ധാര്‍മ്മികപാരമ്പര്യം ‘ചരിത്ര കേന്ദ്രിതം’ അല്ല

അബ്രഹാമിക് മതങ്ങൾ ഭാരതീയ സംസ്‌കൃതി സുവിശേഷവൽക്കരണ ഭീഷണി

അബ്രഹാമിക് മതങ്ങള്‍ (ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം) തമ്മിലുള്ള യുദ്ധ-സംഘര്‍ഷങ്ങള്‍ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മതപരമായ വ്യത്യസ്ത വീക്ഷണങ്ങളാണ് സംഘര്‍ഷത്തിനു കാരണം. ദൈവത്തിന്റെ യഥാര്‍ത്ഥ വെളിപാടുകള്‍ എന്ത്, എങ്ങനെയാണ് അവ വെളിപ്പെട്ടത്, വെളിപാടുകളുടെ ശരിയായ അര്‍ത്ഥമെന്ത്., ഇത്യാദി വിഷയങ്ങളില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനു തീര്‍പ്പുകല്‍പ്പിക്കാന്‍ ‘അംഗീകൃത’ മതഗ്രന്ഥങ്ങള്‍ വിഭാവനം ചെയ്യുന്ന മതസംഹിതകള്‍ക്കു അവര്‍ രൂപം കൊടുത്തു. മതപ്രമാണങ്ങള്‍ ചര്‍ച്ച ചെയ്തു ലിഖിതരൂപത്തിലാക്കി. പിന്നീട്, ഇതെല്ലാം ആചരിച്ച് വിശ്വസിക്കുന്നവരെ ഉറച്ച മതാനുയായികളായി കണക്കാക്കി.

ലോകത്തില്‍ ദൈവം നടത്തിയ ഇടപെടലുകളുടെ ചരിത്രത്തിനു ക്രിസ്തുമതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ ജീവചരിത്രം അടങ്ങിയിട്ടുണ്ടെന്നു കരുതുന്ന മതപ്രമാണം (Nicene Creed) ഇതിനു തെളിവാണ്. എല്ലാ ക്രിസ്ത്യന്‍ പള്ളികളിലും വായിക്കാറുള്ള ഈ പ്രമാണത്തോടു ക്രൈസ്തവ വിശ്വാസികള്‍ അചഞ്ചല കൂറുള്ളവരായിരിക്കണം. ചരിത്രസംഭവങ്ങള്‍ക്കു ക്രിസ്തുമതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് സംശയിക്കുന്നവരും ഇത് വായിക്കേണ്ടതാണ്. CE 325-ല്‍, റോമന്‍ സാമ്രാജ്യത്തിന്റെ ഔഗ്യോഗിക മതമായി ക്രിസ്തുമതം മാറിക്കൊണ്ടിരുന്ന കാലത്താണ് ഈ മതപ്രമാണം എഴുതപ്പെട്ടത്. ഇപ്പോഴിത് വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ – കത്തോലിക്, ഈസ്റ്റേണ്‍ ഓര്‍ത്തോഡോക്‌സ്, ആഗ്ലിക്കന്‍, ചില പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ – ഔദ്യോഗിക പ്രമാണമാണ്.

