ചർച്ചയ്ക്കായി അടുത്ത പാനലിലെ അംഗത്തെ ഞാൻ ക്ഷണിക്കുന്നു; അദ്ദേഹം ഭാരതീയ സാംസ്കാരിക പാരമ്പര്യത്തെ പറ്റി സംസാരിക്കുന്നതാണ്. മിസ്റ്റർ ടി വി മോഹൻദാസാണ് ഈ സെഷൻ നിയന്ത്രിക്കാൻ പോകുന്നത്. മണിപ്പാൽ ഗ്രൂപ്പ് ഗ്ലോബൽ എജുക്കേഷന്റെ ചെയർമാനും, ഇൻഫോസിസിന്റെ HR& Finance വിഭാഗം തലവനുമായിരുന്നു ശ്രീ മോഹൻദാസ് പൈ. സ്വാഗതം സാർ.
മിസ്റ്റർ രാജീവ് മൽഹോത്ര ഈ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഗവേഷകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, സമകാലീന സാംസ്കാരിക-വൈജ്ഞാനിക മേഖലയിലും മതം ശാസ്ത്രം തുടങ്ങിയവയിലും അവഗാഹമുള്ള വിജ്ഞാനപടുവാണ് ശ്രീ രാജീവ് ജി. അന്തർദേശീയതലത്തിൽ തന്നെ പ്രശസ്തൻ. വിവിധ രാജ്യങ്ങളിലായി ഇരുപതോളം കമ്പനികളുടെ സംരംഭകനായിരിക്കെ, കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ, അദ്ദേഹം കോർപ്പറേറ്റ് ലോകത്തോടു വിടപറഞ്ഞു. തുടർന്നു ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹികരംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രിൻസ്‌ടൺ ആസ്ഥാനമായ ഇൻഫിനിറ്റി ഫൗണ്ടേഷന്റെ ഡയറക്ടർ ആണ് രാജീവ് ജി. ഇതുകൂടാതെ മസാച്ച്യുസെറ്റ്‌സ് യൂണിവേഴ്സിറ്റിയുടെ, ഇന്ത്യാ പഠനവിഭാഗത്തിന്റെ ഗവർണേഴ്സ് ബോർഡിന്റെ ചെയർമാനുമായിരുന്നു അദ്ദേഹം…മഹതികളെ, മാന്യന്മാരെ, ഭാരതം അവളുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തെ വീണ്ടെടുക്കാൻ പോവുകയാണിവിടെ. ടിവി മോഹൻദാസ് പൈ- രാജീവ് മൽഹോത്ര സംഭാഷണം ആരംഭിക്കുകയാണ്…
മോഹൻദാസ് പൈ – അൽഭുതം രാജീവ്. ബെംഗളുരുവിൽ താങ്കൾക്കു വലിയൊരു ആരാധകവൃദ്ധം ഉണ്ട്!ബെംഗളുരുവിലേക്കു വീണ്ടുമെത്തിയതിനു നന്ദി.
രാജീവ് മൽഹോത്ര – എനിക്കും സന്തോഷം തന്നെയാണ്.
മോഹൻ – രണ്ടു വർഷം മുമ്പ് നാം നല്ലൊരു സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു; ചിലർ അതിപ്പോഴും ഓർക്കുന്നുണ്ടാകുമെന്നു ഞാൻ കരുതുന്നു. വീണ്ടുമെത്തിയത് നന്നായി. ഒരു നീണ്ടചോദ്യത്തോടെ നമുക്ക് ഈ സംഭാഷണം ആരംഭിക്കാം. കഴിഞ്ഞ അഞ്ചു സഹസ്രാബ്ദങ്ങളിലായി, ലോകമെങ്ങും പല സംസ്കാരങ്ങൾ ഉദയം കൊള്ളുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ അവയിൽ നാലെണ്ണം മാത്രമേ ഇന്നു നിലവിലുള്ളൂ. പടിഞ്ഞാറൻ സംസ്കാരമാണ് അതിലൊന്ന്. ഇസ്ലാമിക സംസ്കാരം രണ്ടാമത്. ഇന്ത്യൻ സംസ്കാരവും ചൈനീസ് സംസ്കാരവും മൂന്നും നാലും സ്ഥാനങ്ങളിൽ വരുന്നു. മറ്റു സംസ്കാരങ്ങൾ നാമാവശേഷമായപ്പോഴും, ഈ നാലു സംസ്കാരങ്ങൾ അതിജീവിച്ചു നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് താങ്കൾ കരുതുന്നു? എന്താണ് അവയെ ഇതിനു പ്രാപ്തമാക്കിയത്?
രാജീവ് – വളരെ ശ്രദ്ധേയമായ ചോദ്യം. താങ്കൾക്കു അറിയുമോ, ഈ സംസ്കാരങ്ങളുടേയൊക്കെ ചരിത്രവും വിജയപരാജയവുമൊക്കെ പഠിക്കേണ്ടത് വളരെ പ്രധാനമാണ്. സാംസ്കാരിക മാൽസര്യത്തിന്റെ പരിണതഫലത്തേയും, നാം എങ്ങിനെ മുന്നോട്ടു പോകണമെന്നന്നതിനെ പറ്റിയും നമുക്കപ്പോൾ വ്യക്തമായ ചിത്രം ലഭിക്കും. അതിനാൽ ഈ സംസ്കാരങ്ങളെ പറ്റി കുറച്ചു കാര്യങ്ങൾ, അവയുടെ ശക്തിയും ദൗർബല്യവും, ഞാൻ പങ്കുവയ്ക്കാം. ഈ നാലു സംസ്കാരങ്ങളിൽ രണ്ടെണ്ണം, പടിഞ്ഞാറനും ഇസ്ലാമും, അവരുടെ സ്വാധീനമേഖല ഒരിടത്തുനിന്ന് മറ്റിടങ്ങളിലേക്കു വികസിപ്പിക്കുന്നതിൽ എക്കാലത്തും ആക്രമണോൽസുകമായവയായിരുന്നു. എന്നാൽ ചൈനയും ഭാരതവും ആ വഴി തിരഞ്ഞെടുത്തില്ല. പടിഞ്ഞാറൻ സംസ്കാരവും ഇസ്ലാമും അവരുടെ വ്യാപനം ദൈവനിയോഗമായി കണക്കാക്കി. അവർ പരസ്പരവും, മറ്റുള്ളവരുമായും ഏറ്റുമുട്ടി വലിയൊരു ഭൂമിക പിടിച്ചെടുക്കുന്നതിൽ അതിനൈപുണ്യം കാട്ടി. നിങ്ങൾ പടിഞ്ഞാറൻ സംസ്കാരത്തിന്റെ നിർവചനം തേടിയാൽ, അത് ചെന്നെത്തുക യൂറോപ്പിൽ ആയിരിക്കും. അതും വടക്കൻ യൂറോപ്പ് മാത്രം. കാരണം ഗ്രീസ് തന്നെ ഒരുകാലത്തുപൗരസ്ത്യദേശത്തിന്റെ ഒരു ഭാഗമായി പരിഗണിക്കപ്പെട്ടിരുന്നു. അവിടെ നിന്ന് അവർ വളരെയധികം വ്യാപിച്ചു, അമേരിക്കയുടെ ഉയർച്ച ഇതിൽ വളരെ പ്രധാനമായിരുന്നു. അടുത്തതായി നിങ്ങൾ ഇസ്ലാമിന്റെ ഉൽഭവം എവിടെയാണെന്നും എവിടേക്കെല്ലാം അത് വ്യാപിച്ചെന്നും നോക്കൂ. ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും അവർ നല്ലൊരു പങ്ക് കരസ്ഥമാക്കി കഴിഞ്ഞു. മറ്റു സംസ്കാരത്തെ കുറിച്ച് പരാമർശിക്കുന്നതിനു മുമ്പ് പറയട്ടെ, ഈ രണ്ടു സംസ്കാരങ്ങളിൽ ഇസ്ലാമിനു, പാശ്ചാത്യരാജ്യങ്ങളിൽ സംഭവിച്ച പോലൊരു നവോത്ഥാനത്തിന്റെ ഗുണഫലങ്ങൾ ലഭിച്ചില്ല. പാശ്ചാത്യരാജ്യങ്ങളും ഏറെക്കാലം മതപരമായി ഒറ്റപ്പെട്ടും, ചരിത്രകേന്ദ്രിത വിശ്വാസങ്ങളിൽ അകപ്പെട്ടും ഇരിക്കുകയായിരുന്നു. നൂറോളം കൊല്ലത്തെ യുദ്ധ-സംഘർഷങ്ങൾക്കു ശേഷം നവോത്ഥാനത്തിന്റെ ഫലമായി ശാസ്ത്രം ഉയിർകൊണ്ടു. ഒപ്പം ആധുനികതയും. നിങ്ങൾക്കു അറിയുമോ, അതുവരെ യൂറോപ്പിലെ ബിഷപ്പുമാർക്കു ‘ഫത്വ’ പോലുള്ള അധികാരങ്ങൾ ഉണ്ടായിരുന്നു. അവർക്കു ആരേയും അറസ്റ്റ് ചെയ്യിക്കാം, അവർക്കു എന്തു സാധ്യമായിരുന്നു.
