുഗൾസ്ഥാൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള യുദ്ധഭൂമിയായി മാറുകയാകും ഫലം. അമേരിക്കയ്ക്കു ഇത് മദ്ധ്യ-പൂർവ്വ ഏഷ്യയേക്കാൾ വലിയ തലവേദനയാകും. ‘Breaking India’ എന്ന പുസ്തകത്തിന്റെ ഒന്നാമത്തേയും അവസാനത്തേയും അദ്ധ്യായത്തിൽ ഇതിനെപ്പറ്റി ഞാൻ വിശദീകരിക്കുന്നുണ്ട്. നയതന്ത്ര ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ തീർച്ചയായും ഈ ഭാഗങ്ങൾ വായിച്ചിരിക്കേണ്ടതാണ്.

മുകളിൽ വിവരിച്ച (പ്രതിരോധ-ആക്രമണാത്മക) ദ്വിമുഖ തന്ത്രം Carrot-Stick Policy-ക്കു സമമാണ്. ഇന്ത്യ സ്വന്തം കാലിൽ ഉറച്ചുനിൽക്കണം. ഗത്യന്തരമില്ലെന്നു തെറ്റായി വിലയിരുത്തി ഇന്ത്യ ഏതെങ്കിലും രാജ്യത്തിന്റെ സഖ്യകക്ഷി ആകാൻ തയ്യാറാകരുത്.

എച്ച്‌വൺ-ബി വിസ പോലുള്ള വിഷയങ്ങൾക്കു വളരെ പ്രാധാന്യമുണ്ടെന്നതിൽ തർക്കമില്ല. ഇക്കാര്യത്തിൽ ഇന്ത്യയിലേയും അമേരിക്കയിലേയും വ്യവസായലോകത്തിനു ഒരേ നിലപാടാണ്. ട്രംപ് അമേരിക്കൻ വ്യവസായലോകത്തിനു ചെവികൊടുക്കുന്ന വ്യക്തിയാണ്. ഇക്കാര്യം സമർത്ഥമായി പ്രയോജനപ്പെടുത്തണം. ഇന്ത്യൻ ഭരണകൂടം ട്രംപിനു എല്ലാ പിന്തുണയും നൽകണം. എന്നാൽ മുമ്പ് പറഞ്ഞ രണ്ടു പ്രധാന വിഷയങ്ങളിലുള്ള നിലപാട് ഒട്ടും മയപ്പെടുത്തുകയുമരുത്.

നിലവിലുള്ള സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി, അമേരിക്കയിലുള്ള ഇന്ത്യൻ വംശജർ തങ്ങൾക്കു വേണ്ടപ്പെട്ടവർക്കു ഗവണ്മെന്റ് പദവിയും മറ്റും തരപ്പെടുത്താൻ ശ്രമിക്കരുത്. നിർഭാഗ്യവശാൽ, ഒബാമ അമേരിക്കൻ പ്രസിഡന്റായപ്പോൾ സംഭവിച്ചത് അതാണ് – അദ്ദേഹത്തിന്റെ ഇന്ത്യൻ അനുകൂലികൾ പദവിക്കും പ്രശസ്തിക്കും വേണ്ടിയുള്ള ലോബികളായി മാറി. ഇന്ത്യയോടുള്ള ധാർമിക കടമ അവർ മറന്നു. ഇതിനെതിരെ ഇത്തവണ ഇന്ത്യൻ വംശജർ ജാഗരൂകരായിരിക്കണം.