ദൈവത്തിന്റെ ഇച്ഛയോട് അനുസരണയും കൂറും പുലര്‍ത്തി ജീവിച്ചാല്‍ മാത്രമേ പാപമോചനം ഉറപ്പുള്ളൂവെന്ന് ക്രിസ്ത്യന്‍ മതപ്രമാണം പറയുന്നു. ദൈവേച്ഛ എന്തെന്ന് പ്രവാചകര്‍ വഴിയും ചരിത്രസംഭവങ്ങളാലും മനുഷ്യര്‍ക്കു മനസ്സിലാക്കാം. ഏദന്‍ തോട്ടത്തില്‍ വച്ച് ആദവും ഹവ്വയും ദൈവത്തെ ധിക്കരിച്ചതു മൂലം (Original Sin), അവരുടെ സന്തതിപരമ്പരകളായ മനുഷ്യര്‍ക്കു പാപമുക്തി നേടിയേ തീരൂ. ഇല്ലെങ്കില്‍ നിത്യനരകത്തില്‍ കഴിയാന്‍ അവര്‍ വിധിക്കപ്പെടും. ഈ സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരും പാപത്തില്‍നിന്ന് മോചിതരാകണം. മാനവചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍, ദൈവം രംഗപ്രവേശനം ചെയ്യുന്നത് ഇതിനാണ്. ദൈവത്തിന്റെ ഈ ഇടപെടല്‍ പൂര്‍ണസത്യമാണെന്നു പ്രഖ്യാപിച്ച്, അതിന്റെ സാധുത ഊട്ടിയുറപ്പിക്കേണ്ടത് ക്രിസ്തുമതത്തിനു വളരെ അവശ്യമാണ്. കാരണം ക്രിസ്തുമതപ്രകാരമുള്ള ചരിത്രത്തില്‍ പറയുന്നതാണ് ഇതെല്ലാം. ചരിത്രത്തില്‍ നിന്നു ഉണ്ടായതും, അതേ ചരിത്രത്തിനു ബാധകവുമാണ് ഈ സത്യം. കഴിഞ്ഞുപോയ കാലത്തും, ഇനിയുള്ള ഭാവികാലത്തും അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. മനുഷ്യരെല്ലാം ഒരു സവിശേഷ ‘നിയമം’ അംഗീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഈ സത്യത്തിന്റെ അത്യന്തികലക്ഷ്യം. ക്രിസ്ത്യന്‍ മതപ്രമാണം അനുസരിച്ചുള്ള ലോകചരിത്രത്തിനു സാധുത കൈവരണമെങ്കില്‍ അത് സാര്‍വ്വത്രികമായ അംഗീകാരം നേടേണ്ടതുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ കുറവാണ്. ക്രിസ്ത്യന്‍ മതപ്രമാണത്തിലുള്ള ചരിത്രം ഒരു പ്രത്യേക കാലത്തു ഒരു പ്രത്യേക ഭൂമികയില്‍ നിലവിലിരുന്നതാണ്. അതില്‍ വിവരിക്കുന്ന സംഭവങ്ങള്‍ തെറ്റാകാനുള്ള സാധ്യതയും ഏറെയാണ്. സാര്‍വ്വത്രികമായി അംഗീകാരം നേടാന്‍ ഈ ചരിത്രത്തിനു കഴിയില്ല; എന്നാല്‍ സംഘര്‍ഷങ്ങള്‍ക്കു വഴിമരുന്നിടുകയും ചെയ്യും. എന്നിട്ടും സെമിറ്റിക് മതങ്ങള്‍ തങ്ങളുടെ മതപ്രമാണത്തിലുള്ള ചരിത്രം സാര്‍വ്വത്രികമാണെന്ന കടുംപിടുത്തം തുടരുകയാണ്. ഈ സവിശേഷ സാഹചര്യം സൂചിപ്പിക്കാനാണ് ‘ചരിത്ര കേന്ദ്രിതം’ എന്ന വാക്ക് ഞാന്‍ നിര്‍ദ്ദേശിച്ചത്.

ധാര്‍മ്മിക പാരമ്പര്യത്തില്‍ പെടുന്ന മതങ്ങള്‍ (ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം) അബ്രഹാമിക് മതങ്ങളില്‍ നിന്നു വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ഇരുവിഭാഗങ്ങളുടേയും മാര്‍ഗവും ലക്ഷ്യവും വെവ്വേറെയാണ്. എബ്രഹാമിക് മതങ്ങള്‍ ‘ചരിത്രകേന്ദ്രിതം’ ആണെങ്കില്‍ ധാര്‍മ്മിക പാരമ്പര്യത്തിലെ മതങ്ങള്‍ക്കു അങ്ങനെയൊരു ബാധ്യതയില്ല. അവര്‍ കൂടുതല്‍ സ്വതന്ത്രരാണ്. ധാര്‍മ്മിക ധാരയില്‍ ഓരോ മോക്ഷാര്‍ത്ഥിക്കും സ്വന്തം പ്രജ്ഞയെ ആത്മീയോന്നതിയിലേക്കു ഉയര്‍ത്താന്‍ സ്വയമേവ ശ്രമിക്കാം. അതും ഈ ജന്മത്തില്‍ തന്നെ. ധാര്‍മിക മതങ്ങളില്‍ ചരിത്രം മാത്രമല്ല, ‘പാപവും’ ഒരു ബാധ്യതയായി വരുന്നില്ല. ആദിപാപം പോലുള്ള ‘ചരിത്രസംഭവങ്ങള്‍’ അവിടെയില്ല. ‘Journal of Inter-Religious Dialogue’-ന്റെ സഹ പത്രാധിപനായ ജോഷ്വ സ്റ്റാന്റനുമായി, ഞാന്‍ നടത്തിയ ഒരു രസകരമായ സംവാദത്തിലെ വിഷയങ്ങളിലൊന്ന് ഇതായിരുന്നു.