പാശ്ചാത്യനവോത്ഥാനത്തിന്റെ ദിശ ഇസ്ലാമിനു ഒരു റോൾ മോഡലായി തിരഞ്ഞെടുക്കാം. കാരണം ഇസ്ലാമിനു വിജയിക്കണമെങ്കിൽ, അതിനു ഇപ്പോൾ അകപ്പെട്ടിരിക്കുന്ന തടവറയിൽനിന്നു പുറത്തുവരേണ്ടതുണ്ട്. ഇത് മറ്റുള്ളവരോ നിങ്ങളോ ചെയ്യേണ്ടതല്ല. ഇസ്ലാമിക സമൂഹം സ്വയം നിർവഹിക്കേണ്ട കാര്യമാണ്.മറ്റുള്ളവർക്കു പുറത്തുനിന്നു ഇത് അവരിൽ അടിച്ചേൽപ്പിക്കാനാകില്ല. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ അവർ കൊല്ലപ്പെടുന്നതുവരെ യുദ്ധം ചെയ്തേക്കാം, അതല്ലെങ്കിൽ അവർ ഉള്ളിൽനിന്നു തന്നെ ഒരു നവോത്ഥാനം ആരംഭിച്ചേക്കാം. എന്തായാലും അത്തരം നവോത്ഥാന ശ്രമങ്ങൾ അവരിലിപ്പോൾ ദൃശ്യമല്ല. എനിക്കു ലിബറൽ ചിന്താഗതിയുള്ള ധാരാളം മുസ്ലിം സുഹൃത്തുക്കളുണ്ട്. ഞാൻ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ചിലസമയങ്ങളിൽ, ദുർബലസ്വരത്തിൽ, മുല്ലമാരെ പോലുള്ള മുഴുവൻ ഇസ്ലാമിക സമ്പ്രദായങ്ങളേയും തോല്പിച്ച് കീഴ്പ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണെന്നു അവർ സമ്മതിക്കാറുണ്ട്. ശാസ്ത്രപഠനം ഉൾപ്പെടുത്തി ജനങ്ങൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നൽകുകയെന്നത് അവർക്കു ചെയ്യാവുന്ന വളരെ നല്ല കാര്യമാകും.
എന്നാൽ ഇന്നുവരെ, ആശയപരമായി, ഇസ്ലാം നവോത്ഥാന-പൂർവ്വകാലത്തെ പാശ്ചാത്യരാജ്യങ്ങളുടെ നിലയിലാണ്. നേരെ മറിച്ച്, ഇസ്ലാം വളരെ അനുകൂലമായ ഭൂമിശാസ്ത്ര കിടപ്പ് അനുഭവിക്കുന്നുണ്ടെന്നു നമുക്ക് പറയാം. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവയ്ക്കിടയിൽ, മൂന്ന് നാഗരികതകൾ കൂടിച്ചേരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു എന്നത് വലിയൊരു ഭൂമിശാസ്ത്ര നേട്ടമാണ്. ഇടനിലക്കാർ, വ്യാപാരികൾ, നയതന്ത്രജ്ഞർ എന്നീ നിലകളിൽ അവരത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അമേരിക്കയും നല്ലപോലെ ഭൂമിശാസ്ത്ര ആനുകൂല്യംഅനുഭവിക്കുന്നുണ്ട്. ഒരുപക്ഷേ, അതിർത്തി തർക്കങ്ങൾ ഇല്ലാത്ത ഒരേയൊരു പ്രമുഖരാജ്യമാണ് അമേരിക്കയെന്ന കാര്യം നാം മറക്കുകയാണ്. അവിടെ ആരും സംഘർഷത്തിൽ അല്ല. ഇരുവശത്തും രണ്ട് മഹാസമുദ്രങ്ങൾ. കാനഡയും മെക്സിക്കോയും അമേരിക്കയോടു യുദ്ധം ആഗ്രഹിക്കുന്നില്ല. അതിനാൽ സ്വന്തം ഭൂവിഭാഗം സംരക്ഷിക്കുന്നതിനു അവർക്കു സമ്പത്ത് നീക്കിവയ്ക്കേണ്ടതില്ല.ഇത് വളരെ ആശ്ചര്യകരമാണ്.
മറ്റൊരു രാജ്യത്തിനും ഇങ്ങിനെ അവകാശപ്പെടാനാകില്ല…അപ്പോൾ അമേരിക്കയുടെ പുരോഗതിയെ നാം വീക്ഷിക്കുമ്പോൾ, ഇതുതന്നെ ഒരു മുതൽകൂട്ടാണെന്ന് കാണാം. ഭൂമിശാസ്ത്രപരമായ നേട്ടവും കോട്ടവും പ്രധാനമാണ്. ഈ സംസ്കാരങ്ങളെല്ലാം അതിനു ഉദാഹരണമാണ്. ചൈനയും ഉദാഹരണമാണ്. ഭാരതംഒരിക്കലും ഒരുഅധിനിവേശ പദ്ധതിയുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടില്ല. ചൈനക്കും ഭാരതത്തിനുമിടയിൽ വ്യത്യാസങ്ങൾ ഉണ്ട്. ഭാരതം കോളനിവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ചൈന അങ്ങിനെയല്ല. അവർ വളരെക്കുറച്ച് കാലത്തേക്കു മാത്രമേ കോളനിവൽക്കരിക്കപ്പെട്ടിട്ടുള്ളൂ. അതാകട്ടെ ഗൗരവതരമല്ലെന്നു മാത്രമല്ല, ചൈനീസ് സംസ്കാരത്തിന്റെ തുടർച്ചയെ തടസ്സപ്പെടുത്താൻ പര്യാപ്തവുമായിരുന്നില്ല. എന്നാൽ ഭാരതം കോളനിവൽക്കരണം മൂലം ഏറെ കഷ്ടപ്പെട്ടു. അതുകൊണ്ട്ഭാരതത്തിനും ചൈനയ്ക്കുമിടയിൽ വ്യത്യാസങ്ങൾ ഏറെയാണ്.
ഏറെക്കാലംനീണ്ടുനിന്ന കോളനിവൽക്കരണം, അതുമൂലമുള്ള നാശനഷ്ടങ്ങൾ എന്നിവയ്ക്കിടയിലും, ഭാരതീയ സംസ്കാരത്തിൽ സ്വതസിദ്ധമായി അടങ്ങിയിട്ടുള്ള ചില വിശേഷഗുണങ്ങൾ ഭാരതത്തിനു അനുകൂലമായി വർത്തിച്ചു. ഇതൊരു ഹൈന്ദവ മൂല്യമാണ്. ഇതിനെപ്പറ്റിയാണ് ഞാൻ സംസാരിക്കാൻ പോകുന്നത്. ഭാരതീയ സംസ്കാരത്തിൽ ഈ മൂല്യങ്ങൾ പലരീതിയിൽ അടങ്ങിയിട്ടുണ്ട്;ഒരു വൃക്ഷത്തിലെ ഇലകളിലെല്ലാം ഒരേ ഡിഎൻഎ ആയിരിക്കുമെന്നതു പോലെ. ഉൽസവങ്ങൾ, നൃത്തകലാരൂപം, ശാസ്ത്രങ്ങൾ, സന്യാസികൾ, ക്ഷേത്രങ്ങൾ, നമ്മുടെ ഭവനങ്ങൾ., എന്നിവിടങ്ങളിലെല്ലാം ഈ സംസ്കാരത്തിന്റെ അടിസ്ഥാനരൂപം ഉണ്ട്. അതിനാൽ ഇതൊരു വാസ്തുനിർമിതിയാണ്;ഒരേ ആശയങ്ങളും, പദ്ധതികളും വ്യത്യസ്ത രൂപങ്ങളിൽ.സാങ്കേതിക മേഖലയിൽ നിങ്ങൾ ഇതിനെ ‘അതിസമൃദ്ധി’ (Redundancy) എന്നു പറയും; സമൃദ്ധി സ്വാഭാവികമായുള്ള ഒരു സാംസ്കാരിക ചട്ടക്കൂട്. ഇതൊരു തുറന്ന ചട്ടക്കൂട് കൂടിയാണ്. അതുകൊണ്ട് നൈരന്തര്യത്തിലും സ്വത്വത്തിലും മാറ്റം വരുത്താതെ തന്നെ നിങ്ങൾക്കു എന്തും ഇതിലേക്കു സ്വാംശീകരിക്കാം. ഈ വിധ ഗുണമേന്മകൾ കൊണ്ട് ഇന്ത്യ വെല്ലുവിളികളെ അതിജീവിച്ചു. നിങ്ങൾക്കുള്ള ഒരു അരയാലിന്റെ വിവിധ ഭാഗങ്ങളെ നിങ്ങൾ മുറിച്ചു മാറ്റിക്കൊണ്ടിരിക്കുന്നതു പോലെ ഇതിനെ ഉപമിക്കാം. വേരിന്റെ ഏതുഭാഗത്തു നിന്നും മുളപൊട്ടി അരയാൽ വീണ്ടും വളർന്നു വരും. അപ്പോൾ ഇന്ത്യൻ സംസ്കാരത്തിന്റെ അതിജീവനത്തിന്റെ പൊരുൾ ഇതാണ്, ഉപരിഭാഗത്തു ഭീമമായ തോതിൽ പ്രശ്നങ്ങളുണ്ടായെങ്കിലും, താഴെയുള്ള അടിസ്ഥാനതലത്തിൽവൈവിധ്യവും സമൃദ്ധവുമായ ഒരു വേരുപടലം നിലനിന്നിരുന്നു. സംസ്കാരസംബന്ധമായി ഇക്കാലത്തു നടക്കുന്ന പ്രശ്നങ്ങളുടെ രത്നച്ചുരുക്കം ഇതിലാണ്.
