സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മോഹൻ: നാം ലോകമെങ്ങും കാണുന്ന പ്രധാന കാര്യങ്ങൾ, മതേതരത്വം സാംസ്കാരികസ്വത്വം എന്നിവയെ കുറിച്ചാണ്. ചർച്ചും ഭരണകൂടവും വെവ്വേറെയാണ് എന്നു പറഞ്ഞ് പാശ്ചാത്യർ ഇത് പരിഹരിച്ചിരിക്കുന്നു. ഇരുണ്ടകാലഘട്ടത്തിൽ ചർച്ച് മനുഷ്യചിന്തകളേയും ചിന്തകരേയും അടിച്ചമർത്തിയതിന്റെ പ്രശ്നങ്ങൾ പാശ്ചാത്യർക്കു ഉണ്ടായിരുന്നു. അതുകൊണ്ട് അവർ ചർച്ചിനെ ഭരണകൂടത്തിൽ നിന്നു ഒഴിവാക്കി, കൃസ്ത്യൻ പാരമ്പര്യം തുടർന്നു. ഇസ്ലാമിക രാജ്യങ്ങളെ പരിഗണിച്ചാൽ അവിടെ മതേതരത്വം ഇല്ലെന്നു നമുക്ക് കാണാം. അവരുടെ പാരമ്പര്യം എന്താണെന്ന് അവർക്കു വളരെ വ്യക്തമാണ്. അവർക്കു ശരിയത്ത് നിയമം വേണം. അവരതിൽ സന്തോഷവാന്മാരുമാണ്.
രാജീവ്: ശരിയാണ്.
മോഹൻ: ചൈനയിലേക്കു പോയിനോക്കൂ. അവർക്കു കമ്യൂണിസം ഉണ്ടായിരുന്നു. അതിപ്പോൾ മുതലാളിത്തമാണ്. അവിടെ സമ്പത്തും മറ്റും ഉണ്ട്; എല്ലാ കാര്യങ്ങളും നടപ്പിലുമുണ്ട്. എന്നാൽ ഇന്ത്യയിൽ നിങ്ങൾ സാംസ്കാരികസ്വത്വത്തെ പറ്റി പറഞ്ഞാലോ, നിങ്ങൾ അതിനെപ്പറ്റി വിവരിച്ചാലോ, ഉടൻ നിങ്ങൾ വർഗ്ഗീയവാദിയായി മുദ്രകുത്തപ്പെടും. മതേതരവാദിയല്ലെന്നു മുദ്ര കുത്തപ്പെടും. സ്വതന്ത്ര ചിന്താഗതിയെ സ്വീകരിക്കുന്ന, ബഹുദൈവവിശ്വാസികൾ ഏറെയുള്ള ഒരു രാഷ്ട്രത്തിൽ, എന്തുകൊണ്ടാണ് ഇത്രയേറെ ആശയക്കുഴപ്പം ഉള്ളത്. ഓരോരുത്തർക്കും അവരവർക്കു ഇഷ്ടമുള്ളത് അനുഷ്ഠിക്കാൻ ഇവിടെ അവകാശമുണ്ട്. എന്നാൽ, ഏകദൈവവിശ്വാസം ഉള്ള രാജ്യങ്ങളിൽ അവരുടേത് മാത്രമാണ് ശരിയായ വഴി. നമുക്ക് മറ്റെന്തെങ്കിലും ചെയ്യണം. നിങ്ങളല്ല ശരിയായ വഴി, നിങ്ങൾ സ്വർഗ്ഗത്തിൽ പോകും, എന്തുകൊണ്ടാണ് ഇത്ര ആശയക്കുഴപ്പം.ഈ രാജ്യത്ത് എന്താണ് കുഴപ്പം?
രാജീവ്: ഇതുവരെ ഞാൻ മറ്റുള്ളവരിൽ കുറ്റം ചാർത്തുകയായിരുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങളെ പറ്റിയും എനിക്ക് ചിലത് പയേണ്ടതുണ്ട്. കാരണം നമ്മുടെ ആളുകൾ തന്നെ ഹൈന്ദവവിശ്വാസ സംബന്ധിയായ നിരവധി നിരുത്തരവാദ ചർച്ചകൾ നടത്താറുണ്ട്. ഡൽഹിയിൽ വച്ച് ചില ആളുകളോടു ഇങ്ങിനെയൊരു ചർച്ചയുണ്ടായി. ഇതിഹാസത്തിലുള്ള പുഷ്പകവിമാനത്തെ പറ്റി എന്താണ് അഭിപ്രായമെന്നു അവരെന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു, എനിക്കതിൽ യാത്ര ചെയ്യാൻ താല്പര്യമുണ്ടെന്ന്. നിങ്ങൾ ഒരു യാത്ര തരപ്പെടുത്തി തരാമെങ്കിൽ ഞാനതിൽ വിശ്വസിക്കാമെന്നു ഞാൻ പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് വിമാനത്തിന്റെ ഒരു ചിറകോ, ടയറോ എന്നെ കാണിച്ചു തരിക. അതല്ലെങ്കിൽ വിമാനത്താവളം. ഞാൻ വിശ്വസിക്കാം. ഞാൻ ഒരു ശാസ്ത്രജ്ഞനാണ്. എനിക്കു അനുഭവവേദ്യമായ ഒരു തെളിവ് അവശ്യമാണ്. എവിടെയോ എഴുതിവച്ചിട്ടുണ്ട് എന്നതിനാൽ മാത്രം എനിക്കു വിശ്വസിക്കാനാകില്ല. ഇതുപോലെയാണ് മഹാരാഷ്ട്രയിലെ ന്യൂക്ലിയർ ബോംബിന്റെ കാര്യവും. അണുസ്ഫോടനം നടത്തിയ റേഡിയോ ആക്ടീവായ സ്ഥലം കാണാൻ എനിക്ക് താല്പര്യമുണ്ട്.ഞാനവിടേക്കു ഗിഗർ കൗണ്ടറുമായി പോയി അണുബോംബ് വീണ കാലം കൃത്യമായി കണ്ടുപിടിക്കാം. തെളിവുകൾ ലഭിക്കുന്നതുവരെ കാര്യങ്ങൾ ഊതിവീർപ്പിച്ച് സ്വയം വിഡ്ഢികളാകരുത്.
അമിതദേശഭക്തിയിൽ അധിഷ്ഠിതമായ ധാരാളം സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നതിനു ഒരു ഉദാഹരണം നൽകുകയാണ് ഞാൻ. ഇത്തരം കാര്യങ്ങൽക്കു ഗവേഷണത്തിന്റേയും ശാസ്ത്രീയതെളിവുകളുടേയും പിന്തുണ ആവശ്യമാണ്. നമ്മുടെ വീക്ഷണം നിർമിക്കുമ്പോൾ നാം വളരെ യാഥാർത്ഥ്യബോധവും യുക്തിപരതയും പുലർത്തണം. യുക്തിപരത, നിഷ്‌പക്ഷത, ചുമതലാബോധം എന്നിവയിൽ അധിഷ്ഠിതമായിരിക്കും നമ്മുടെ ആഗോളവീക്ഷണം. രണ്ടാമത്തെ കാര്യം, വിവിധ സ്ഥലങ്ങളിൽ, തുടർച്ചയായി നടക്കുന്ന ഇത്തരം പ്രോഗ്രാമുകളിൽ പങ്കെടുത്ത്, കാര്യങ്ങൾ എത്രമാത്രം ഗംഭീരമായിരുന്നു എന്നു പറയുന്നതിൽ മാത്രം കാര്യമൊന്നുമില്ല. അതൊരു ഉപരിപ്ലവമായ സംഗതിയാണ്. അങ്ങിനെയല്ല ഒരു വീക്ഷണം രൂപീകരിക്കേണ്ടത്. രണ്ടാമത്തെ കാര്യം, നാം പുരോഗമിക്കേണ്ടിയിരിക്കുന്നു. ഞാൻ സ്വയം വിമർശത്തിനു വശംവദനാകണം, കാരണം എനിക്കു ഒരു വസ്തുത സ്ഥാപിക്കേണ്ടതുണ്ട്. ഹൈന്ദവ സംബന്ധിയായ ചർച്ചകൾക്കു മേൽനോട്ടം വഹിക്കുന്ന നമ്മുടെ ആളുകൾ സ്വയം വിമർശത്തെ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുന്നില്ല. സമൂഹത്തിലുള്ള പ്രശ്നങ്ങളെ നാം വിമർശിക്കണം. ആ പ്രശ്നങ്ങൾ നാം പരിഹരിക്കണം. നമുക്കറിയാം സംവാദത്തിന്റേതായ ഒരു ചരിത്രം നമുക്കുണ്ടെന്ന്; നിലവിൽ മേധാവിത്വമുള്ള ഒരു വീക്ഷണത്തെ എതിർത്തും പിന്താങ്ങിക്കൊണ്ടുമുള്ള ധാരാളം സംവാദങ്ങൾ.
ഞാൻ ഉദ്ദേശിക്കുന്നത്, ആദിശങ്കരാചാര്യർ ചെയ്തത് നമുക്കുള്ള മഹത്തായ മാതൃകയാണ്. വേറേയും ധാരാളം സംവാദകരും മാതൃകകളും നമുക്കുണ്ട്. എവിടെയാണ് ഇതിനു തടസം നേരിട്ടത്? വിമർശകരെ ഇവിടെയാരും തീകൊളുത്തി കൊന്നിട്ടില്ല, പുറത്താക്കിയിട്ടുമില്ല. പകരം അവർ നിലനിന്നു. അതിനാൽ ഇക്കാലത്തെ ഹൈന്ദവസമൂഹത്തിൽ നിലവിലിരിക്കുന്നവയെ വിമശിച്ച്, നവീന ആശയങ്ങൾ നൽകാൻ കഴിയുന്നവരെ നമുക്ക് വേണം.അവരെ കരിമ്പട്ടികയിൽ പെടുത്തി പുറത്താക്കാതെ, അവരുടെ ആശയങ്ങളോടു സംവദിക്കുക. പാശ്ചാത്യരായ സംവാദകർ ചെയ്ത പോലെ തന്നെ ഇന്ത്യക്കാരായ സംവാദകരും എന്നെ കരിമ്പട്ടികയിലാക്കിയിരിക്കുകയാണ്.