കുറച്ചുനാളത്തെ ആശയക്കുഴപ്പത്തിനു ശേഷം വാൾ സ്ട്രീറ്റിൽ കാര്യങ്ങൾ ക്രമേണ സ്ഥിരത കൈവരിക്കും. കൂടുതൽ കരുത്തുള്ള സാമ്പത്തികാടിത്തറ അമേരിക്കയിൽ ഉയർന്നുവരും. അരവിന്ദ് കേജ്‌രിവാളിനുള്ള ഒരു അരാജകത്വ പ്രവണത ട്രംപിനും ഉണ്ട് – അംഗീകൃത നിയമവ്യവസ്ഥയ്ക്കു എതിരെയുള്ള വാചാടോപം. പക്ഷേ അമേരിക്കയ്ക്കു വളരെ പക്വവും ദൃഢവുമായ ഭരണഘടനാ സ്ഥാപനങ്ങളുടെ ശൃംഖലയുണ്ട്. അസ്ഥിരവും ആശയക്കുഴപ്പങ്ങൾ നിറഞ്ഞതുമായ സാഹചര്യങ്ങൾ താൽക്കാലികം മാത്രമാണ്.

ലോകമെങ്ങും തകരുന്ന വ്യാജലിബറലിസത്തിന്റെ ചരിത്രം എഴുതുമ്പോൾ ഭാവിയിൽ ഉപയോഗപ്പെടുന്ന സംഭവമാണ് ട്രംപിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് വിജയം. കപടതയുടെ മുഖംമൂടിയണിഞ്ഞ സമകാലീന ലിബറലിസത്തെ വിശേഷിപ്പിക്കാനാണ് ഞാൻ വ്യാജ-ലിബറലിസം എന്ന പദം ഉപയോഗിക്കുന്നത്. ഇസ്ലാമിക മൗലിക വാദത്തിനെതിരെ മൃദുനിലപാട് പുലർത്തേണ്ടത് എന്തുകൊണ്ട് ലിബറലിസത്തിന്റെ ആവശ്യകതയായി പരിഗണിക്കപ്പെടുന്നു? ആഢ്യന്മാരായ വ്യക്തികളും അവർ രൂപംകൊടുത്ത സംഘടനകളും ലിബറലിസത്തിന്റെ മേലങ്കിയിൽ എന്തുകൊണ്ടാണ് കൂടുതൽ സ്വീകാര്യരാകുന്നത്? മനുഷ്യാവകാശത്തേയും മറ്റു ലിബറൽ കാഴ്ചപ്പാടുകളേയും കുറിച്ച് വാതോരാതെ സംസാരിച്ചിട്ടും, സംഘർഷങ്ങൾക്കും, സംസ്കാരങ്ങൾ നശിപ്പിക്കുന്നതിനും, കപടമതേതരത്വം പ്രോൽസാഹിപ്പിക്കുന്നതിനും ആഗോള ലിബറൽ പ്രസ്ഥാനം കാരണമായിട്ടുണ്ട്.

ബ്രെക്സിറ്റും ട്രംപിന്റെ പ്രസിഡന്റ് പദവിയും, ആഗോളവും തദ്ദേശീയവുമായ ഘടകങ്ങൾ തമ്മിലുള്ള ബന്ധം പുനർനിർവചിക്കാൻ വിവിധ രാജ്യങ്ങളെ പ്രേരിപ്പിക്കും. തന്റെ ഭരണകാലത്തു പുതിയൊരു യാഥാസ്ഥിതികത്വത്തെ (Conservatism) പരീക്ഷിച്ച് വികസിപ്പിച്ചെടുക്കാൻ ട്രംപ് ശ്രമിക്കും. റിപ്പബ്ലിക്കൻ പാർട്ടി സ്വയമേവ ഒരു അഴിച്ചുപണിക്കു വിധേയമാകണം. പ്രഗൽഭനായ വില്യം ബക്ക്‌ലി ജൂനിയർ രൂപം കൊടുത്ത യാഥാസ്ഥിതിക കാഴ്ച്ചപ്പാടാണ് ഇന്നു നിലവിലിരിക്കുന്നത്. അദ്ദേഹത്തിന്റെ നിരവധി ആശയങ്ങളോടു യോജിപ്പില്ലെങ്കിലും, അമേരിക്കൻ യഥാസ്ഥിതിക പ്രസ്ഥാനത്തിനു അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളെ ഞാൻ വിലമതിക്കുന്നു.