മോഹൻ – പക്ഷേ രാജീവ്, കഴിഞ്ഞ മുന്നൂറ് കൊല്ലം ഈ നാലു സംസ്കാരങ്ങൾ എവ്വിധമാണ് വളർന്നതെന്നു താങ്കൾ നോക്കൂ. അപ്പോൾ മനസ്സിലാക്കാം, പാശ്ചാത്യർ വിജയിച്ചെന്ന്. പാശ്ചാത്യർക്കു സാങ്കേതികവിദ്യയുണ്ട്. അവർക്കു വ്യവസായികവിപ്ലവം സാധ്യമായി, കൃസ്ത്യൻപള്ളിയേയും ഭരണകൂടത്തേയും ഏറ്റുമുട്ടിച്ച് സ്വതന്ത്രരാകാൻ പറ്റി, ജനസംഖ്യാപരമായ പാരമ്പര്യം മെച്ചപ്പെടുത്താനായി, അവർ വലിയ യുദ്ധങ്ങൾ ചെയ്തു, അവർ അഭിവൃദ്ധിപ്പെട്ടു, അവർ ലോകക്രമം നിയന്ത്രിക്കുന്നു,അവർ സമ്പന്നരാണ്. എന്നാൽ ഇസ്ലാമിക സംസ്കാരത്തെ നോക്കൂ. മദ്ധ്യേഷ്യയിലുള്ള പ്രകൃതിവിഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ അത് വളരെ പിന്നോക്കം പോയി. ഇന്ത്യ കോളനിവൽക്കരിക്കപ്പെട്ടു. ഇന്ത്യക്കാർ അവരുടെ ഭാവിയെപ്പറ്റി സംശയഗ്രസ്തരാണ്. ചൈനക്കാർ മുന്നേറ്റം തുടങ്ങിയിട്ടേ ഉള്ളൂ. കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ, ഈ നാലു സംസ്കാരങ്ങളിലുള്ള എന്ത് അന്തസത്തയാണ്, അവയിൽ ചിലതിനെ പിന്നാക്കം വലിച്ചതും, മറ്റുള്ളവയെ അഭിവൃദ്ധിപ്പെടുത്തിയതും?
രാജീവ്: ഈ പുതിയ സഹസ്രാബ്ദം പിറക്കുന്നതിനു മുമ്പുതന്നെ ചൈനക്കാർ പറഞ്ഞിരുന്നു, അവർ വളരെ ശക്തരായി ലോകത്തിൽ ഒന്നാം സ്ഥാനത്തിനായി മൽസരിക്കുമെന്ന്. ഇപ്പോൾ അതാണ് നടക്കുന്നതെന്നും ഏവർക്കുമറിയാം. ഇക്കാര്യത്തിൽ ട്രംമ്പ് എന്തുചെയ്തേക്കാമെന്ന് നമുക്ക് അല്പസമയത്തിനുള്ളിൽ ചർച്ച ചെയ്യാം. ലോകത്ത് മേധാവിത്വം പുലർത്താനുള്ള ശ്രമങ്ങളിൽ മുഴുകിയിരിക്കുന്നത് പാശ്ചാത്യരും, ഇസ്ലാമും, ചൈനയുമാണ്. ഇന്ത്യയാകട്ടെ ലോകത്തെ വൻശക്തി ആകുമെന്നൊന്നും അവകാശവാദം മുഴക്കിയിട്ടില്ല. മറ്റു മൂന്ന് വിഭാഗത്തിനും അക്കാര്യത്തിൽ സംഭ്രമവും ഇല്ല.
മോഹൻ: ഇന്ത്യൻ സംസ്കാരം ശക്തി കുറഞ്ഞ് ദുർബലമാണോ?
രാജീവ്: ഞാൻ കരുതുന്നത് ഭാരതവും, ഭാരതീയഭരണവും, ഭരണാധികാരികളായ ഉപരിവർഗ്ഗവും വളരെയേറെ കോളനിവൽക്കരിക്കപ്പെട്ടിരുന്നു എന്നാണ്. ഇന്നും നാം അതിൽനിന്നു മുക്തരല്ല. മനസ്സ് ഇപ്പോഴും വളരെയധികം കോളനിവൽക്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് നാം വളരെ പ്രതിരോധത്തിൽ, അതിജീവിക്കേണ്ടതെങ്ങിനെ എന്നു അൽഭുതപ്പെട്ടു ഇരകളായി കഴിയുന്നത്. കരുത്തും ഒരു ദൗർബല്യമായേക്കാം, അതിജീവിക്കാനുള്ള സഹജവാസന ഉണ്ടെന്നതാണ് ഇന്ത്യയുടെ കരുത്ത്. പ്രകാശം അണഞ്ഞാലും എനിക്ക് അതിജീവിക്കാൻ ആകും. ‘ശരി. ഞാൻ ഒരു വിളക്കു കത്തിക്കാം. അപ്പോൾ എല്ലാം ശരിയാകും’ എന്നു ഞാൻ പറയും. പാഴ്‌വസ്തുക്കൾ അടിച്ചുമാറ്റിയിട്ടില്ലെങ്കിൽ ഞാൻ തന്നെ വീട് വൃത്തിയാക്കാം. വൈദ്യുതി ലഭ്യമല്ലെങ്കിൽ ഒരു ജനറേറ്റർ വാങ്ങാം.പെട്ടെന്നുള്ള ഇത്തരം പ്രശ്നപരിഹാരങ്ങൾക്കുമൂല്യമേറെയാണ്. കാരണം ന്യൂയോർക്കിൽ വൈദ്യുതി തടസപ്പെട്ടാൽ, അത് വലിയ പ്രശ്നമുണ്ടാക്കും. എല്ലാവിധ കാര്യങ്ങളും അവിടെ സംഭവിച്ചുപോകും.
അതിനാൽ പ്രശ്നങ്ങൾക്കു ദ്രുതപരിഹാരം കാണുന്ന പ്രത്യുൽപ്പന്നമതിത്വത്തോടു കൂടിയഭാരതീയരീതി വളരെ നല്ലതാണ്.പക്ഷേ ഇതിന്റെ ദൗർബല്യം എന്തെന്നാൽ, എന്റെ വസ്തുവകകൾക്കുള്ള പ്രശ്നങ്ങൾക്കു എനിക്കു തന്നെ ലളിതമാർഗങ്ങളാൽ സൂക്ഷ്മതലത്തിൽ നിയന്ത്രിക്കാകുമെന്നത് കൊണ്ട്, സൂക്ഷ്മതലത്തിൽ പരിഹാരം കാണാമെന്നതിനാൽ, സമൂഹത്തിനു മൊത്തത്തിൽ ഉപകാരപ്പെടുന്ന പ്രയത്നങ്ങളിൽ ഞാൻ പങ്കെടുത്തേക്കില്ല.ചിട്ടയായ, വ്യവസ്ഥാനുസാരമായ, വിശാല ചിന്താഗതി ഇപ്പോൾ രൂപപ്പെട്ടുവരുന്നുണ്ട്. ഇവിടെ ഒരു മെട്രോ ഉണ്ടാക്കാം എന്നെല്ലാം ഇപ്പോൾ ജനങ്ങൾ പറയുന്നുണ്ട്. പൊതുവായ ദേശീയസംവിധാനത്തെപ്പറ്റിയുള്ള ചിന്ത വളരെ പുതിയതാണ്. അതല്ലെങ്കിൽ ജനങ്ങളുടെ പ്രവണത വേറെയാണ് – ഞാൻ, എന്റെ ഗ്രാമം, എന്റെ ജാതി, എന്നിങ്ങനെ ചെറിയ ശുഭപ്രതീക്ഷകൾ. ആഗോളമായ വലിയ പ്രതീക്ഷകൾ ഇല്ല. അതായിരുന്നു നമ്മുടെ കരുത്ത്.