ഞാൻ അത് അംഗീകരിക്കുന്നു. എന്നാൽ എനിക്ക് എന്നോടു തന്നെ നീതി പുലർത്തേണ്ടതുണ്ട്. എനിക്ക് നിഷ്‌പക്ഷനാകേണ്ടതുണ്ട്. ശരിയായ കാര്യങ്ങൾ വരുമ്പോൾ അതിനെ അംഗീകരിക്കുകയും വേണം. അതുകൊണ്ട്, നമ്മുടേതായ ആഗോളവീക്ഷണം രൂപീകരിക്കാൻ നാം സംവദങ്ങൾക്കുള്ള സാധ്യതകൾ തുറന്നിടണം. ഇന്ത്യൻ മുഖധാരാ മാദ്ധ്യമങ്ങളിൽ ഇടതുപക്ഷ നിയന്ത്രണം വളരെയധികമാണ്. കപടമായ പുരോഗമനവാദം അവരാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള എല്ലാവരും തന്നെ മൂന്നാംകിട, അല്ലെങ്കിൽ നാലാംകിട പാശ്ചാത്യ അനുകരണക്കാർ ആണ്. വെള്ളക്കാരെ പോലുള്ളവരോ, വെള്ളക്കാരെന്നു നടിക്കുന്നവരോ ആണ് ഇത്തരം സംവാദങ്ങൾ ദീർഘനാൾ നിയന്ത്രിച്ചിരുന്നത്. ആ കാലഘട്ടം ഇപ്പോൾ അവസാനിച്ചു. കാരണം ലോകമെങ്ങും കപട പുരോഗമനവാദവും ഇടതുപക്ഷക്കാരും ചവിട്ടി പുറത്താക്കപ്പെട്ടു കഴിഞ്ഞു.
ഇന്ത്യയാണ് അവരോടു കൂടുതൽ ഔദാര്യം കാണിക്കുന്നത്. മറ്റു രാജ്യങ്ങളേക്കാൾ നാം അവരോടു സഹാനുഭൂതിയുള്ളവരായിരുന്നു. എന്നിരുന്നാലും ഓരോരുത്തരും ഹൈന്ദവഅഭിപ്രായങ്ങളേയും അവകാശങ്ങളേയും വിമർശനബുദ്ധ്യാ നോക്കിക്കാണണം. നമുക്ക് ലോകോത്തര നിലവാരമുള്ള ബുദ്ധിജീവികളെ സൃഷ്ടിക്കേണ്ടതുണ്ട്. നാം കൂടുതൽ ധീരത പ്രകടിപ്പിക്കുകയും, അതിൽനിന്നു ഫലമുണ്ടാക്കുകയും വേണം. പിന്നെ അമിതദേശഭക്തിയിൽ ഊന്നിയുള്ള പഴഞ്ചൻ ചിന്താഗതിക്കാരുടെ സംഭാഷണങ്ങളും മറ്റും… പുതിയ തലമുറക്കു അതിൽ താല്പര്യമില്ലെന്നു വ്യക്തമാണ്.
ഇന്ത്യയിൽ ഞാൻ 25% ഉറച്ച ഹൈന്ദവ വലതുപക്ഷ വിഭാഗക്കാരെ കണ്ടു. എന്തെങ്കിലും കാരണത്താൽ ഇതിനെ ശക്തമായി എതിർക്കുന്ന 25%മറ്റുള്ളവരുണ്ട്. ബാക്കിയുള്ള 50% പേർ ആശയക്കുഴപ്പത്തിലാണ്. അവർ ഓരോ ഇലക്ഷനിലും മാറി മാറി നിലപാടെടുക്കുന്നു. ആശയപരമായും വ്യക്തിപരമായും അവർ ഒരു നിലപാടെടുക്കുകയും, പൊതുരംഗത്ത് മറ്റൊരു നിലപാടും സ്വീകരിക്കുന്നു. അവർ ഏതെങ്കിലും പ്രത്യേകവീക്ഷണം പുലർത്തുന്നവരല്ല. വ്യക്തമായ പക്ഷമില്ലാത്ത, 50% വരുന്ന ഇവരിലേക്കാണ് ഞാൻ എന്റെ പുസ്തകങ്ങളും പ്രഭാഷണങ്ങളും എത്തിക്കാൻ ശ്രമിക്കുന്നത്.
മോഹൻ: അത്തരക്കാർ ഇവിടെയുണ്ടോ?
രാജീവ്: ഉവ്വ്. തീർച്ചയായും. നിങ്ങൾക്കു ഞാനൊരു വിവരം തരുന്നു. എനിക്കുള്ള 14 ലക്ഷം ഫേസ്‌ബുക്ക് അനുഭാവികളേയും ഞാൻ വിശകലനം ചെയ്യാറുണ്ട്. 18 – 30 വയസ്സിനിടയിലുള്ള യുവാക്കളാണ് അവരിൽ 75 ശതമാനവും. പ്രാദേശിക കണക്കെടുത്താൽ കർണാടകയിൽ നിന്നാണ് എനിക്കേറ്റവും അനുഭാവികൾ ഉള്ളത്.
മോഹൻ: ഈശ്വരാ! (കയ്യടി ഉയരുന്നു). ഓകെ രാജീവ്.
രാജീവ്:പലപല കാരണത്താൽ ഞാൻ നിങ്ങളിൽ ഓരോരുത്തരോടും വളരെ നന്ദി പറയേണ്ടതുണ്ട്.
മോഹൻ:പാശ്ചാത്യലോകത്ത് തുറന്ന സംവാദങ്ങളുടെ ഒരു ബൗദ്ധികപാരമ്പര്യം ഉണ്ട്. ബൗദ്ധികചര്യകൾ. ചൈനയിൽ ബൗദ്ധികചര്യകൾ വന്നുതുടങ്ങിയിട്ടുണ്ട്. ചിന്തിക്കുന്നതിലും, അത് പ്രവൃത്തിപഥത്തിൽ വരുന്നതിലും ചൈനക്കാർ മിടുക്കരാണ്. ഇസ്ലാമിക രാജ്യങ്ങളിൽ ബൗദ്ധിക പ്രവൃത്തികൾ ചിലയിടത്തുണ്ട്. പക്ഷേ ഇന്ത്യയിൽ എവിടെയാണ് ബൗദ്ധികപാരമ്പര്യം. ജെഎൻയുവും പാശ്ചാത്യലോകവും നമ്മുടെ മനസ്സ് പിടിച്ചെടുത്തിരിക്കുന്നു. പ്രഗത്ഭനായ ജെഎൻയു പ്രതിനിധി ബാംഗ്ലൂരിൽ സംവാദത്തിൽ ഏർപ്പെടുമെന്നു നാം പ്രതീക്ഷിക്കുന്നു. (കയ്യടി). നമ്മുടെ മനസ്സ് ഡൽഹിയിൽ നടക്കുന്ന ടെലിവിഷൻ ചർച്ചകൾ പിടിച്ചെടുത്തിരിക്കുന്നു. ജനങ്ങൾ പറയുന്നു, നാം മതപരമായി അസഹിഷ്ണുക്കളാണെന്ന്. നാം അസഹിഷ്ണുക്കളാണ്; വ്യക്തികൾ അവരുടെ അവാർഡ് തിരിച്ചുകൊടുക്കും. കാരണം ഒരിടത്ത് ഒരു ക്രിമിനൽ സംഭവം നടന്ന്, ഏതാനും പേർ മർദ്ദിക്കപ്പെട്ടു. അതുകൊണ്ട് രാജ്യത്തുള്ള 1.29 ബില്യൺ ജനങ്ങൾ വളരെ അസഹിഷ്ണുക്കളാണ്. അവർ രണ്ടാമതൊരു അവസരം അർഹിക്കുന്നില്ല. ഞാൻ ഇദ്ദേശിക്കുന്നത്, ഇതെല്ലാം താൽക്കാലിക വാർത്തകളാണ്. എന്തുകൊണ്ടാണിങ്ങനെ. നമുക്ക് നമ്മെത്തന്നെ നോക്കിക്കാണുന്നതിനും, സംവദിക്കുന്നതിനും, എഴുതുന്നതിനും ഉള്ള ബൗദ്ധികപാരമ്പര്യം ഇല്ലേ. എന്തുകൊണ്ടാണ്, നമ്മളെ അടിസ്ഥാനമാക്കിയുള്ള തെളിവുകളിന്മേൽ, അത്രത്തോളം മോശമായ ബൗദ്ധിക പാരമ്പര്യം ഉയിർകൊണ്ടത്?
രാജീവ്:ഒകെ. ഞാൻ കരുതുന്നത്, ചർച്ചകൾ നടക്കുന്ന ഇടങ്ങൾ നിയന്ത്രിക്കപ്പെടുന്നുണ്ട് എന്നാണ്. അതിപ്പോൾ വിക്കിപ്പീഡിയ ആയാലും. വിക്കിപ്പീഡിയ ഉദാഹരണം ഞാൻ നൽകിക്കഴിഞ്ഞു. ഈ സാഹിത്യോൽസവം വളരെ സ്വതന്ത്രമായ ഇടമാണ്. എനിക്കിത് ഇഷ്ടമായി. അവർ എല്ലാ ആശയക്കാരേയും സംസാരിക്കാൻ അനുവദിക്കുന്നു.എന്നാൽ നിങ്ങൾ അറിയുന്ന മറ്റു പ്രസിദ്ധ സാഹിത്യോൽസവങ്ങൾ എന്നെ നിരന്തരം വിളിച്ച്, നിങ്ങൾ വിവാദപരമായ എന്തെങ്കിലും കാര്യം പറയുമോ, നിങ്ങൾ വിമർശിക്കുമോ, എന്താണ് ഈ വ്യക്തിയെ പറ്റിയുള്ള താങ്കളുടെ അഭിപ്രായംഎന്നൊക്കെ ചോദിക്കും. ഞാൻ നിങ്ങളോടു ബഹുമാനത്തോടെ പറയട്ടെ. എന്നെ ഇവിടേക്കു ക്ഷണിച്ചപ്പോൾ‘ഞാൻ എന്തൊക്കെ പറയും, എന്തെല്ലാം പറയരുത്’ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇല്ലായിരുന്നു. ഈവിധ കാര്യങ്ങൾ അനുവദിക്കപ്പെട്ടിട്ടില്ല എന്നു എന്നോടാരും പറഞ്ഞില്ല. (കയ്യടി). ഞാൻ നിങ്ങളോടു നന്ദി പറയുന്നു… അപ്പോൾ ഫോറങ്ങൾ നിയന്ത്രിക്കപ്പെടുന്നവയാണ്.