റൊണാൾഡ് റീഗൻ അദ്ദേഹത്തിന്റെ കാലത്തെ പുത്തൻ യാഥാസ്ഥിതിക തലമുറയെ പ്രചോദിപ്പിച്ച രീതിയിൽ, ട്രംപ് യുഗവും പുത്തൻ ചിന്താധാരകളെ ഉല്പാദിപ്പിക്കും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പടിഞ്ഞാറൻ രാജ്യങ്ങളിലെ കൺസർവേറ്റീവ് പ്രസ്ഥാനങ്ങൾ നിരവധി സംഭവവികാസങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്: ബാരി ഗോൾഡ്‌വാട്ടർ – റൊണാൾഡ് റീഗൻ – മാർഗരറ്റ് താച്ചർ – വില്യം ബക്ക്‌ലി., എന്നിങ്ങനെ നിരവധി വ്യക്തികൾ ഈ കാലഘട്ടത്തിലുണ്ട്. അമേരിക്കൻ ഗരിമ (American Exceptionism) എന്ന മിത്ത്, താൽക്കാലികമായി തകർന്നിരിക്കുന്ന ഇക്കാലത്ത്, കൺസർവേറ്റീവ് ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് മറ്റൊരു ദേശീയ മിത്ത് രൂപീകരിക്കേണ്ട സാഹചര്യം അമേരിക്കയിൽ നിലവിലുണ്ട്.

ഇന്ത്യ നേരിടുന്ന ബൗദ്ധിക വെല്ലുവിളിയിലും, ഇന്ത്യയിൽ നിലവിലുള്ള യാഥാസ്ഥിതികതയുടെ സമകാലീന അവസ്ഥയിലും എനിക്കു ആശങ്കയുണ്ട്. പഴയ കുടുംബവാഴ്ച രാഷ്ട്രീയവും, കപട മതേതരത്വവും പാർശ്വവൽക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇവയുടെ തകർച്ചകൊണ്ട് ലക്ഷ്യം പൂർണമായില്ല. പുതിയ ആശയങ്ങൾ ഉയർന്നുവന്ന് ഇന്ത്യൻ വ്യവസ്ഥിതി പൂർവ്വാധികം ശക്തിമത്താകേണ്ടതുണ്ട്. പണ്ഢിറ്റ് ദീനദയാൽ ഉപാധ്യായയെ പോലെ കഴിവുള്ള ഊർജ്ജസ്വലരായ പുതിയ ചിന്തകർ എവിടെയാണ്? മുൻകാല മഹാത്മാക്കളുടെ അമ്പതുവർഷം പഴക്കമുള്ള കൃതികൾ പ്രകീർത്തിക്കുന്നതിൽ ഹിന്ദു ബുദ്ധിജീവികൾ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും, ആധുനിക ബൗദ്ധിക കുരുക്ഷേത്രത്തിൽ എതിരാളികളോടു മൽസരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന തരം ബൗദ്ധിക സ്ഥാപനങ്ങൾ ഇന്ത്യയിൽ ഇല്ലാത്തത് എന്നെ നിരാശപ്പെടുത്തുന്നു. നമ്മുടെ പൂർവ്വികരായ മഹാത്മാക്കളെ ആദരിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗം, അവരുടെ മഹനീയമായ ചിന്താപാരമ്പര്യം അണയാതെ തുടർന്നുകൊണ്ട് പോവുകയാണ്.

Original Article:  http://swarajyamag.com/world/how-india-should-deal-with-president-trump

2016 നവംബർ 27-നു നടന്ന ടൈംസ് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുത്ത് ‘How will India deal with President Trump’ എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ ശ്രീ രാജീവ് മൽഹോത്രയും പങ്കെടുത്തിരുന്നു. അതിൽ അദ്ദേഹം ഉയർത്തിയ നിർണായക പോയിന്റുകൾ ഈ വീഡിയോയിൽ കാണാം .

https://www.youtube.com/watch?v=r0tSX3M-7oM&feature=em-uploademail

Leave a Reply