അബ്രഹാമിക് മതങ്ങളില്‍ ഒരു വിശ്വാസിക്കു നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചരിത്രബോധം, ധാര്‍മിക ധാരയിലുള്ള മതവിശ്വാസിക്കു ആവശ്യമില്ല. വേണമെങ്കില്‍ ലളിതമായ ഒരു ചരിത്രപരിചയം ആകാമെന്നേ അതില്‍ പറയുന്നുള്ളൂ. മോക്ഷാര്‍ത്ഥി ഭൂതകാലത്തിന്റെ കെട്ടുപാടില്ലാതെ സ്വപ്രയത്‌നത്താല്‍ പരമാര്‍ത്ഥസത്യത്തെ സാക്ഷാത്കരിക്കുകയാണ് ധാര്‍മിക പാരമ്പര്യത്തില്‍ നിലനില്‍ക്കുന്ന രീതി. ചരിത്ര ബാധ്യതയില്ലാത്ത, നേരിട്ടു പരമാര്‍ത്ഥസത്യത്തെ പ്രാപിക്കാന്‍ സഹായിക്കുന്ന ഈ മോക്ഷമാര്‍ഗത്തെ, ധാര്‍മ്മിക ധാരയിലുള്ള എല്ലാ മതങ്ങളും അംഗീകരിക്കുന്നു. മാത്രമല്ല കര്‍ക്കശ ശിക്ഷണത്താല്‍ മോക്ഷം നേടുന്ന ഈ രീതി ലോകത്തിലുള്ള ഏവര്‍ക്കും അവലംബിക്കാവുന്നതുമാണ്. ഇതില്‍ വിശ്വസിക്കാത്തവര്‍ക്കു പോലും മോക്ഷപ്രാപ്തിക്കു ശേഷിയുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം.

ധാര്‍മ്മിക സമ്പ്രദായങ്ങളില്‍ നിന്നു വ്യത്യസ്തമായി, ദൈവവുമായി തദാമ്യം പ്രാപിക്കാന്‍ സെമിറ്റിക് മതവിശ്വാസിക്കു കഴിയില്ല. ‘ദൈവത്തോടു കൂടിച്ചേരുക’ എന്ന തത്ത്വം തന്നെ അബ്രഹാമിക് മതങ്ങളില്‍ ഇല്ല. പാപമോചനം മാത്രമേ അവിടെ ലഭിക്കൂ. അതിനു, ചരിത്രസംഭവങ്ങളിലൂടെയും പ്രവാചകര്‍ വഴിയും വെളിപ്പെട്ടിട്ടുള്ള ദൈവേച്ഛ അനുസരിച്ച് ജീവിക്കണം.