ഡൽഹിയിലും മറ്റുമുള്ള മുഖധാരാ ടെലിവിഷൻ ചാനലുകളിൽ ഫോറങ്ങളുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ഡൽഹി സാഹിത്യോൽസവം എന്നെ അടുത്തകാലത്തു ക്ഷണിക്കുകയുണ്ടായി. ഡൊണാൾഡ് ട്രംമ്പ് – ഇന്ത്യാ ബന്ധം പോലുള്ള എന്തോ ആയിരുന്നു വിഷയം. എനിക്ക് യഥാസ്ഥിതിക പ്രസ്ഥാനത്തെപ്പറ്റി അറിയാം; അതേപ്പറ്റി കുറേ സംസാരിക്കാനും പറ്റുമായിരുന്നു. പക്ഷേ റ്റൈംസ് ഓഫ് ഇന്ത്യയുടെ സിഇഒ എന്നെ വ്യക്തിപരമായി വിളിച്ചു. ഞങ്ങൾ ഇമ്പീരിയൽ ഹോട്ടലിൽ ഒരുമിച്ചിരുന്നു ചായ കുടിച്ചു. പിന്നെ അദ്ദേഹം പറഞ്ഞു, എനിക്കു ആശങ്കയുണ്ട്. എന്റെ എഡിറ്റർ-ഇൻ-ചീഫ്പറഞ്ഞു, താങ്കളൊരു ഉറച്ച ഹിന്ദു വലതുപക്ഷക്കാരൻ ആണെന്ന്. ഞാൻ ആക്കാര്യത്തിൽ ക്ഷമചോദിക്കുമെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അതൊരു തരം തൊഴിൽഅഭിമുഖം പോലെയായിരുന്നു; ഞാൻ ‘അല്ല, അല്ല, ഞാൻ അങ്ങിനെയല്ല’ എന്നു പറയുമെന്ന് അദ്ദേഹം കരുതിയിരിക്കണം.
ഞാൻ അദ്ദേഹത്തിനു കുറേ ഉദാഹരണങ്ങൾ നൽകി; ചില വ്യക്തികൾ മൗലികവാദികളും മറ്റു ചിലർ തീവ്രഇടതുപക്ഷവും ആണെന്നു സൂചിപ്പിച്ചു. ഞാൻ കുറച്ചുനേരം തുടർന്നു. അപ്പോൾ അദ്ദേഹം ഒകെ നന്നായി എന്നു പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ ഡൽഹി ലിറ്റററി ഫെസ്റ്റിവൽ പരിപാടി നിങ്ങൾ ഫേസ്‌ബുക്ക് ലൈവിൽ കാണണം. പാനലിൽ ഉള്ളവരെ നിങ്ങൾക്കു സ്വയം വിലയിരുത്താം; അവർ ആരെന്നൊക്കെ; എത്രത്തോളം കാര്യങ്ങൾ അവർക്കു സത്യത്തിൽ അറിയാം. അവരെല്ലാം ഏതാണ്ട് പാർട്ടിലൈനിനു അനുസരിച്ചുള്ള ഉപരിപ്ലവ ചിന്താഗതികൾ പേറുന്നവരായിരുന്നു.
എല്ലാ ഫോറങ്ങളിലും ബൗദ്ധികമായി ഇടത്തരക്കാർ ഉണ്ട്. ഐഎഎസുകാരിലും ഇതുണ്ട്. വിദേശകാര്യ വകുപ്പിലെ, ഫോറിൻ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിനെ ഞാൻ അഭിസംബോധന ചെയ്തിട്ടുണ്ട്. ബൗദ്ധികമായ സാധാരണത്വം ഞാൻ എല്ലായിടത്തും കണ്ടു. അവർ വലിയ വായനശീലം ഉള്ളവരല്ല. അവർക്കു ഒന്നിലും ആകാംക്ഷയും ഇല്ല. അവർ കന്നുകാലി കൂട്ടങ്ങളെ പോലെ മുമ്പേ ഗമിക്കുന്നവരെ പിന്തുടരുന്നവരാണ്. 2005-ൽ ഞാൻ രണ്ടോ മൂന്നോ പ്രഭാഷണങ്ങൾ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടത്തിയിരുന്നു. ഇന്ത്യയേയും പാശ്ചാത്യരേയും അവർ തമ്മിലുള്ള ബന്ധത്തെപ്പറ്റിയുമാണ് സംസാരിച്ചത്. അപ്പോൾ ഒരു യുവതി എന്റെ അടുത്തെത്തി പറഞ്ഞു, ജെഎൻയുവിൽ ഒരു പ്രഭാഷണത്തിനു താങ്കളെ ക്ഷണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം താങ്കൾ സംസാരിച്ചതെല്ലാം വളരെ പ്രാധാന്യമുള്ളതും താല്പര്യജനകവുമാണ്. എന്റെ പ്രൊഫസറോടു സംസാരിച്ചിട്ടു ഞാൻ തിരിച്ചു വിളിക്കാം. പ്രഭാഷണപരമ്പരയുടെ പിറ്റേ ദിവസം വൈകുന്നേരം യുവതി വന്നു പറഞ്ഞു. ഞാൻ പ്രൊഫസറോടു സംസാരിച്ചു. താങ്കൾ പറഞ്ഞതിന്റെ നോട്ട്സും ഞാൻ കുറിച്ചെടുത്തിരുന്നു. അതിൽ കുറച്ചുഭാഗം ഞാൻ പ്രൊഫസറെ വായിച്ചു കേൾപ്പിച്ചു. പക്ഷേ സാർ, താങ്കൾ ഇടതുപക്ഷമാണോ വലതുപക്ഷമാണോഎന്നു അറിയണമെന്നു പ്രൊഫസർ പറയുന്നു.വ്യക്തികൾ എങ്ങിനെ വിഡ്ഢികളും മൗനികളും ആകുമെന്ന് ഇത് കാണിക്കുന്നു. ആദ്യം അവർ നിങ്ങളെ തരംതിരിക്കും. പിന്നെ അവർ നിശ്ചയിച്ച കള്ളികളിലൊന്നിൽ നിങ്ങളെ നിർത്തും. നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കണമെന്നു അവർ അടുത്തതായി തീരുമാനിക്കും. നമുക്ക് ബൗദ്ധികമായ ചലനാത്മകത നഷ്ടപ്പെട്ടു കഴിഞ്ഞു. കാരണം ഈ സിസ്റ്റത്തിന്റെ കാവൽക്കാർ വളരെ ശക്തരാണ്. ഇതിനെതിരെ ഞാൻ കണ്ട പ്രതിവിധി സാമൂഹികമാദ്ധ്യമങ്ങൾ ഉപയോഗിക്കുക എന്നതാണ്. നാം യുട്യൂബിലും ഫേസ്‌ബുക്കിലും നമ്മുടെ സ്വന്തം ചാനലുകൾ തുടങ്ങണം. പിന്നെ അവരുമായി ചർച്ചചെയ്യണം, വാദിക്കണം. അതുവഴി ഉല്സാഹകരമായ ചർച്ചകളും പുതിയ ആശയങ്ങളും നമുക്ക് നടപ്പിൽ വരുത്താം. ഇത്തരം പുതിയ ആശയവിനിമയ ശൈലിവഴി യുവാക്കൾ നമ്മുടെ പക്ഷത്തു വരുന്നതോടെ, പഴഞ്ചൻ മട്ടിലുള്ള മാദ്ധ്യമശൈലി, എന്റെ അഭിപ്രായത്തിൽ, ഇല്ലാതാകും. (കയ്യടി).
മോഹൻ:ഇവിടെസന്നിഹിതരായിരിക്കുന്ന മിടുക്കരായ വ്യക്തികൾക്കു മൗലികമായ ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകുന്നതിനു മുമ്പ്,ഞാൻ അവസാനമായി ഒരു ചോദ്യം കൂടി ചോദിക്കുന്നു. ഇപ്പോൾ താങ്കൾക്കു അറിയാം, നമ്മുടെ സാംസ്കാരികപാരമ്പര്യം തിരിച്ചുപിടിക്കുന്നതിനു ഇന്ത്യ എന്തു ചെയ്യണമെന്ന്. താങ്കൾ ഇതിനെപ്പറ്റി എഴുതുന്നുണ്ട്; ഷെൽഡൺ പൊള്ളോക്ക്, വെൻഡി ഡോണിഗർ, ഡോണിഗറുടെ വിദ്യാർത്ഥികൾ., എന്നിവരാലും മറ്റും നമ്മുടെ പാരമ്പര്യം പിടിച്ചടക്കപ്പെട്ടിരിക്കുന്നു. കൊളംബിയ, ഹാർവാർഡ് എന്നിവിടങ്ങളിലേക്കു പഠനത്തിനു പോകുന്നവർ, അവരുടെ മനസ്സ് പടിഞ്ഞാറൻ വീക്ഷണത്താൽ കളങ്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലാണെങ്കിൽ ജെഎൻയുവിൽ നിന്നും മറ്റുമുള്ള ഇടതുപക്ഷക്കാരുടെ അധീനതയിലാണ് ഇന്ത്യൻ മനസ്സുകൾ. ചില നിലപാടുകൾ സ്വീകരിക്കുന്നത് പാപമാണെന്നു വരെ അവർ കരുതുന്നു. ബാക്കിയുള്ള അമ്പതു ശതമാനം പേർ എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിൽ നിൽക്കുന്നു. ആകാശത്തുനിന്ന് ഒരു മഹാനായ രക്ഷകൻ വരുന്നതും നോക്കിയിരിക്കുകയാണ് നാം. നമ്മുടെ പൗരാണിക സംസ്കാരത്തെ അടിസ്ഥാനമാക്കി ഒരു ബൗദ്ധികപാരമ്പര്യം രൂപീകരിക്കാൻ ഇന്ത്യ എന്തെല്ലാം നടപടികൾ എടുക്കണമെന്നു താങ്കൾ കരുതുന്നു. ഈ ദിശയിൽ താങ്കൾ എന്തൊക്കെയാണ് ചെയ്യുന്നത്? ഇന്ത്യൻ ചിന്തക്കുമേൽ പടിഞ്ഞാറൻ ഗൂഢശക്തികൾ ചെലുത്തുന്ന മേധാവിത്വത്തെ തകർക്കാനും, ഇന്ത്യക്കാർക്കായി ഒരു ഇന്ത്യൻ ആഗോളവീക്ഷണം രൂപപ്പെടുത്തി, ചർച്ച ചെയ്ത്, അതുമായി മുന്നോട്ടുപോകാനും, നമ്മുടെ കുട്ടികൾക്കു ഇന്ത്യൻ സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങൾ ലഭ്യമാക്കാനും, ഒരു ഏകാംഗ പിൻകാവൽപ്പടയായി പ്രവർത്തിക്കാൻ, കഴിഞ്ഞ 15-50 കൊല്ലമായി താങ്കളെ പ്രചോദിപ്പിക്കുന്നതെന്താണ്?