ചൈനീസ് ദർശനത്തിന്റെ അടിത്തറ കൺഫ്യൂഷസിന്റെ ആശയമാണ്. ആധുനികത പോലും അതിനുമേൽ പടുത്തുയർത്തിയതാണ്. ഇതിന്റെ ചിന്താഗതി കൂട്ടായ്മയുടേതാണ്. വ്യക്തി, കുടുംബം, പ്രാദേശിക സമൂഹം എന്നിങ്ങനെ വിവിധ തലങ്ങളിൽ, തന്നേക്കാൾ പ്രാധാന്യമുള്ള കാര്യങ്ങൾക്കു ത്യാഗം സഹിക്കാനുള്ള കഴിവ് ചൈനക്കാർക്കുണ്ട്. ഞാൻ ധാരാളം ചൈനക്കാരുമൊത്ത് ജോലി ചെയ്യുന്നുണ്ട്. പൊതുഉന്നമനത്തിനു വേണ്ടി വളരെ കർക്കശമായ അച്ചടക്കവും, വിഷമതകളെ ദീർഘനാൾ കൈകാര്യം ചെയ്യാനുള്ള കഴിവും അവർക്കുണ്ട്. നമുക്ക് അതു ഉണ്ടായിരുന്നിട്ടില്ല.
മോഹൻ: പൗരസ്ത്യരാജ്യങ്ങളുടെ ബഹുദൈവ വിശ്വാസ കാഴ്ചപ്പാടുമായി ഏകദൈവ വിശ്വാസികൾ അത്യന്തികമായി സംഘർഷത്തിലാണെന്നു, ഹണ്ടിംങ്‌ടൺ പറയുന്ന സംസ്കാരിക സംഘടനങ്ങളെ കുറിച്ച് താങ്കൾ വിവരിക്കാമോ. പ്രകൃതിക്കുമേൽ ആധിപത്യം ഉറപ്പിച്ച്, വ്യക്തിയുടെ അധികാരോന്നമനം ലക്ഷ്യമാക്കി, പണവും ശക്തിയും അങ്ങിനെയുള്ളതെല്ലാം ആവശ്യമുള്ള ഒരു വിശ്വാസം. ഇതിനോടു ബന്ധപ്പെടുത്തുമ്പോൾ, പ്രകൃതിയുമായി രമ്യതയിൽ സഹവസിച്ച് ആത്മസാക്ഷാത്കാരം ലക്ഷ്യമാക്കുന്ന കിഴക്കൻ വിശ്വാസപ്രമാണങ്ങൾ ദുർബലമായി കാണപ്പെടുന്നു. കാരണം അവ വ്യക്തിപരമാണ്, കൂട്ടായ്മ അവിടെയില്ല.
രാജീവ്:അതായത്, ഏകദൈവവിശ്വാസികൾ, പാശ്ചാത്യരാജ്യങ്ങളിലെ അബ്രഹാമിക് മതങ്ങൾ, പിന്നെ ഇസ്ലാം, അതെ അവർക്കു മുൻതൂക്കം ഉണ്ട്. കാരണം നിങ്ങൾ എപ്പോൾ ആക്രമണകാരികൾ ആകുന്നുവോ, അപ്പോൾ നിങ്ങൾക്കിടയിൽ ഐക്യം ഉണ്ടായിരിക്കും. വിതരണവിഭാഗം ഏകീകരിക്കപ്പെടുകയും, ബൃഹദ് പരിപ്രേക്ഷ്യം വളരെ വ്യക്തമായിരിക്കുകയും ചെയ്യും. കാരണം ആഗോളചുമതല ഏൽക്കാൻ നിങ്ങൾ തുനിയുമ്പോൾ, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഉല്പന്നത്തിന്റെ ഗുണമെന്താണെന്നും നിങ്ങൾക്ക് നന്നായി അറിയും. മൈക്രോസോഫ്റ്റിനെ പോലെ, ഫേസ്‌ബുക്കിനെ പോലെ, ഏതൊരു RMB യ്ക്കും അത്തരം സ്വഭാവഗുണം ഉണ്ടാകും. കമ്പനികൾ അങ്ങിനെയാണ്. പിന്നെ ഗൂഗിളും അതുപോലെയാണ്. ഞാൻ ആകുലപ്പെടുന്ന ഒരു കാര്യം ‘ഗൂഗിൾവൽക്കരിക്കപ്പെടുന്ന ലോകം’ ആണ്. നിങ്ങൾക്കു അറിയുമോ, ഗൂഗിൾവൽക്കരിക്കപ്പെടുന്ന ലോകം എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത്, വളരെയേറെ അറിവുകളും സത്യങ്ങളും, ആരെയാണ് വിശ്വസിക്കേണ്ടത്, എന്താണ് വിശ്വസിക്കേണ്ടത് എന്നതെല്ലാം തീരുമാനിക്കുന്നത് ആ സേർച്ച് എൻജിൻ തരുന്ന കാര്യങ്ങളാണ്. അവർ നമ്മളെപ്പറ്റി യഥാർത്ഥത്തിൽ ചിന്തിക്കുന്നത്, കൃത്രിമവൽക്കരിക്കാനുള്ള അവസരം അവർക്കുണ്ട്. തീർച്ചയായും അവർക്ക് അതിനുള്ള കെൽപ്പുണ്ട്. വിക്കിപ്പീഡിയയ്ക്കും അത്തരം അധികാരങ്ങളിൽ ചിലതുണ്ട്. ഇതെല്ലാം ജനാധിപത്യപരമാണെന്ന് നാം കരുതുകയാണെങ്കിൽ, അത് ശരിയല്ല. ഞാൻ നിങ്ങളോടു ചില കാര്യങ്ങൾ പറയട്ടെ. വിക്കീപ്പീഡിയയിലുള്ള എന്റെ പേജിൽ തെറ്റുണ്ട്, എനിക്കത് തിരുത്താൻ കഴിയില്ല. കാരണം സ്വതന്ത്രവും, സമാനർ സൂക്ഷ്മപരിശോധന ചെയ്തതുമായ അക്കാദമിക് തെളിവുകൾ നൽകാൻ അവർ പറയും. ഞാനവർക്കു എഴുതിയതെന്തെന്ന് നിങ്ങൾക്കു അറിയുമോ. എന്റെ തെറ്റായ ജനനതീയതിയാണ് നിങ്ങൾ ചേർത്തിരിക്കുന്നത്. അവർ 1950 സെപ്തംബർ 8 ആണ് ഉപയോഗിക്കുന്നതെന്ന് ഞാൻ കരുതുന്നു. അത് തെറ്റാണ്. ഞാൻ അത് തിരുത്തിയും ഇല്ല.
മോഹൻ: ഒരുപക്ഷേ താങ്കൾക്കു തെറ്റുപറ്റിയതായിരിക്കാം രാജീവ്.ജനനതീയതി തെറ്റാകാൻ സാധ്യതയില്ല.
രാജീവ്:താങ്കൾക്കു അറിയുമോ. എന്റെ പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സ്കൂൾ തലം മുതലുള്ള ജനന സർട്ടിഫിക്കേറ്റ് എന്നിവയിൽ ജനനതീയതിക്ക് ഒരു വ്യത്യാസവുമില്ല. സംഭവിച്ചത് എന്തെന്നാൽ, നമ്മൾ എവിടെയെങ്കിലും ഇത്തരം അക്കൗണ്ടുകൾ തുറക്കുമ്പോൾ, എന്തിനാണ് അവർ നമ്മുടെ ജനനതീയതി ചോദിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്കതിൽ അൽഭുതമാണ്. ഞാൻ സാധാരണയായി പൂരിപ്പിക്കാറുള്ളത് 1-1-1 എന്നുള്ള എന്തെങ്കിലും ആണ്. അത് മിക്കവാറും ജനുവരി 1 ആകും. ഞാനത് കാര്യമാക്കാറില്ല. അങ്ങിനെ ഒരു ദിവസം ഞാൻ ഇത് സെപ്തംബർ 8 എന്ന് പൂരിപ്പിച്ചു. താങ്കൾക്കു അറിയുമോ അവർ വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കാറുണ്ട്. അങ്ങിനെഈ തിയതി ഒരുവിധം സാധാരണമായി മാറി. ഞാൻ അവരോടു പറഞ്ഞു, എന്റെ ഈ ജനനതീയതിക്ക് അക്കാദമിക് ആയ സമാനർ സൂക്ഷ്മപരിശോധന ചെയ്ത തെളിവുകൾ നൽകാൻ. തീർച്ചയായും അവരുടെ കയ്യിൽ അതില്ല. സത്യത്തിൽ ഇതൊരു നാണക്കേടാണ്. ഏതെങ്കിലും ഒരു പേജിൽ മാറ്റങ്ങൾ വരുത്താൻ നിങ്ങൾ വിക്കിപ്പീഡിയയിൽ ശ്രമിക്കുകയാണെങ്കിൽ, ജനാധിപത്യം ഒരു പരിധിവരെയേ ഉള്ളൂവെന്നു കാണാം. ഒരു വരയ്ക്കപ്പുറം നമുക്ക് കടക്കാനാകില്ല. ആ വരയ്ക്കു ശേഷം എല്ലാം നിയന്ത്രിക്കുന്ന ചില വ്യക്തികളുണ്ട്. ഇവർ പേറുന്ന പ്രത്യയശാസ്ത്രത്തിന്റെ വേലികൾ ഒരു തടസമാണ്. ഭേദിക്കാൻ വളരെ ബുദ്ധിമുട്ടും.