അബ്രഹാമിക് മതങ്ങള്‍ ചരിത്രത്തിനു നല്‍കുന്ന പരമപ്രാധാന്യം, വിശ്വാസികളുടെ വ്യക്തിഗതമായ ആത്മീയാന്വേഷണങ്ങള്‍ക്കു പ്രതിബന്ധം തീര്‍ക്കുന്നു. (അതുകൊണ്ടു തന്നെ, മിസ്റ്റിക് ആയ വ്യക്തികളെ ഈ മതങ്ങള്‍ സംശയത്തോടെയാണ് വീക്ഷിക്കാറുള്ളത്). ചരിത്രത്തിന്റെ ഇടപെടല്‍ മൂലം, സെമിറ്റിക് മതങ്ങളുടെ വിശ്വാസികള്‍ തമ്മില്‍, ദൈവികസത്യത്തെക്കുറിച്ച് ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ക്കു പരിഹാരവും സാധ്യമല്ല. ഒരു വിഭാഗം വിശ്വാസികളുടെ ചരിത്രവീക്ഷണം മറുവിഭാഗത്തിനു മാറ്റിമറിക്കാനാകില്ല. കൂടാതെ, സെമിറ്റിക് മതവിശ്വാസപ്രകാരം ചരിത്രപരമായ ദൈവിക വെളിപാടുകള്‍ ലഭിച്ചിട്ടില്ലാത്ത ജനവിഭാഗങ്ങള്‍ അന്ധകാരത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ്. അവര്‍ക്കു ദൈവവുമായി ഒരു ബന്ധവും സാധ്യമല്ല. അവിശ്വാസികളും ദൈവവും തമ്മിലുള്ള ബന്ധം നിര്‍വചിക്കപ്പെട്ടിട്ടുള്ളത് അങ്ങനെയാണ്. മതവിശ്വാസത്തില്‍ ചരിത്രത്തിനുള്ള നിര്‍ണായപങ്കാണ് അബ്രഹാമിക് മതങ്ങളും (ക്രിസ്തുമതം, ജൂതമതം, ഇസ്ലാംമതം) ധാര്‍മ്മിക പാരമ്പര്യത്തിലുള്ള മതങ്ങളും (പ്രത്യേകിച്ചും ഹിന്ദുമതം, ബുദ്ധമതം) തമ്മിലുള്ള പ്രധാന വ്യത്യാസം.

ധാര്‍മ്മിക മതങ്ങള്‍ വിഭാവനം ചെയ്ത മോക്ഷം പ്രാപിക്കാന്‍, ഏതെങ്കിലും വിധമുള്ള ചരിത്രജ്ഞാനം മോക്ഷാര്‍ത്ഥി സ്വായത്തമാക്കേണ്ടതില്ല. ചരിത്രജ്ഞാനം നേടിയതുകൊണ്ട് മാത്രം, ആരും മോക്ഷനില പ്രാപിക്കുന്നുമില്ല. മോക്ഷപ്രാപ്തിയെ ചരിത്രത്തില്‍ നിന്നു പൂര്‍ണമായും ഒഴിച്ചു നിര്‍ത്തിയിരിക്കുകായാണ് ഇവിടെ. സഹസ്രാബ്ദങ്ങളായി ധാര്‍മ്മിക മതങ്ങള്‍ വളര്‍ന്നു വികാസം പ്രാപിച്ചത് ഇപ്രകാരമാണ്. ആത്മസാക്ഷാത്കാരം നേടിയ ഗുരുപരമ്പരകള്‍ പകര്‍ന്നു നല്‍കിയ ആര്‍ഷജ്ഞാനമാണ് ധാര്‍മ്മിക മതങ്ങളുടെ അടിത്തറ. ധ്യാനമാര്‍ഗം അതില്‍ സവിശേഷമാണ്. ആത്മാവിന്റെ സ്വതസിദ്ധമായ മുക്താവസ്ഥയെ മറച്ചുപിടിക്കുന്ന അജ്ഞാനം ദൂരീകരിച്ച്, ആത്മസാക്ഷാത്കാരം നേടാന്‍ ധ്യാനം സഹായകമാണ്. ചരിത്രബോധത്തിനൊന്നും അവിടെ യാതൊരു പ്രസക്തിയുമില്ല. ചരിത്രസംബന്ധിയായ എല്ലാ ഗ്രന്ഥങ്ങളും സ്മരണകളും നഷ്ടപ്പെട്ടാലും, പുണ്യസ്ഥലങ്ങള്‍ അശുദ്ധമാക്കപ്പെട്ടാലും ധാര്‍മ്മിക പാരമ്പര്യത്തിനു കോട്ടം സംഭവിക്കില്ല; ആത്മീയ മാര്‍ഗത്തിലൂടെ മോക്ഷപ്രാപ്തിക്കു ഉതകുന്നതെല്ലാം തിരിച്ചുപിടിക്കാവുന്നതാണ്.

Leave a Reply