രാജീവ്: ഇതൊരു നല്ല ചോദ്യമാണ്. എന്റെ ശ്രമങ്ങൾ രണ്ടാമത്തേയോ മൂന്നാമത്തേയോ ഘട്ടത്തിലാണ്. സംവാദത്തിലെ പ്രശ്നം തിരിച്ചറിയുകയായിരുന്നു ആദ്യഘട്ടം. പ്രശ്നം പരിഹരിക്കുന്ന ജോലിയാകട്ടെ ഞാൻ പടിഞ്ഞാറൻ അക്കാദമിക് വിദഗ്ദർക്കു മറിച്ചുകൊടുത്തു. അതൊരു മണ്ടൻ തീരുമാനമായിരുന്നു. ‘മുതലയെ തീറ്റിക്കുക’ എന്നതിനെ പറയാം. ഒരു മുതലയ്ക്കു ദിവസവും തീറ്റകൊടുത്താൽ, അതൊരു നായക്കുട്ടിയെ പോലെ നമ്മുടെ സുഹൃത്താകുമെന്ന് നിങ്ങൾക്കറിയുമോ? പക്ഷേ മുതല ഒരിക്കലും ഒരു നായയെ പോലെ ആകില്ല. കാരണം അതിന്റെ ഡിഎൻഎ ഒരു മുതലയുടേതാണ്. നിങ്ങൾ തീറ്റകൊടുത്തു കൊണ്ടിരുന്നാൽ അത് നിങ്ങളുടെ കൈ കൂടി തിന്നാൽ ശ്രമിക്കും.
ഇതുപോലെ, സാമ്പത്തികസഹായം നൽകി, നമ്മളെപ്പറ്റി നല്ല ഒരു വീക്ഷണകോണിലൂടെ പഠിക്കാൻ പടിഞ്ഞാറൻ വിദഗ്ദരെ നിയമിക്കുന്നത് ഒരു തെറ്റായ ആശയമായിരുന്നു. എനിക്കു ആ വിധത്തിൽ ധാരാളം തുക നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ അവർ ജോലി ചെയ്യുന്ന ശൈലി എനിക്ക് അതുവഴി ശരിക്കും മനസ്സിലായി. കൂടാതെ എന്തൊക്കെ ചെയ്യരുതെന്ന കാര്യത്തിൽ ഞാൻ അവരെ നിരീക്ഷിച്ച് പഠിച്ചു. പിന്നെ ഇക്കാര്യങ്ങൾ, ഇൻഡോളജി രംഗത്തെ പഠിക്കുന്നതിനും ഭാരതീയ വീക്ഷണം എങ്ങിനെ രൂപപ്പെടുത്തണമെന്നതിനും വേണ്ടി ഞാൻ ഉപയോഗിച്ചു; ഹിന്ദുദൃഷ്ടിയിൽ നിന്ന്, ഭാരതീയ ദൃഷ്ടിയിൽ നിന്നാണെന്ന് മാത്രം. ഞാൻ ഇത് കുറേ നാളുകളായി കുറേ വ്യക്തികളുടെ സഹായത്തോടെ ചെയ്തുവരികയാണ്. അത് വെറും ഭഞ്ജനം ആണ്; കാര്യത്തെ തിരിച്ചുവച്ച് ഭഞ്ജിക്കൽ. ഇപ്പോൾ നമുക്ക് നിർമാണം നടത്തേണ്ടതുണ്ട്; നിർമാണവും ഭഞ്ജനവും രണ്ടും ഒപ്പം നടത്തേണ്ടതുണ്ട്. അതിനാൽ നിങ്ങൾ ഒരു പൂറ്റ്ന്തോട്ടം ഉണ്ടാക്കുന്നെങ്കിൽ, കളകൾ പറിച്ചുകളയുകയും കീടങ്ങളെ നശിപ്പിക്കലും മാത്രമല്ല ചെയ്യേണ്ടത്, ചെടികളുടെ വളർച്ച ഉറപ്പാക്കുകയും, പുതിയ ചെടികൾ നടുകയും വേണം. ഇപ്പോൾ നാം സജീവമായിരിക്കുന്നത് നിർമാണ പ്രക്രിയയിലാണ്. നാം കുറേ കോൺഫറൻസുകളും, പരമ്പരയായുള്ളവിവിധ പുസ്തകങ്ങളും ചെയ്തുവരികയാണ്. ഇത്തരം പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്കു എന്നെ ബന്ധപ്പെടാം.
ആർക്കിയോളജി, ശാസ്ത്രം, സാമൂഹികപ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ നാം പ്രമുഖ ഗവേഷണങ്ങൾ വികസിപ്പിക്കുകയാണ്. സാമൂഹികമാനവിക മേഖലയെ ശുദ്ധീകരിക്കുന്ന പ്രക്രിയ. ഭാരതീയ പക്ഷത്തുനിന്ന് സാമൂഹികമാനവിക വിഷയങ്ങളെ പഠിക്കുന്നു. മേഡ് ഇൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ സ്വദേശി സമീപനത്തോടെ ഇന്ത്യൻ വിഷയങ്ങളെ കുറിച്ച് പഠിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കു വേഗം കൂട്ടാൻ ഇക്കൊല്ലം ഇൻഫിനിറ്റി ഫൗണ്ടേഷൻ ഞങ്ങൾ ഇന്ത്യയിൽ സ്ഥാപിച്ചു. ഇതൊരു നല്ല അവസരമാണ്, കാരണം ഗവണ്മെന്റിന്റെ വിവിധവിഭാഗങ്ങൾക്കും ഇതിൽ താല്പര്യമുണ്ട്. ആരെങ്കിലും ഇതെല്ലാം ചെയ്യണമെന്നു അവർ പറയുന്നു. ഗവണ്മെന്റിനു സ്വന്തമായി ഇതുനിർവഹിക്കാൻ സാധ്യമല്ല. മറ്റാരെങ്കിലും ചെയ്യുന്നതാണ് നല്ലത്.ഞങ്ങളെ സഹായിക്കാൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നു ചില വലിയ മാറ്റങ്ങൾ ഉണ്ടാകും. ഞങ്ങളെ പോലുള്ളവരെ സഹായിക്കുക. ഇപ്പോൾ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിനു (ICSSR) നൂറുകണക്കിനു കോടി രൂപയുടെ ബഡ്ജറ്റ് ഉണ്ട്. മുപ്പതോളം എൻജിഓകൾ, സ്വതന്ത്ര സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് ഈ തുക വരുന്നത്. ഇതെല്ലാം CSDS പോലുള്ള ഇടതുപക്ഷ പുരോഗമനവാദി മേഖലയാണ്.
മോഹൻ: ഇടതുപക്ഷം പുരോഗമനവാദികളല്ല, ശരിയല്ലേ?
രാജീവ്: അവർ കപട പുരോഗമനവാദികൾ ആണ്. ICSSR നിയന്ത്രിക്കപ്പെടുന്നത് ശരിയായ വ്യക്തികളാൽ അല്ല. കഴിഞ്ഞ രണ്ടര കൊല്ലത്തിനിടയിൽ അവരെ മാറ്റിയിട്ടില്ല. അവർ മാറ്റപ്പെടാൻ പോവുകയാണ്, എന്നാണ് എനിക്കു കിട്ടിയ വാർത്ത. സാമ്പത്തികസഹായം നൽകുന്ന ഈ മാതൃകയ്ക്കു മാറ്റം വരുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുകയാണ്. അപ്പോൾ നല്ല ഗുണമേന്മയുള്ള ഗവേഷണങ്ങൾ ചെയ്യുന്ന ഈ സ്ഥാപനം, ഇന്ത്യൻ വീക്ഷണകോണിലൂടെയുള്ള പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കും. ഈ സ്ഥാപനങ്ങൾ വളരെ വർഷങ്ങൾക്കു മുമ്പ് ഇന്ദിരഗാന്ധിയുടെ കാലഘട്ടത്തിൽ സ്ഥാപിച്ചവയാണ്. ഇന്നതിന്റെ പ്രവർത്തനം മോശമായിരിക്കുന്നു. ഈ സംവിധാനത്തിന്റെ അഴിച്ചുപണി ഇതുവരെ നടന്നില്ല. അടുത്ത വർഷം ആരംഭത്തിൽ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു പ്രധാന മാറ്റമായിരിക്കും. നാം നമ്മുടെ ശ്രമങ്ങൾ സ്വന്തം നിലയിൽ ആരംഭിക്കാൻ പോവുകയാണ്. ഗവണ്മെന്റും മറ്റും ഇക്കാര്യത്തിൽ നമ്മളോടു ചേർന്നു പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക രംഗം സമൂലമായി പരിവർത്തിക്കപ്പെടുന്ന ഒരു സമീപനം ആവശ്യമുണ്ട്. ഭാരതീയ ക്ഷേത്രങ്ങൾ, വാസ്തുവിദ്യ, വിവിധ പാരമ്പര്യങ്ങൾ, ആചാരങ്ങൾ, ഉൽസവങ്ങൾ, സാമൂഹികപ്രശ്നങ്ങൾ., തുടങ്ങിയ ധാരാളം വിഷയങ്ങളെ പുനരാഖ്യാനം ചെയ്യണം. സാമൂഹികശാസ്ത്രവും ഹ്യുമാനിറ്റീസ് വിഷയങ്ങളും അഴിച്ചു പണിയണം. അത്തരമൊരു ബൃഹത്തായ ജോലിയാണ് നമുക്കു ചെയ്യാനുള്ളത്. മോഹൻദാസ് പൈ ജി പ്രോജക്ടിൽ ഞങ്ങളെ സഹായിക്കുന്ന ഒരു വ്യക്തിയാണെന്നു ഞാൻ നിങ്ങളെ അറിയിക്കുന്നു. നിങ്ങൾ അത് അറിയണം. (കയ്യടി).