അതുകൊണ്ട് ഗൂഗിൾവൽക്കരണം, ഫേസ്‌ബുക്ക്, വിക്കിപ്പീഡിയ ഇവയെല്ലാം കൊളോണിയലിസത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും പുതിയ രൂപങ്ങളാണ്. നാം അവയെപ്പറ്റി കരുതൽ എടുക്കേണ്ടതുണ്ട്.ഇതിനിടയിൽ ഞാൻ മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ, ചൈനക്ക് മേൽപ്പറഞ്ഞ വെബ്‌സൈറ്റുകളുടെ എല്ലാം സ്വന്തം വെർഷൻ ഉണ്ട്. സുരക്ഷചുമതലയിലുള്ള ഏതെങ്കിലും ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ജോലിസംബന്ധമായി ജിമെയിൽ ഉപയോഗിക്കുന്നത് നിങ്ങൾക്കു അവിടെ കാണാനാകില്ല. എന്നാൽ ഇന്ത്യയിൽ മന്ത്രിമാർ വരെ ജിമെയിലാണ് ഉപയോഗിക്കുന്നത്. രഹസ്യാത്മകം എന്നതുകൊണ്ട്, നിങ്ങൾ ഉദ്ദേശിക്കുന്നതല്ല അവർ മനസ്സിലാക്കുന്നത്. നിങ്ങൾ എഴുതിയത് നിങ്ങൾ മായ്ക്കുന്നതും, മറ്റൊരു വ്യക്തി മായ്ക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അമേരിക്കൽ തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ പോലുള്ള ധാരാളം കാര്യങ്ങൾ നിങ്ങൾക്കറിയാമെന്നു ഞാൻ കരുതുന്നു.സീനിയൽ ഉദ്യോഗസ്ഥന്മാരെ ചിലർ ബ്ലാക്ക്‌മെയിൽ ചെയ്യുമെന്നും, ചെയ്തുവെന്നും പറഞ്ഞുള്ള ധാരാളം വിവാദങ്ങൾ നിങ്ങൾ കേൾക്കും. കാരണം അത്തരക്കാരുടെ ദുർന്നടപ്പിനെ പറ്റിയുള്ള ധാരാളം വിവരങ്ങൾ ഇവരുടെ പക്കലുണ്ട്. ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും കയ്യിലുള്ള ഏതുവിവരവും സിഐഐയുടെ കയ്യിലെത്തുമെന്ന കാര്യം പ്രസിദ്ധമാണ്. ഇന്റർനെറ്റ് വഴിയുള്ള ഇത്തരം വിവരചോർച്ചയിലും, രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന സൈബർ സെക്യൂരിറ്റിയിലും ഇന്ത്യൻ സർക്കാർ എത്രമാത്രം ആകുലരാണെന്ന് എനിക്കറിയില്ല. പക്ഷേ കരുതലിന്റെ അഭാവം നിലവിലുണ്ടെന്നു ഞാൻ കരുതുന്നു.
മോഹൻ: അല്ല. താങ്കൾ കുറച്ചുകൂടി വിശാലമായ അർത്ഥത്തിൽ കാര്യങ്ങളെടുക്കുക. പാശ്ചാത്യ സംസ്കാരം, ഇസ്ലാമിക സംസ്കാരം എന്നിവ വ്യക്തിഗത മനസ്സിനെ നിയന്ത്രിക്കുന്നതായി താങ്കൾക്കു കാണാം.
രാജീവ്: അതെ.
മോഹൻ: കാരണം പട്ടാളച്ചിട്ടയും ഒരേയൊരു ആശയവും. അന്നാട്ടിലെ ബിസിനസ് സംഘടനകളിൽ അത് പ്രത്യക്ഷമാകുന്നത് വിവിധ രീതികളിലാണ്. കിഴക്കൻ രാജ്യങ്ങളിൽ വ്യക്തിസ്വാതന്ത്ര്യം, വ്യക്തിപരമായ ചിന്താഗതി, വൈവിധ്യ ചിന്താഗതി,സംവാദസ്വാതന്ത്ര്യം എന്നിവയ്ക്കു പ്രാധാന്യമുണ്ട്. അഞ്ച്, പത്ത്, അല്ലെങ്കിൽ ഇരുപത് കൊല്ലത്തേക്കു ഇതിങ്ങനെ സംഘർഷഭരിതമായി മുന്നേറുന്നത്പരിഗണിച്ചുനോക്കൂ. ലോകമെന്നത് ഒരു ആഗോളഗ്രാമം ആകുമ്പോൾ ആരായിരിക്കും മുന്നോട്ടു പോവുക? അവിടെ വാർത്തകളുടെ കുത്തൊഴുക്കാണ്, പുതിയ തലമുറ ഉയർന്നുവരുന്നു. ടെക്നോളജിയാണ് എല്ലാത്തിന്റേയും കേന്ദ്രം. അവിടെ താങ്കൾക്കു ആരേയും ബന്ധപ്പെടാം. ഒന്നും ആർക്കും നിയന്ത്രിക്കാനാകില്ല.
രാജീവ്:അപ്പോൾ ബാംഗ്ലൂരിനെ പറ്റിയൊക്കെ ഒരുപാട് പറഞ്ഞിട്ടുള്ള ടോം ഫ്രീഡ്‌മാന്റെ ‘പരന്നലോകം’ അവസാനിക്കാൻ പോവുകയാണ്. കാരണം ടെക്നോളജി, യാത്ര, ഫാഷൻ, തുടങ്ങിയ തലത്തിൽ അത് പരന്നതാണ്. എന്നാൽ ട്രംമ്പിന്റെ ഉദയവും ബ്രെക്‌സിറ്റും പ്രാദേശികതയിലേക്കുള്ള മടങ്ങിപ്പോക്കാണ്. പ്രാദേശികസ്വത്വത്തിലും, പ്രാദേശിക പരമാധികാരത്തിലും, ജോലിക്കായുള്ള മൽസരത്തിലും ജനങ്ങൾക്കു താല്പര്യമുണ്ട്. ഇത് സത്യമാണ്, കാരണം നമ്മുടെ ലോകത്തിൽ ഏഴര ബില്യൺ ജനങ്ങളുണ്ട്. എന്നിട്ടും അവർ ‘ഇനി ഒരു ബില്യൺ കൂടി ജനിച്ചുകഴിഞ്ഞാൽ ജനസംഖ്യാ വർദ്ധനവ് നിരക്ക് പൂജ്യം ആകും’ എന്നു പറഞ്ഞുകൊണ്ടിരികുന്നു. ജനസംഖ്യ 4-5 ബില്യൺ ആയപ്പോൾ മുതൽ നാം ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഏഴര ബില്യൺ ആയി. അവർ ഇപ്പോൾ പറയുന്നത് 12 ബില്യൺ ആയിട്ടേ ജനസംഖ്യാ വർദ്ധനവിന്റെ നിരക്ക്പൂജ്യം ആവുകയുള്ളൂ എന്നാണ്.
ഈ വലിയ ജനസംഖ്യാ വർദ്ധനവ് സ്വത്വത്തിനും പരസ്പര മാൽസര്യത്തിനും വേണ്ടി ജനങ്ങൾക്കുമേൽ സമ്മർദ്ദമുണ്ടാക്കും. കാരണം പ്രകൃതിവിഭവങ്ങൾ പരിമിതമാണ്. ഭൂമിയേയും ജലത്തിനേയും പറ്റി മാത്രമല്ല ഞാൻ പറയുന്നത്; അടിസ്ഥാന അസംസ്കൃത വസ്തുക്കൾ. നിങ്ങൾക്കു അറിയാമോ ജനസംഖ്യ വർദ്ധിക്കുമ്പോൾ ലോകമാകെ അസംസ്കൃത വസ്തുക്കളുടെ ഉപഭോഗത്തിൽ കുതിച്ചുകയറ്റം ഉണ്ടാകും. പ്രകൃതിവിഭവങ്ങൾക്കു വേണ്ടിയുള്ള മൽസരം, പലതരം ഗ്രൂപ്പുകളുണ്ടാക്കി പരസ്പരം മൽസരിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കും. പൗരന്മാരുടെ ആളോഹരി വരുമാനം വർദ്ധിപ്പിക്കാൻ ചൈന ശ്രമിക്കുന്നു. അവർ ആഫ്രിക്കയെ കോളനിവൽക്കരിക്കുകയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി അനുവർത്തിച്ച രീതിയിലുള്ള സാമ്രാജ്യത്വ സമീപനം ചൈന ആഫ്രിക്കയോടു കാണിക്കുന്നു. എഴുതപ്പെടേണ്ടിടത്ത് ജനങ്ങൾ എഴുതിയിട്ടില്ലാത്ത വിഷയമാണ്ഇത്. അങ്ങിനെ ഈ മൂന്ന് സംസ്കാരങ്ങളും അവരുടെ അംഗങ്ങൾക്കു വേണ്ടി, മറ്റുള്ളവരെ എതിർത്ത്, പരസ്പരം മൽസരിക്കുകയാണ്. ഈ പ്രവണതക്കു കൂടുതൽ കരുത്തേറുകയേ ഉള്ളൂ. കാരണം ധാരാളം ജനങ്ങളേയും, ചുരുങ്ങിവരുന്ന പ്രകൃതിവിഭങ്ങളേയും അവർക്കു സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടു ഒരർത്ഥത്തിൽ നോക്കിയാൽ, വാർത്തകൾ ധാരാളമുണ്ടാകും, നല്ല സഞ്ചാരസ്വാതന്ത്ര്യവും ഉണ്ടാകും. മറുവശത്ത് പ്രാദേശിക ചേരിതിരിവ് രൂക്ഷമായി കിടമൽസരവും ഉണ്ടാകും. പ്രാദേശികവൽക്കരണവും ആഗോളവൽക്കരണവും തമ്മിലുള്ള സംഘർഷം തുടരുക തന്നെയാണ്.