മോഹൻ: ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാൻ ഒരു തീവ്രവലതുപക്ഷം അല്ല. ഞാൻ ഒരു ലിബറൽ ആണ്. എന്നാൽ കപട ലിബറൽ അല്ല. ഞാനൊരു ദേശസ്നേഹിയാണ്. ഞാനെന്റെ രാജ്യത്തിന്റെ ഭാവിയിലും സംസ്കാരത്തിലും വിശ്വസിക്കുന്നു.
രാജീവ്: വളരെ നല്ലത്. തുടരൂ… (കയ്യടി)
മോഹൻ: ഞാൻ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന പുരോഗമനവാദിയാണ്. അതിൽ എല്ലാം അടങ്ങിയിരിക്കുന്നു… ഒകെ രാജീവ്, ഇനി സദസ്സിലുള്ളവർക്കു ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകാമെന്നു ഞാൻ കരുതുന്നു.
ലേഡീസ് & ജന്റിൽമാൻ, ഞങ്ങൾ നിങ്ങൾക്കു മൈക്ക് നൽകാൻ പോവുകയാണ്. വളന്റിയർമാർ അടുത്ത്നിൽക്കുന്നുണ്ട്… രാജീവ് ജി, ആരുടെ ചോദ്യമാണ് സ്വീകരിക്കാൻ പോകുന്നതെന്നു താങ്കൾക്കു കൈചൂണ്ടി പറയാം. ഞങ്ങൾ അപ്പോൾ മൈക്ക് നൽകും.
രാജീവ്: ഒരു പുരുഷനും ഒരു സ്ത്രീയും മതി. ഒരു സ്ത്രീ ദാ അവിടെ നിൽക്കുന്നു. അവരെ ചോദ്യം ചോദിക്കാൻ അനുവദിക്കുക.
P1: ഗുഡ് ഇവനിങ്. എന്റെ പേര് ഉഷാ റാവു. ഞാൻ ഹിന്ദുവായതിൽ അഭിമാനിക്കുന്നു. ഇക്കാലത്ത് അങ്ങിനെ പറഞ്ഞാൽ, ആളുകൾ ഞാൻ വർഗ്ഗീയവാദിയാണെന്നു പറയും. നമ്മുടെ സംസ്കാരം കാലഘട്ടത്തിന്റെ കെടുതികളെ പ്രതിരോധിച്ചെന്നു ഞാൻ കരുതുന്നു. മാത്രമല്ല, ആന്തരികന്യൂനതകൾ ഉണ്ടായിരിക്കെ തന്നെ, നമുക്ക് ഇനിയും അഭിവൃദ്ധിപ്പെടാനാകുമെന്നും കരുതുന്നു. കാരണം പാശ്ചാത്യരാജ്യങ്ങൾ ‘ആദ്യം അമേരിക്ക’, ‘ആദ്യം ഫ്രാൻസ്’ തുടങ്ങിയ സങ്കുചിത മനസ്ഥിതിയിലേക്കു ചുരുങ്ങുമ്പോൾ, നാം ഇന്ത്യക്കാർ ‘വസുധൈവ കുടുംബകം’ എന്ന പ്രമാണത്തിൽ വിശ്വസിക്കുന്നവരാണ്. നമുക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. നമ്മുടെ സംസ്കാരം അഭിവൃദ്ധിപ്പെടുക തന്നെ ചെയ്യും.
രാജീവ്: നോക്കൂ, ‘വസുധൈവ കുടുംബകം’ ദുരുപയോഗിക്കപ്പെട്ടിരിക്കുന്നു. താങ്കൾ ഹിന്ദുവാണെനു ഉറച്ചു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ഞാൻ അത് പ്രോൽസാഹിപ്പിക്കുന്നു. വസുധൈവ കുടുംബകം എന്നതിനെ പറ്റി ഞാൻ ‘Indra’s Net’ എന്ന ബുക്കിൽ എഴുതിയിട്ടുണ്ട്. പദസൂചികയിൽ ‘വസുധൈവകുടുംബകം’ തിരയുക. ആ പ്രമാണവാക്യത്തെ പറ്റി പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. മുഴുവൻ ലോകവും അങിനെയാണെന്നു അത് പറയുന്നില്ല. മനുഷ്യർ മാത്രമല്ല, ഉറുമ്പുകളും മൃഗങ്ങളും എല്ലാം ഉൾപ്പെടുന്ന ഒരു കുടുംബമാണ് ലോകം. അതേസമയം, എന്റെ കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ വ്യത്യാസങ്ങളും ഉണ്ട്. അതിൽ തെറ്റൊന്നുമില്ല. കൗരവരും പാണ്ഢവരും ഒരു കുടുംബക്കാരായിരുന്നു. ദേവന്മാരും അസുരന്മാരും ഒരു കുടുംബമായിരുന്നു. ഐസിസും നമ്മളും ഒരു കുടുംബമാണ്. ഇത് സത്യമാണ്.എന്നാൽ താങ്കൾ മനസ്സിലാക്കണം, നമ്മുടെ പാരമ്പര്യം എല്ലാ കുടുംബാംഗങ്ങളേയും ഒരേപോലെ കൈകാര്യം ചെയ്യാൻ പറയുന്നില്ല, മറിച്ച് സന്ദർഭത്തിനു അനുസരിച്ചാണ് അവരെ കൈകാര്യം ചെയ്യേണ്ടത്. സാഹചര്യത്തിനു അനുസരിച്ച് കൈകാര്യം ചെയ്യുക. ഹിന്ദിയിൽ ‘ചാച്ചാ’ എന്നാൽ ചെറുപ്പവും, ‘തായ’ എന്നാൽ മുതിർന്നവരും ആണ്. ഒരു കുടുംബത്തിൽ തന്നെ അവർ ഒരുപോലെയല്ല കൈകാര്യം ചെയ്യപ്പെടുന്നത്. എന്റെ സഹോദരിയോടും സഹോദരനോടും ഞാൻ പെരുമാറുന്നത് വ്യത്യസ്തരീതിയിലാണ്. ഒരു വ്യക്തിയോടു ഒരു കുട്ടിയും, കുട്ടിയുടെ അച്ഛനും ഇടപെടുന്നത് വ്യത്യസ്തമായാണ്.
അപ്പോൾ നാം വസുധൈവകുടുംബകം എന്നതിലേക്കു പോകേണ്ടതില്ല. ആദ്യം സ്വന്തം കുടുംബത്തിലേക്കു നോക്കുക. വിവിധ കുടുംബാംഗങ്ങൾക്കു വ്യത്യസ്ത ചുമതലകളും, സാഹചര്യവും ഉണ്ട്. അവർ വ്യത്യസ്ത രീതിയിൽ കൈകാര്യം ചെയ്യപ്പെടേണ്ടവരാണ്. ഒരു കുടുംബത്തിലെ ആരെങ്കിലും തെറ്റായ കാര്യം ചെയ്താൽ, അതിനനുസരിച്ച് അവർ കൈകാര്യം ചെയ്യപ്പെടണം. ആ സാഹചര്യത്തിൽ ‘വസുധൈവ കുടുംബകം’ എന്ന പറഞ്ഞിരിക്കാൻ സാധ്യമല്ല. ശക്തമായി അടിക്കേണ്ടിടത്ത്, ചുമതല ബോധത്തോടെ, അടി തന്നെ കൊടുക്കുക. ആരെങ്കിലും തട്ടിപ്പുകാരോ മറ്റോ ആണെങ്കിൽ അവരെ അതുപോലെ കൈകാര്യം ചെയ്യുക. (കയ്യടി)
വിവിധ കാര്യങ്ങളിലുള്ള വ്യത്യസ്തതകൾ പഠിക്കാൻ വിമുഖരായവർ, അവരുടെ ദൗർബല്യത്തിനുള്ള ഒഴിവുകഴിവായി ‘വസുധൈവകുടുംബകം’ എന്ന പ്രമാണം ഉപയോഗിക്കരുത്. ഒരു ന്യായാധിപനു വ്യക്തികളെ വിവേചിച്ചറിഞ്ഞ്, അതിനനുസരിച്ച് അവരെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വസുധൈവകുടുംബകം എന്നോ, എല്ലാവരും തുല്യരാണെന്നോ അദ്ദേഹത്തിനു പറയാനാകില്ല.
മോഹൻ:ഇപ്പോൾ തീവ്രവാദികൾ പുകഴ്ത്തപ്പെടുകയാണ്. തീവ്രവാദികൾക്കു മനുഷ്യാവകാശവും അതുപോലുള്ള സുന്ദരമായ അവകാശങ്ങളും ഉണ്ടത്രെ. സുപ്രീംകോടതിയുടെ നാല് ഉത്തരവ് ഉണ്ടായിട്ടുപോലും, എന്തുകൊണ്ടാണ് അവരെ തൂക്കിലേറ്റിയതെന്ന ചോദ്യം ഉയരുന്നു. ഞാൻ അത് ചോദിക്കാൻ ഉറച്ചിരിക്കുകയാണ്, അവരെ തൂക്കിലേറ്റിയത് ഇന്ത്യൻ രാഷ്ട്രത്തിനു എങ്ങിനെ അപമാനമാകും?
രാജീവ്: വസുധൈവകുടുംബകം എന്നത് ദുരുപയോഗിക്കപ്പെട്ടും ദുർവ്യാഖ്യാനം ചെയ്യപ്പെട്ടും കഴിഞ്ഞു. ഞാനത് കാര്യമായി ഉപയോഗിക്കാറില്ല. വ്യക്തിഗതമായ ആത്മാവിന്റെ അന്തസത്ത ഒന്നേയൊന്നാണെന്ന് ഞാൻ കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു. നമുക്കതറിയാം. എന്നാൽ നാമ-രൂപത്തിനു ഉള്ളിലായിരിക്കുമ്പോൾ ആത്മാവ് വിവിധ കർമ്മങ്ങൾ ചെയ്യുകയും അതിന്റെ ഫലം ശേഖരിക്കുകയും ചെയ്യും. അതിനാൽ പെരുമാറ്റം വ്യത്യസ്തമാണ്. നിങ്ങൾക്കു വസുധൈവകുടുംബകം എന്ന ആശയം വേണമെങ്കിൽ, അതാണ് ഗീതയുടെ തുടക്കത്തിൽ അർജുനൻ പറയുന്നത്. അർജുനനു ആരുമായും യുദ്ധം ചെയ്യണ്ടത്രെ, എതിരാളികളെല്ലാം സ്വന്തം കുടുംബക്കാരാണെന്ന്. അർജുനൻ ആശയക്കുഴപ്പത്തിലായിരുന്നു. അതൊഴിവാക്കാൻ പതിനെട്ട് അദ്ധ്യായങ്ങൾ വേണ്ടിവന്നു. (കയ്യടി).
ശരി. ഒറ്റവാക്കിൽ പറഞ്ഞാൽ, വസുധൈവ കുടുംബകം പോലെയുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനുള്ള പാഠമാണ് ഭഗവത്ഗീത.ആശയക്കുഴപ്പമുള്ളവരെ തിരികെ കൊണ്ടുവരാൻ ഇതുവഴി കഴിയും. അവർ നമ്മുടെ കുടുംബമാണ്, അവരെ പോയി കണ്ടെത്തി, തിരുത്തുക. അതൊരു പ്രധാനകാര്യമാണ്.
മോഹൻ: ഇനിയാരെങ്കിലും.
ദയവായി അടുത്ത ചോദ്യം ചോദിക്കുക.
മോഹൻ: കുറേ പേർ ഉണ്ട്.
രാജീവ്: അടുത്ത ചോദ്യം എവിടെ നിന്നാണ്?
മോഹൻ: അടുത്തത് പിൻനിരയിൽ നിന്നാകാം.
രാജീവ്: അതെ. പിൻനിരയിലേക്കു കൊടുക്കുക.
P2: എന്റെ പേര് രാഹുൽ. ഞാൻ ശ്രദ്ധിച്ച ഒരുകാര്യം, ഹിന്ദു അല്ലെങ്കിൽ ഇന്ത്യൻ ദൃഷ്ടിയിലൂടെയുള്ള ഈ ആശയങ്ങൾക്കു വളരെ കുറച്ച് ഇടങ്ങളേ ഉള്ളൂ. താങ്കളെപ്പോലുള്ള കുറച്ചു വ്യക്തികളും, ‘സ്വരാജ്യ’യെ പോലുള്ള കുറച്ചു സ്ഥാപനങ്ങളും മാത്രം. അവർക്കു ഭരണകൂടത്തിന്റെ പിന്തുണയില്ലാത്തതിനാൽ വളരെ എതിർപ്പുകൾ നേരിട്ടേക്കാം. എന്നാൽ സാമൂഹികമാദ്ധ്യമങ്ങളുടെ വരവോടെ, സംവാദയിടങ്ങൾ കുറേയധികം തുറസ്സായിട്ടുണ്ട്. അവിടെത്തന്നെയും സെൻസേഷണൽ കാര്യങ്ങൾ നൽകുന്നധാരാളം സൈറ്റുകൾ ഉണ്ട്. അവ വളരെ വിശ്വാസയോഗ്യമാണ്. അതുകൊണ്ടാണ് അവയെ ഗൗരവതരമായി എടുക്കാത്തത്. ഇതിൽ എങ്ങിനെ മാറ്റം വരുത്താം?
രാജീവ്: താങ്കൾ പറയുന്നത് ശരിയാണ്. ഈ സ്ഥാപനങ്ങൾക്കു ആശയം പ്രചരിപ്പിക്കാൻ അധികം ഇടങ്ങൾ ഇല്ല. നമുക്ക് കൂടുതൽ ഇടങ്ങൾ വേണം. ഞാൻ എപ്പോഴും സ്വയംവിമർശനത്തിന്റെ രീതിയിലാണ് കാര്യങ്ങൾ വീക്ഷിക്കുന്നത്. നിങ്ങൾ സ്വരാജ്യയെ പറ്റി പറഞ്ഞു. എന്നാൽ സ്വരാജ്യ എന്നെ ഇവിടേക്കു ക്ഷണിക്കാറില്ല. നിങ്ങൾ അത് അറിയണം. ഞാൻ അത് തുറന്ന് പറയുകയാണ്. ചില കാരണങ്ങൾ എവിടേയും എപ്പോഴും ഉണ്ട്.അവർക്കു അതുണ്ട്. നമ്മുടെ ചെറിയ ഗ്രൂപ്പുകളിൽ പോലും അസൂയ നിലവിലിരിക്കുന്നു; ഭിന്നതയും ഉണ്ട്. അതെന്തു കൊണ്ടാണെന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. എല്ലാ വർഷവും ഗോവയിൽ പ്രൗഢമായ ഒരു ഹിന്ദു കോൺക്ലേവ് നടക്കാറുണ്ട്. ഞാനത് ബഹിഷ്കരിച്ചു. എനിക്കു ശരിയെന്നു തോന്നുന്നത് ഞാൻ പറയും, അതിൽ ചിലപ്പോൾ ഇടതുപക്ഷം, വലതുപക്ഷം എന്നിങ്ങനെ പക്ഷം പിടിക്കൽ ഉണ്ടാകില്ല. അവർക്കു അതു പറ്റില്ല. അങ്ങിനെ, ഇത്തരത്തിലുള്ള സമ്മേളനങ്ങളും, ആ ഫോറം നിയന്ത്രിക്കുന്ന നിയന്ത്രിക്കുന്ന വ്യക്തികളും ചെറിയ നാട്ടുരാജ്യം പോലെയാണ്;ചെറിയ ഈഗോ, പൊളിറ്റിക്കൽ ഗ്രൂപ്പുകൾ. അവർ അവരെപ്പോലുള്ള ആളുകളെ കൊണ്ടുവരുന്നു. ഒരു യഥാർത്ഥ സ്വതന്ത്രചിന്തകൻ ആകാൻ താല്പര്യമുള്ള ഒരാൾക്കു അത് കൈകാര്യം ചെയ്യാനാകില്ല… അതുകൊണ്ട് പുത്തൻ ആശയങ്ങളും വിമർശനങ്ങളും കൊണ്ടുവരുന്നവരോടു, നമ്മുടെ ഹൈന്ദവഗ്രൂപ്പുകളും തുറസ്സായി പെരുമാറേണ്ടതുണ്ട്.
മോഹൻ: അതെ. അടുത്തത്…
P3: തീവ്രമായ ഒരു ദേശീയത ഇപ്പോൾ പ്രചരിക്കുന്നുണ്ടോ എന്നാണ് എന്റെ ചോദ്യം. ഇത് വിനാശത്തിലേക്കാണോ പോകുന്നത്? കാരണം ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലെ പ്രധാന ആശയം തീവ്രദേശീയത ആയിരുന്നു. ഇതും അതുപോലൊരു വഴി തിരഞ്ഞെടുക്കുമോ? പിന്നെ, തീവ്രദേശീയത എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നത് വലതുപക്ഷത്തോടാണെന്നു പറയുന്നത് വളരെ വിചിത്രമാണ്. ഇടതുപക്ഷത്തുള്ളവർ അവരെത്തന്നെ ദേശീയവാദികളായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നു എനിക്കു മനസ്സിലായിട്ടില്ല.
രാജീവ്: നല്ല ചോദ്യം. ഞാൻ മറുപടി പറയട്ടെ. തീവ്രദേശീയത മോശമാണ്, കാരണം ജനങ്ങൾ അതിൽ തീവ്രമായി പ്രതികരിക്കും. ദേശസ്നേഹം നല്ല കാര്യമാണ്. ജനങ്ങൾ തീർച്ചയായും ദേശസ്നേഹം ഉള്ളവരായിരിക്കണം. ഒപ്പം അവർ തുറന്ന മനസ്സുള്ളവരും, മാന്യരും, മറ്റു ഇന്ത്യക്കാരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ കഴിയുന്നവരും ആയിരിക്കണം. ചോദ്യകർത്താവ് പറഞ്ഞത് ശരിയാണ്. നിങ്ങൾ ഒരു അമ്പയർ ആണെങ്കിൽ, മറ്റേ വ്യക്തി ചെയ്തത് ശരിയായ കാര്യമാണെന്നു നിങ്ങൾക്കു പറയാം. അത് നമ്മുടെ ഭാഗത്തുനിന്നുള്ള തെറ്റാണ്. സ്പോർട്സിലും അതുപോലുള്ള മറ്റു കളികളിലും ഇത് സംഭവിക്കാറുണ്ട്. ടീമായി കളിക്കുമ്പോൾ നിങ്ങൾക്കു എതിരാളികളോടു എപ്പോഴും നല്ലരീതിയിൽ കളിക്കാനാകില്ല.അതിനാൽ തീവ്രദേശീയത നല്ലതല്ല. ഈ അവസരത്തിൽ നിങ്ങളോടു ജീവിതം, ഇടതുപക്ഷം, വലതുപക്ഷം എന്നിവയെപ്പറ്റി സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ അറിയുന്നവരിൽ എത്രപേർ ഇടതു-വലതുപക്ഷമാണെന്ന് എനിക്കറിയില്ല. ഇതിന്റെ ആരംഭംഫ്രഞ്ച് വിപ്ലവത്തിനു ശേഷമാണ്; കർഷകരായ ജനങ്ങക്കിടയിൽ മുന്നേറ്റമുണ്ടായി, അവർ പാർലമന്റിൽ വരെ എത്തി. അവർക്കു തിരഞ്ഞെടുപ്പിലൂടെ എത്താമായിരുന്നു.ഫ്രഞ്ചുമാർ കുളിക്കാറില്ലായിരുന്നു; അതിനാൽ അവരിൽ ദുർഗന്ധം ഉണ്ടാകും. അതുകൊണ്ട് ഫ്രഞ്ചുകാർ പെർഫ്യൂം കണ്ടുപിടിച്ചു. സത്യത്തിൽ അത് ഈജിപ്തിൽനിന്നു വന്നതാണ്.