ട്രംമ്പ് ഈ ആശയത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ജനങ്ങൾ കരുതുന്നു ഇതൊരു വിഡ്ഢിത്തം നിറഞ്ഞ ആശയമാണെന്ന്. പക്ഷേ ഞാൻ അമേരിക്കയിൽ 46 കൊല്ലം ജീവിച്ചിട്ടുണ്ട്. മിക്കവാറും ഇവിടെ കൂടിയിരിക്കുന്ന ആളുകളുടെ വയസ്സിനേക്കാൾ അധികം. ഞാൻ ഇക്കാര്യം അമേരിക്കക്കാരോടു പറയാറുണ്ട്. അവർ പറയും, ഞാനൊരു വിദേശിയാണെന്ന്. ഞാൻ പറഞ്ഞു, ഞാൻ വിദേശിയുമാണ് അവരേക്കാൾ കൂടുതൽ അമേരിക്കനുമാണെന്ന്. കാരണം മിക്ക അമേരിക്കക്കാരനും അത്രയ്ക്കു പ്രായം ആയിട്ടില്ല. ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ ലിൻഡൻ ജോൺസന്റെ കാലഘട്ടം മുതലുള്ള വ്യക്തിയാണ്. അപ്പോൾ എട്ടോ ഒമ്പതോ അമേരിക്കൻ പ്രസിഡന്റുമാരെ ഞാൻ കണ്ടിട്ടുണ്ട്. ഡെമോക്രാറ്റ് – റിപ്പബ്ലിക്കൻ, റിപ്പബ്ലിക്കൻ – ഡെമോക്രാറ്റ് എന്ന ആടിക്കളിക്കൽ പോലെയുള്ള മാറ്റം മാത്രമല്ലട്രംമ്പ്. ഇത് മൗലികമായ ഒരു മാറ്റമാണ്. കാരണം, ഞാൻ അമേരിക്കയിൽ എത്തിയ ശേഷം, ആദ്യമായാണ് അമേരിക്കൻ ജനതയുടെ വിശാലകാഴ്ചപ്പാടിനു മാറ്റം വന്നതായി കാണുന്നത്. ‘ആദ്യം അമേരിക്ക’, ‘ആദ്യം ഫ്രാൻസ്’, ‘ആദ്യം ജർമനി’, ‘ആദ്യം ഇംഗ്ലണ്ട്’ തുടങ്ങിയ പ്രസ്താവനകൾ ഒരു പതിവാവുകയാണ്. അതുകൊണ്ട് ‘ആദ്യം ഭാരതം’ എന്ന ആശയംഉൾക്കൊള്ളുന്നത് എന്താണെന്നു ഭാരതീയർ മനസ്സിലാക്കേണ്ടതുണ്ട്. ഭാരതത്തിനു വളരെ വലിയ പ്രശ്നങ്ങളുണ്ട്. കാരണം നമുക്ക് രണ്ട് മോശം അയൽരാജ്യങ്ങളുണ്ട്.
മോഹൻ:നാം ആ വിഷയത്തിലേക്കു വരുന്നതാണ്. അതിനുമുമ്പ് സംശയങ്ങളെല്ലാം ഒഴിവാക്കി, അടിത്തറ ബലപ്പെടുത്തുന്നതിനു മറ്റൊരു ചോദ്യം ചോദിക്കുന്നു. ഓരോ സംസ്കാരവും തങ്ങൾ മുറുകെപ്പിടിക്കുന്ന, വിനിമയം ചെയ്യുന്ന പദ്ധതിക്കു മുൻഗണന കിട്ടുമെന്നു എങ്ങിനെ ഉറപ്പിക്കും? തങ്ങളുടെ ആഖ്യാനത്തിന്റെ നിയന്ത്രണത്തിൽ നിർത്താൻ അവർ എന്തെല്ലാം കാര്യങ്ങൾ ചെയ്യും? അതിനുവേണ്ടി അവരുടെ മുതൽമുടക്ക് എന്താണ്? വിവിധ സംസ്കാരങ്ങളുടെ നാല് പദ്ധതികൾ ഒരേസമയം മൽസരിക്കുമ്പോൾ ഇതെങ്ങിനെ മുന്നോട്ടുപോകുമെന്നു താങ്കൾ കരുതുന്നു?
രാജീവ്: ഇതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം ഞാൻ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് ഇന്ത്യൻ പക്ഷത്തുനിന്നുള്ള ബൃഹദ് വീക്ഷണത്തിനാണ്. ഇന്ത്യക്കു വേണ്ടി ഒരു ബൃഹദ്‌പദ്ധതി രൂപീകരിച്ച് നിർവചിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു! അമേരിക്കയുടെ കാര്യത്തിൽ, സ്ഥാപകനേതാക്കൾ…
മോഹൻ: ദയവായി പാശ്ചാത്യലോകത്തെപ്പറ്റി സംസാരിക്കൂ. അമേരിക്ക അതിൽ ഉൾപ്പെടുന്നുണ്ട്. പക്ഷേ നമുക്ക് എല്ലാ പാശ്ചാത്യരാജ്യങ്ങളേയും കുറിച്ച് സംസാരിക്കാം.
രാജീവ്: അതെ. പടിഞ്ഞാറിന്റെ വിജയത്തിനു പിന്നിൽ അവർ രൂപംകൊടുത്ത ബൃഹദ്‌പദ്ധതി കാരണമാണ്. കാരണം നിങ്ങൾക്കു ഒരു പോസിറ്റീവ് വ്യക്തിത്വമുണ്ടെങ്കിൽ നിങ്ങൾ വിജയികളുടെ ടീമിൽ അംഗമാണ്. നിങ്ങൾ ഉത്തേജിക്കപ്പെട്ടിരിക്കുന്നു. പിന്നെ ടീമിനുവേണ്ടി നിങ്ങൾ വിവിധ കാര്യങ്ങൾക്കു ഇറങ്ങിത്തിരിക്കും. ഉപഭോക്താക്കളുടേയും ജോലിക്കാരുടേയും അഭിപ്രായത്തിൽ, നല്ല അടിത്തറയുള്ള ഒരു കോർപ്പറേറ്റ് സ്ഥാപനം പോലെയാണിത്.അതു കൂടുതൽഫലംചെയ്യും. പാശ്ചാത്യർ ഭീമമായ തുക സർവ്വകലാശാലകൾക്കു വേണ്ടി ചിലവഴിക്കുന്നു. സ്കൂളുകളിലെ സിലബസ് നോക്കൂ; എന്താണ് അവർ പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതും. അവരുടെ ബൃഹത്തായ കാഴ്ചപ്പാടിനെ വരുതിയിൽ നിർത്താനുള്ള ആഗ്രഹത്താൽ നടത്തപ്പെടുന്നവയാണ് എല്ലാം. ഇസ്ലാമിലും ഇതുണ്ട്. മദ്രസകളിൽ അവർ പഠിപ്പിക്കുന്നത് അവരുടെ ബൃഹദ്‌പദ്ധതിയാണ്.
ചൈനീസ് കാഴ്ചപ്പാടിലുള്ള ശാസ്ത്രചരിത്രം,അവർ എങ്ങിനെ എല്ലാം കണ്ടുപിടിച്ചു എന്നതാണ്. ടിബറ്റിനേയും, ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തേയും കുറിച്ച് ചൈന പഠിപ്പിക്കുന്നത് വായിച്ചാൽ, ആ വിഷയത്തിൽ അഗാധജ്ഞാനമുള്ള ചൈനീസുകാരൻ പോലും, ചൈനയുടെ പക്ഷമാണ് വളരെ ശരിയെന്നു അംഗീകരിക്കും. അവനു അക്കാര്യത്തിൽ സംശയമേ ഉണ്ടാകില്ല.