ബ്രിട്ടീഷുകാർക്കു കുളിക്കുന്ന ശീലംഇന്ത്യയിൽനിന്ന് ലഭിച്ചതാണ്. 1800-കളിൽ ബ്രിട്ടീഷുകാർ ഇന്ത്യയിലെ കുറേ കാര്യങ്ങളെപ്പറ്റി എഴുതി. നിങ്ങൾ ചാമ്പി ചെയ്യാറുണ്ട്.അതാണ് ഷാമ്പൂ ആയി മാറിയത്. അവരുടെ തലകുളിപ്പിച്ച് കൊടുക്കുന്ന വേലക്കാരനെയാണ് ചാമ്പി എന്നു പറയുന്നത്. ശരീരം നനച്ച് കുളിക്കുന്ന ശീലം ഇംഗ്ലണ്ടിൽ ഇല്ല. അങ്ങിനെ, പെർഫ്യൂമുകൾ… അത് ഫ്രഞ്ചുകാർ കൊണ്ടുവന്ന പാരമ്പര്യമാണ്; അവയ്ക്കു വിലകൂടുതലാണ്. ഉന്നത കുലജാതരും, പണക്കാരുമായ ഭൂവുടമകൾ പെർഫ്യൂം ഉപയോഗിക്കും. എന്നാൽ പാർലമെന്റിൽ എത്തിയ പുതിയ കർഷകർ ദുർഗന്ധം പരത്തും. അപ്പോൾ അവർ പാർലമെന്റിന്റെ ഒരുവശത്തു ഇരിക്കും. മറ്റുള്ളവർ മറുഭാഗത്തും ഇരിക്കും. അങ്ങിനെ ഇരിക്കണമെന്നു നിയമം ഒന്നുമില്ലായിരുന്നു. പെർഫ്യൂം ഉപയോഗിക്കുന്ന ധനാഢ്യർ ഒരുവശത്തും, പെർഫ്യൂം ഉപയോഗിക്കാത്ത, ദുർഗന്ധം മണക്കുന്ന പാവപ്പെട്ട കർഷകർ മരുവശത്തും ഇരിക്കും.
മോഹൻ: ആരാണ് പെർഫ്യൂ ഉപയോഗിച്ചിരുന്നത്. ഇടതോ വലതോ?
രാജീവ്: അവർക്കെല്ലാവർക്കും എല്ലാവരുടേയും പേര് അറിയാത്തതിനാൽ വലതുവശത്തു ഇരിക്കുന്നവരെ പരാമർശിക്കാൻ അവർ ‘വലത്’ എന്ന വാക്ക് ഉപയോഗിച്ചു. അപ്പുറത്തിരിക്കുന്നവർ ഇടതുവശത്തിരിക്കുന്നവർക്കു മറുപടി പറയുമ്പോൾ ‘ഇടത്’ എന്ന വാക്കും ഉപയോഗിച്ചു. ജേർണലിസ്റ്റുകളും ഈ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. അങ്ങിനെ വലതുപക്ഷ – ഇടതുപക്ഷ നിലപാടുകൾ ഉണ്ടായി. പെർഫ്യൂം ഉപയോഗിക്കുന്ന ആഢ്യന്മാർ വലതുപക്ഷ നിലപാടുകാരായി. 15-20 വർഷം മുമ്പ് സാൾട്ട് ലേക്ക് സിറ്റിയിൽ നടന്ന ‘കൊളോണിയൽ വിരുദ്ധ’ കോൺഫറൻസിൽ വച്ച് ശബാന ആസ്മി ഇക്കാര്യം എന്നോടു ചോദിച്ചു. അവർ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നു. അതിന്റെ കാരണം എനിക്കറിയില്ല. അവർ എന്നെ ഇന്റർവ്യൂ ചെയ്യുന്ന പോലെ കുറേ കാര്യങ്ങൾ ചർച്ചചെയ്തു. ഞാൻ എന്റെ വീക്ഷണങ്ങൾ പങ്കുവച്ചു. അപ്പോൾ അവർ വളരെ ആശയക്കുഴപ്പത്തിലായി എന്നോടു ചോദിച്ചു, ഞാൻ ഇടതുപക്ഷമാണോ വലതുപക്ഷമാണോ എന്ന്. ഞാനവരോടു ഈ വിഭജനത്തിന്റെ ആരംഭം എങ്ങിനെയാണെന്നു പറഞ്ഞു; ഫ്രഞ്ചുകാർ കുളിക്കാറില്ല, സമ്പന്നരായവർ പെർഫ്യൂം ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്കു അതില്ല., ഇത്യാദി കാര്യങ്ങൾ.ഒടുവിൽ ഞാൻ പറഞ്ഞു, ശ്രദ്ധിക്കൂ ശബാനാജി, ഞാൻ കുളിക്കുന്നതിൽ വിശ്വസിക്കുന്നു. അതിനാൽ എനിക്ക് ഇടതു-വലതുപക്ഷ പ്രശ്നം ഇല്ല. (ചിരി). അതിനുശേഷം ഒട്ടും വിവേകമില്ലാതെ ഞാൻ പറയുകയും ചെയ്തു, താങ്കളും ഇത് ശ്രമിച്ചു നോക്കൂ. (ചിരി).
മോഹൻ: ഒകെ.
P3:ഗുഡ് ഇവനിങ്. താങ്കൾ ഈ പരിപാടിയിൽ പങ്കെടുത്തതിൽ സന്തോഷമുണ്ട്. ലോകത്തിനു നാം സമ്മാനിച്ച സ്നാന സംസ്കാരത്തെപ്പറ്റി വിശദീകരിച്ചതും നന്നായി.താങ്കൾ നൽകിയ വിശദീകരണങ്ങൾക്കു വ്യക്തത വരുത്തുന്ന ഒരു കൂട്ടിച്ചേർക്കലായി ഇത് പരിഗണിക്കുക. നാം ചർച്ചചെയ്യുന്ന ഹിന്ദുദൃഷ്ടി, ജാതീയത നിർമാജനം ചെയ്യപ്പെടുന്നതും, ഓരോരുത്തരുടെ കഴിവിനനുസരിച്ചുള്ള വർണവ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടുന്നതും, ഇടതുപക്ഷവും വലതുപക്ഷവുമായ എല്ലാത്തിനേയും ഉൾകൊള്ളുന്നതുമായ ഒന്നാണ്. അല്ലേ. നാം ഒരു പുതിയ സമ്പ്രദായം നിർമിക്കുകയാണോ?
രാജീവ്: ഗംഭീരം. ഞാൻ പൂർണമായും താങ്കളോടു യോജിക്കുന്നു. ജാതി-വർണ പ്രശ്നം വളരെ പ്രാധാന്യമുള്ള ഒന്നാണ്. ഇന്നു രാവിലെ, പ്രൊഫസർ ആർ.വൈദ്യനാഥനുമായി 50 മിനിറ്റ് നീണ്ടഫേസ്ബുക്ക് ലൈവ് ഞാൻ ചെയ്തു.അദ്ദേഹം ബാംഗ്ലൂർ IIM-ലെ പ്രൊഫസറാണ്. പ്രശസ്തനായ വ്യക്തി. CASTEഎന്നതും ജാതി എന്നതും വ്യത്യസ്തമാണെന്നതിന്റെ വിശദമായ ഉത്തരം അതിലുണ്ട്. CASTE എന്നത് ഒരു പ്രത്യേക വ്യവസ്ഥയാണ്. അത് തട്ടുതട്ടായുള്ള അധികാര സമ്പ്രദായമല്ല. ജാതിയുടെ പ്രാധാന്യം അതിനകത്തുതന്നെ നന്നായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സാമൂഹിക സുരക്ഷിതത്വം, മാർക്കറ്റ് ലഭ്യത, കൂട്ടായ നവീകരണം തുടങ്ങിയ ജാതിയുടെ മേന്മകളെല്ലാം ഇന്നത്തെ കോർപ്പറേറ്റ് ഘടനയ്ക്കു എതിരാണ്; ഇന്നത്തെ രീതിയിൽ വ്യവസായത്തിന്റെ ഉടമസ്ഥതയിൽ ജോലിക്കാർക്കു പങ്കില്ല. ഇന്നത്തെ കോർപ്പറേറ്റ് ചട്ടക്കൂടിൽ, നിങ്ങളുടെ സ്ഥാപനം ലക്ഷക്കണക്കിനു ചില്ലറ വ്യാപാരികളുടെ സ്ഥാനം ഏറ്റെടുത്ത്, ഒരു ബഹുരാഷ്ട്ര, ബഹുഉല്പന്ന കമ്പനിയായി മാറുന്നു. ഈ ചുറ്റുപാടിൽ കോർപ്പറേറ്റ് ഷെയറുകൾ ലോകത്തെമ്പാടുമുള്ള ആരുടേയും കയ്യിലാകാം. അവർക്കു ഈ തൊഴിലിനോടു എന്തെങ്കിലും ഇഷ്ടമോ, നിക്ഷിപ്ത താല്പര്യമോ മറ്റോ തോന്നില്ല.
ഇത്തരം കോർപ്പറേറ്റ് ഘടന, ജാതികളുടെ കൈവശം ഇരുന്ന, ജാതിയിൽ അംഗമായവർ ചെയ്തിരുന്ന അവരുടെ ബിസിനസുകളെ അവരിൽനിന്നു തട്ടിപ്പറിച്ചു. ഒരുമിച്ചു ജോലിചെയ്യുന്നവരുടെ കൂട്ടായ്മയായിരുന്നു ജാതി. അതിന്റെ പ്രശ്നങ്ങളെ അവർ ഒരുമിച്ച് ഏറ്റെടുത്തു; പരസ്പരസഹായവും സാധാരണമായിരുന്നു. ഈ ജാതിഘടനയെ നിങ്ങൾ മനസ്സിലാക്കിയാൽ ഇത് CASTE SYSTEM അല്ലെന്നു കാണാം. അതുകൊണ്ട്, ഒരു പ്രത്യേക CASTE-ൽ അംഗമാണെന്ന നിലയ്ക്കല്ലാതെ, ഒരു വ്യക്തിയെന്ന നിലയ്ക്കു പാർശ്വവൽക്കരിക്കപ്പെട്ട എല്ലാവർക്കും സഹായം നൽകുന്ന ഒരു പോളിസി നമുക്കുണ്ടാകണമെന്ന് ഞാൻ പറയും.(കയ്യടി).
ഞാൻ നിങ്ങളോടു ഒരുകാര്യം പറയാം. അമേരിക്കയിൽ നിങ്ങളുടെ കുട്ടികൾ കോളേജിൽ പോകുമ്പോൾ, കോളേജ് അധികൃതർ സാമ്പത്തിക സഹായമോ മറ്റോ വേണമോ എന്നു ആരാഞ്ഞ്, നിങ്ങൾക്കു ഒരു ഫോം അയച്ചുതരും. ആ ഫോമിൽ മതം ചോദിച്ചിട്ടില്ല. സാമ്പത്തിക സഹായം വേണമെങ്കിൽ മാതാപിതാക്കളുടെ ടാക്‌സ് റിട്ടേൺ വിവരങ്ങളാണ് സമർപ്പിക്കേണ്ടത്. ഒരു വ്യക്തിയെന്ന നിലയിലും, കുടുംബമെന്ന നിലയിലും നിങ്ങളുടെ സ്വകാര്യ സാഹചര്യങ്ങൾക്കു അവർ മതിയായ ശ്രദ്ധ നൽകും. അവർ ഈ വിവരങ്ങൾ ചില ഫോർമുലകൾ വഴി പരിശോധിച്ച്, മറ്റുള്ളവരേക്കാൾ സഹായം ലഭിക്കേണ്ട വ്യക്തിയാണ് താങ്കൾ എന്നു തീരുമാനിച്ചാൽ, താങ്കൾക്കു കൂടുതൽ പരിഗണന കിട്ടും. ഏതെങ്കിലും പ്രത്യേക മതത്തിലോ ജാതിയിലോ ഉൾപ്പെടുന്നതുകൊണ്ട് ഒന്നും ലഭിക്കുകയില്ല.
മോഹൻ: താങ്കൾ ചോദിക്കൂ.
P4: താങ്കളുടെ അഭിപ്രായപ്രകാരം എന്തായിരിക്കണം ഇന്ത്യൻ ആഖ്യാന പദ്ധതി?
രാജീവ്: ഇന്ത്യൻ ആഖ്യാന പദ്ധതി! ഞാൻ അതെക്കുറിച്ച് ധാരാളം എഴുതുകയാണ്. വായിക്കാനാണെങ്കിൽ കുറേ വാല്യങ്ങളുണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ, ഇത് നമ്മുടെ കഥയാണ്. നാം ആരാണ്? എല്ലാ രാഷ്ട്രങ്ങളും അവർ ആരാണെന്നു അവരുടെ തന്നെ വീക്ഷണത്തിൽ നിർവചിക്കും. ചില രാഷ്ട്രങ്ങൾ നിർവചിക്കപ്പെട്ടിരിക്കുന്നത്, ലോകത്തെയാകെ ഏറ്റെടുക്കാനുള്ള കല്പന ദൈവം അവർക്കു മാത്രം നൽകി എന്നതിന്മേലാണ്. അവിടെ പദ്ധതി ഉരുത്തിരിയുന്നത് ഒരു പ്രത്യേക സംഭവത്തെ ചുറ്റിപ്പറ്റിയാണ്. മിക്കവാറും മരുഭൂമിയിൽ നടക്കുന്ന സംഭവം. ഒന്നായാലും പലതായാലും മരുഭൂമിയിലുള്ളത് മരുഭൂമി മതങ്ങളാണ്. മരുഭൂമിയിലെ ഗോത്രങ്ങളുടേതാണ് അത്. കഷ്ടപ്പാടിൽ നിന്നായിരിക്കും അവയുടെ ഉൽഭവം; അക്രമങ്ങളാൽ സമൃദ്ധവും. നമ്മുടേത് വനസംസ്കാരമാണ്; കാടുകളാൽ സമൃദ്ധം. ധാരാളിത്തം, സങ്കീർണ്ണത, സാങ്കേതികജ്ഞാനം, ഒത്തൊരുമ, പരസ്പര ആശ്രിതത്വം., എന്നിവ വനസംസ്കാരത്തിന്റെ ഭാഗമാണ്. വനസംസ്കാരം മുന്നോട്ടുവയ്ക്കുന്ന വീക്ഷണം വൈവിധ്യമുള്ള വിഷയങ്ങളിൽ അടിസ്ഥാനപ്പെട്ടിരിക്കും; അത് അക്രമത്തിൽ അധിഷ്ഠിതമല്ല; രൗദ്രനായ ദൈവവും ഇല്ല. വിവിധ പരിണാമ ഘട്ടങ്ങൾ കടന്ന്, തുറന്ന ചട്ടക്കൂട്, സ്വാംശീകരണം, നവീകരണം, മാറ്റങ്ങൾ എന്നിവക്കു വിധേയമാകുന്ന ഭാരതത്തിന്റെ പൗരാണിക സംസ്കാരവും, തത്ത്വജ്ഞാനവുമാണ് നമ്മുടെ പദ്ധതി രൂപരേഖ. എല്ലാ മാനവികസാമൂഹിക ശാസ്ത്രങ്ങളും, സാമൂഹികശാസ്ത്രവും ബൃഹത്തായ ഇന്ത്യൻ പദ്ധതിയുടെ ഭാഗമാണ്. പുതിയ ഗവൺമെന്റ് ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതും ആരംഭിക്കേണ്ടതുമായ കാര്യം, ഇന്ത്യൻ ബൃഹദ്പദ്ധതിയുടെ രൂപരേഖ വികസിപ്പിക്കുന്നതിനു ഒരു മന്ത്രിതല വകുപ്പ് രൂപീകരിക്കുകയാണ്.
മോഹൻ: ആ മൂലയിലുള്ള വനിത. അവർക്കു എന്തെങ്കിലും ചോദിക്കാനുണ്ടോ?
രാജീവ്: അവർക്കു മൈക്ക് കൊടുക്കൂ.
മോഹൻ: ഇത് അവസാന ചോദ്യമാണ്. ബാക്കിയുള്ളവർക്കു രാജീവ് ജിയോടു പ്രത്യേകമായി ചോദ്യങ്ങൾ ചോദിക്കാം. ഇത് നിഷ്പക്ഷമാണ്. ഇതായിരിക്കും അവസാനത്തെ ചോദ്യം.
P5: ഫേസ്‌ബുക്കും വിക്കിപ്പീഡിയയും പടിഞ്ഞാറൻ സംസ്കാരത്തിന്റെ സാങ്കേതികവിദ്യകളാണെന്നു താങ്കൾ പറഞ്ഞു. അതേസമയം, നമ്മുടെ വീക്ഷണം പുനർനിർമിക്കാൻ നാം മുഖ്യധാര മാദ്ധ്യമങ്ങളെ അവഗണിച്ച്, സാമൂഹികമാദ്ധ്യമങ്ങൾ ഉപയോഗിക്കണമെന്നും പറഞ്ഞു. ഇവ പടിഞ്ഞാറൻ കൊളോണിയലിസത്തിന്റെ ഉപകരണങ്ങളാണ്. അവിടെ ഒരു പരസ്പരവൈരുദ്ധ്യം വരുന്നില്ലേ?
രാജീവ്: അതെ. അവിടെ ഒരു വൈരുദ്ധ്യമുള്ള പോലെ തോന്നുന്നു. അതെങ്ങിനെയെന്നു ഞാൻ പറയാം. നിങ്ങൾക്കു അറിയാമോ, ചിലപ്പോൾ നിങ്ങൾ പ്രശ്നങ്ങൾ പരിഹാരവുമായി ഏറ്റുമുട്ടുന്നതു കാണാം. അതും ഒരു പ്രശ്നമാണ്. പക്ഷേ നമ്മൾ അതിലൊന്ന് തിരഞ്ഞെടുക്കും. ഒരെണ്ണം മോശവും, മറ്റേത് മഹാമോശവുമായിരിക്കും. മുഖ്യധാരാ മാദ്ധ്യമങ്ങളെ തകർക്കുക അസാധ്യമാണെന്നു ഞാൻ കരുതുന്നു. സോഷ്യൽ മീഡിയയാണ് കൂടുതൽ അനുയോജ്യമായ സ്ഥലം. കാരണം അതുവച്ച് നമുക്ക് മുഖ്യധാരാ മാധ്യമങ്ങളെ മറികടക്കാം. എന്നിരുന്നാലും വിദേശനിയന്ത്രണം മൂലം സോഷ്യൽ മീഡിയയും പ്രശ്നക്കാരാണ്. പക്ഷേ വിദേശനിയന്ത്രണം അവയ്ക്കു അത്യാവശ്യമല്ല. ഫേസ്‌ബുക്ക്, ആമസോൺ, ഗൂഗിൾ എന്നിവയ്ക്കു സമമായ സമാന്തര സംവിധാനങ്ങൾ ചൈന ഉണ്ടാക്കിയിട്ടുണ്ട്. ഇവയിൽ നൂറുകണക്കിനു ബില്യൺ ഡോളറുകളുടെ ബിസിനസ് നടക്കുന്നുവെന്ന് മാത്രമല്ല, സ്വന്തം ജനങ്ങളുടെ മേൽ നിയന്ത്രണവും അതുവഴി ലഭിക്കും. നാം സോഷ്യൽ മീഡിയകൾ ആരംഭിച്ച്, നമ്മുടെ അറിവ്, ഉള്ളടക്കം എന്നിവ രേഖപ്പെടുത്തുകയാണ് യഥാർത്ഥ പരിഹാരം.അതിനൊപ്പം തന്നെ ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബാംഗ്ലൂർ സ്വന്തം നിലയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ടെക്നോളജികളും വികസിപ്പിച്ചെടുക്കുകയും വേണം. (കയ്യടി).
മോഹൻ:ശരി…സുഹൃത്തുക്കളേ, രാജീവ്, നിങ്ങൾക്കെല്ലാം നന്ദി പറയുന്നു. എല്ലാവരും ദയവായി എഴുന്നേറ്റു നിന്നു അദ്ദേഹത്തിനു അഭിവാദ്യം അർപ്പിക്കൂ.