നമുക്ക് നമ്മളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ബൃഹദ്പദ്ധതി ഇല്ല. നമ്മുടെ പദ്ധതി വിഘടിക്കപ്പെട്ടു. അത് മറ്റുള്ളവരുടെ കൈവശമാണ്. യൂറോപ്പിൽ ആരംഭിച്ച, വില്യം ജോൺസിന്റെ കാലം മുതലുള്ള ഇൻഡോളജി മേഖല ഇന്ത്യൻ പദ്ധതികളെ നിയന്ത്രിക്കുകയാണ്. നാം അത് ഒരിക്കലും തിരിച്ചു പിടിച്ചില്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ പൗരാണിക കയ്യെഴുത്ത്‌പ്രതികളും, ശില്പങ്ങളും മറ്റും ഹീൽഡൽബെർഗ്, ഹാർവാർഡ്, കൊളംബിയ തുടങ്ങിയ വിദേശസ്ഥലങ്ങളിൽ ആണ്. ബ്രിട്ടനിലാണ് കൂടുതൽ കയ്യെഴുത്ത്‌പ്രതികൾ ഉള്ളത്. നാം അത് തിരികെ ചോദിക്കാൻ പോലും മിനക്കെടുന്നില്ല. നിങ്ങൾ അവിടെ പോകുമ്പോൾ, ‘എന്തുകൊണ്ടാണ് അവ തിരിച്ചുതരാത്തതെന്ന്’ അവരോടു ചോദിച്ചാൽ, അതിനു മറുപടി തരാൻ പോലും അവർ മിനക്കെടില്ല. അങ്ങിനെയാണ് കാര്യങ്ങൾ. നമ്മുടെ ബൃഹദ്‌പദ്ധതി നിയന്ത്രിക്കാനുള്ള താല്പര്യം നമുക്കില്ല.
അതിനേക്കാളും പരിതാപകരമായ കാര്യങ്ങളുണ്ട്; ദളിതനും അതിനെതിരായ മറ്റൊരു ആശയവും, ദ്രാവിഡവുംഅതിനെതിരായമറ്റൊരു ആശയവും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അവർക്കു എതിരായ മറ്റൊരു ആശയവും., എന്നിങ്ങനെയുള്ള വിഘടനവാദ കാഴ്ചപ്പാടുകൾ നിർമിക്കപ്പെട്ട്, മൂർച്ചകൂട്ടി പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം തെറ്റിദ്ധാരണകൾ വളരെ കുഴപ്പമാണ്. ആശയപരമായ വേർതിരിവിൽ തുടങ്ങിയ ഇക്കാര്യങ്ങൾ, ഒരുമയില്ലാത്ത, പരസ്പരകലഹം ധാരാളമുള്ള ദേശചരിത്രത്തെ വരെ നിർമിച്ചെടുത്തു. ഇതൊരു അടിസ്ഥാന യാഥാർത്ഥ്യമായി മാറി.
ഇത് സംഭവിച്ചതും രൂക്ഷമായതും ഇന്ദിരാഗാന്ധിയുടെ കാലത്താണ്. തിരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാക്കാൻ ഇന്ദിരാഗാന്ധിക്ക് വോട്ടുബാങ്കുകളെ ആവശ്യമായിരുന്നു. അവരപ്പോൾ കീഴാളപഠനങ്ങളെ പറ്റിയുള്ള ആശയങ്ങൾ ഇറക്കുമതി ചെയ്തു. രാമചന്ദ്രഗുഹയും മറ്റുള്ളവരും ഇതേ ആശയങ്ങൾ കൊണ്ടുവന്നവരാണ്.
മോഹൻ: രാമചന്ദ്രഗുഹ ബാംഗ്ലൂർവാസിയാണെന്നു ഞാൻ കരുതുന്നു. അദ്ദേഹത്തിനു കീഴാളപഠനങ്ങളും മറ്റും നടത്താനാകില്ലല്ലോ?
രാജീവ്: അവർ നല്ല വ്യക്തികളാണ്. മാന്യന്മാർ. ഇവിടെ കാര്യം കീഴാളപഠനങ്ങൾ ആണ്. പിന്നെ ഇരകളുടെ വീക്ഷണകോണിലൂടെയുള്ള ചരിത്രം; സ്ത്രികൾ ഇരകളാണ്, ദളിതർ ഇരകളാണ്, ദ്രാവിഡരും ന്യൂനപക്ഷങ്ങളും ഇരകളാണ്. ഭാരതെമെന്ന ഏകീകൃത ആശയത്തിനു എതിരാണ് ഈ ഇരകൾ. അതിനാൽ ഭാരതമാണ് പ്രശ്നം. ഭാരതം അടിച്ചമർത്തലിന്റെ ഉറവിടമാണ്. ഇത്തരത്തിലുള്ള ചെറിയ ഇരവാദ ഗ്രൂപ്പുകൾക്കു അവരുടേതായ വിഘടനവാദ ചരിത്രമുണ്ട്. സ്വത്വനിർമിതിക്കു ഉതകുന്ന ഇത്തരം സമീപനങ്ങൾ പരിപാലിച്ചുവളർത്തിയത് ബാഹ്യശക്തികളാണ്. കൃസ്ത്യൻപള്ളി അവരുടെ അനുയായികൾക്കു സഹായം നൽകുന്നു. അറബികളും സൗദികളും ഇസ്ലാമിക ജനങ്ങളേയും, ചൈന മാവോയിസത്തേയും പോറ്റിവളർത്തുന്നു, സോവിയറ്റുകളുടെ പതിവായിരുന്നു ഇത്. വിവിധ പ്രതിലോമ വീക്ഷണങ്ങൾ മൂലമുള്ള ധാരാളം പ്രശ്നങ്ങൾ നമുക്കുണ്ട്. ഇതു പരിഹരിക്കാൻ മനുഷ്യവിഭവശേഷി മന്ത്രാലയത്തിൽ നിന്നു എന്തെങ്കിലും നീക്കങ്ങൾ ഉണ്ടായതായി എനിക്കറിവില്ല. ജാവദേക്കർ വളരെ മാന്യനായ വ്യക്തിയാണ്. ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു. കുറേകാര്യങ്ങൾ ചെയ്യാൻ അദ്ദേഹം തുനിയുന്നുണ്ട്. പക്ഷേ ജാവദേക്കർ മന്ത്രിയായിട്ടു അധികം നാളുകളായില്ല. എല്ലാം സമയമെടുക്കും. ഇതുകൂടാതെ സാംസ്കാരിക മന്ത്രാലയമുണ്ട്. ഇന്ത്യയുടെ പക്ഷത്തുനിന്നു ഒരു ബൃഹദ്‌പദ്ധതിക്കു സഹായമേകാൻ കഴിയുന്ന വേറേയും മന്ത്രാലയങ്ങളുണ്ട്. ഞാൻ കരുതുന്നു, നിങ്ങൾ അവരെ കാണുമ്പോൾ… അവർക്കെല്ലാം നല്ല ഉദ്ദേശങ്ങളാണുള്ളത്.
മോഹൻ: ക്ഷമിക്കണം. ഞാൻ തടസ്സപ്പെടുത്തുകയാണ്. പാശ്ചാത്യർക്കു അവരുടെ ഇന്നത്തെ സ്ഥിതി സൂചിപ്പിക്കുന്ന ഒരു ബൃഹത്തായ പദ്ധതി ഉണ്ടെന്ന്; അവർ അവരെത്തന്നെ ലോകത്തിലുള്ള മറ്റുള്ളവരേക്കാൾ ഗരിമയുള്ളവരായി കാണുന്നു; അവർ വിജയിച്ചവരായിരുന്നു. ഇസ്ലാമികലോകത്തിനു അവരുടെ മതത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളുണ്ട്; അവർ ഇസ്ലാമിലും അതിൽ നിന്നുള്ളവയിലും വളരെയധികം അഭിമാനിക്കുന്നു. ചൈനീസ് ജനത അവരാണ് മികച്ചവരെന്ന് ഊന്നിപ്പറയുന്നു; അവർക്കും മികച്ച പദ്ധതികളുണ്ട്. ഇന്ത്യ ഈ മൂന്ന് സംസ്കാരങ്ങൾക്കും അധിനിവേശം ചെയ്തു, നമ്മുടെ മനസ്സുകളെ നിയന്ത്രിക്കാനും കോളനിവൽക്കരിക്കാനുമുള്ള ഒരു യുദ്ധഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണോ? താങ്കൾക്കു ഇക്കാര്യങ്ങൾ ശരിക്കും ബോധ്യമാണോ?
രാജീവ്: യെസ്.
മോഹൻ:ഭാരതം ഇപ്പോൾ സംഘർഷഭൂമിയായി മാറിക്കഴിഞ്ഞു?
രാജീവ്: അതെ. യുദ്ധം ഇപ്പോൾ തുടരുകയാണ്. സത്യത്തിൽ ഇവിടെ നടക്കുന്നത് സംസ്കാരങ്ങളുടെ ഏറ്റുമുട്ടലാണ്. ഇന്ത്യയിലേക്കു ചിലർക്കിത് കയറ്റുമതി ചെയ്യാൻ കഴിയും. അവർക്കതിൽ നഷ്ടമൊന്നുമില്ല. നിസാര ചിലവുകൊണ്ട് അവർക്കിവിടെ യുദ്ധങ്ങൾ നടത്താം. ഇപ്പോൾ, ഈ ട്രംമ്പ് കാലഘട്ടത്ത് ഇന്ത്യയ്ക്കു ഒരുപാട് അവസരങ്ങൾ ഏറ്റെടുക്കാനുണ്ടെങ്കിലും, ഇന്ത്യയിൽ കൃസ്ത്യൻ മതപ്രചാരണത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാവുമെന്ന ആശങ്ക എനിക്കുണ്ട്. കാരണം കൃസ്ത്യൻ ഇവാഞ്ചലിസ്റ്റുകൾ ട്രംമ്പിന്റെ കടുത്ത അനുയായിവൃന്ദത്തിൽ ഉണ്ട്. ട്രംമ്പിനു അവരോടുള്ള കടം തീർക്കാനുണ്ട്. ട്രംമ്പ് നടത്തിയ ചില നിയമനങ്ങൾ കടുത്ത വലതുപക്ഷക്കാരുടേതാണ്. ഇന്ത്യയിൽ കൃസ്ത്യൻ മതപ്രചാരണം വ്യാപിച്ചാൽ അത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാക്കും. ഇസ്ലാം-കൃസ്ത്യൻ സംഘർഷം പടിഞ്ഞാറിൽ നിന്ന്, മദ്ധ്യേഷ്യ വഴി ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്യപ്പെടുക വരെ നടന്നേക്കാം. ഐസിസിനെ പോലുള്ള ഒന്ന് ഇവിടെ പെട്ടെന്ന് ഉയർന്നുവന്നാൽ ഇത് സംഭാവ്യമാണ്. കൃസ്ത്യൻ വിഭാഗങ്ങളിൽനിന്ന് തിരിച്ചടികളും ഉണ്ടാകാം, അതും ഇന്ത്യൻ ഭൂമികയിൽ തന്നെ. ഇന്ത്യ ഇത്തരം പ്രശ്നങ്ങളെ പറ്റി ചിന്തിക്കുന്നില്ല. എനിക്ക് അങ്ങിനെ തോന്നുന്നു. ഇരുപത്തഞ്ച് കൊല്ലം മുമ്പ് ഞാൻ ഇതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഏറെക്കൊല്ലം മുമ്പ് ഒരു പ്രഭാഷണം നടത്തിയിരുന്നു. സംസ്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കു ഇടയിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്? അനുമതി തരാൻ സംഘാടകർക്കു ബുദ്ധിമുട്ട് തോന്നിയ വിഷയമായിരുന്നു അത്. വളരെ വിവാദപരവും അപകടകരവും മോശവുമായ ഒന്നാണ് അതെന്നു അവർ പറഞ്ഞു. അതുകൊണ്ട് പ്രഭാഷണത്തിനു അനുമതി തരാനാകില്ലത്രെ. നിങ്ങൾക്കു നമ്മുടെ സംസ്കാരത്തെ കുറിച്ച് പോലും സംസാരിക്കാനാകില്ലെന്ന്. വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധത്തെപ്പറ്റി ലോകം മുഴുവൻ ചർച്ചയും സംവാദവും നടത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ നാം അതിൽ സംഭ്രമിക്കുന്നു. അതുകൊണ്ട് ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇത്തരമൊരു വിഷയം ചർച്ച ചെയ്യാനെടുത്തത് പുരോഗമനാത്മക ചുവടുവയ്പ്പാണ്.അത്രയെങ്കിലും നന്ന്.
മോഹൻ:രാജീവ്, നാം ഇന്ത്യക്കാർ എന്തുകൊണ്ടാണ് നമ്മുടെ സംസ്കാരത്തിൽ അഭിമാനിക്കാത്തത്? താങ്കൾ അമേരിക്കയിലേക്ക് നോക്കൂ, അവിടെ അമേരിക്കൻ സവിശേഷതയും മേന്മയുമൊക്കെ പരാമർശിക്കപ്പെടുന്നത് കേൾക്കാം.
രാജീവ്:അവിടത്തെ വലതുപക്ഷവും ഇടതുപക്ഷവും അമേരിക്കക്കാർക്കുള്ള സവിശേഷതയെ അംഗീകരിക്കുന്നവരാണ്.
മോഹൻ: അവരുടേത് മഹത്തായ സംസ്കാരമാണെന്ന് അവർ കരുതുന്നു. യൂറോപ്പിലേക്കു പോയാലോ, അവരും അവരുടെ സംസ്കാരം, ചരിത്രം എന്നിവയിൽ അഭിമാനിക്കുന്നു. ഇസ്ലാമിക രാജ്യങളിലും ചൈനയിലും അങ്ങിനെ തന്നെ. എന്നാൽ ഇന്ത്യയിൽ മാത്രം ആരും ഒന്നിലും അഭിമാനിക്കുന്നില്ല. എല്ലാവരും സംശയത്തിലുംകലഹത്തിലുമാണ്. ഡൽഹിയിലുള്ള മീഡിയകൾ അവിടെയിരുന്ന് നിങ്ങൾ വർഗ്ഗീയവാദികളാണ്, നിങ്ങൾ അതാണ്, നിങ്ങൾ ഇതാണ് എന്നെല്ലാം പറയുന്നു. സംവാദങ്ങൾ സംസ്കാരത്തെ കുറിച്ചല്ല;നല്ല കാര്യങ്ങൾ ചെയ്യുന്നതിനെ കുറിച്ചുമല്ല. നാം സ്വയം തടവുകാരാകുന്നത്, നാം ഭാരതത്തിനു എതിരെ സംസാരിക്കുന്നതു പോലെ.ഇന്ത്യക്കാരുടെ മനസ്സിൽ എന്തുകൊണ്ടാണ് ഇതെല്ലാം ഉള്ളത്, വളരെയധികം വിചിത്രമായവ, നെഗറ്റീവ് ചിന്തകളുടെ ആധിക്യം, പുരോഗമനപരത ഇല്ലാതിരിക്കൽ…
രാജീവ്:അതെ. അൽഭുതം, ഇതാ ക്രിക്കറ്റ് മാച്ചിൽ കോഹ്ലി ഒരു സെഞ്ചുറി അടിച്ചു. ബോളിവുഡിൽ ഷാരുഖ്‌ഖാൻ ഒരു സംഗീതപരിപാടി നടത്തുകയാണ്… ഭാവിയെ പറ്റിയുള്ള ഇന്ത്യൻ കാഴ്ചപ്പാട് പോപ്പ് സംസ്കാരത്തിനു സമമാണ്. അടിസ്ഥാനപരമായി പോപ്പ് സംസ്കാരം ഒരു ഇന്ത്യൻ കാഴ്ച്ചപ്പാടാണ്. പ്രൗഢമായ ഒരു സംസ്കാരത്തിന്റെ പ്രാധാന്യം ഇന്ത്യക്കാർ മനസ്സിലാക്കിയിട്ടില്ല. ഒരു സംസ്കാരത്തിന്റെ ഉപരിതലത്തിൽ പോപ്പ് സംസ്കാരം ഉണ്ടെങ്കിൽ അത് നന്നാണ്. പക്ഷേ ശുദ്ധമായ സംസ്കാരം എന്നിടത്ത് ജനങ്ങൾ ആശയക്കുഴപ്പത്തിലാവുകയാണ്. വിദ്യാഭ്യാസരംഗത്തു നിന്ന് അവർക്കു ലഭിച്ചത് ഒരു നെഗറ്റീവ് വീക്ഷണം ആണ്. സാധാരണ മാതാപിതാക്കൾ അടുത്ത തലമുറയിലേക്കു സംസ്കാരം പകരാറുണ്ടായിരുന്നു. രണ്ട് തലമുറ മുമ്പ് ഇതു നിന്നുപോയെന്നു ഞാൻ കരുതുന്നു. ജനങ്ങൾ ആധുനികതയെ മൗലികമായി തന്നെ പിന്തുടരാൻ തുടങ്ങി. ഭൗതികവാദം, ആധുനികത എന്നിവയെല്ലാം നല്ല കാര്യങ്ങളാണ്. ഞാൻ ജനങ്ങളോട് സന്യാസിമാരോ മറ്റോ ആകാൻ പറയുകയുമല്ല. എന്നാൽപൗരാണികകാലം മുതൽ, ഹൈന്ദവസംസ്കാരം എന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ആരംഭം മുതൽ, നമ്മുടെ സംസ്കാരത്തിനു വളരെ പ്രധാനപ്പെട്ട ഒരു റോൾ ഉണ്ടായിരുന്നു. നാം ഹിന്ദുവാണെന്നതോ നമ്മുടെ രാജ്യം ഹിന്ദുരാഷ്ട്രം ആണെന്നു പറയുന്നതിലോ, ധാർമികമായി തെറ്റൊന്നുമില്ലെന്ന് നാം മനസ്സിലാക്കണം. ഹിന്ദുമതം ഒരു തുറന്ന ചട്ടക്കൂടാണ്; അത് മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നു. എന്നാൽ, മറ്റുള്ളവർ ഈ തുറന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിനിൽക്കാൻ തയ്യാറാകുമോ എന്നതാണ് ശരിയായ ചോദ്യം. അല്ലാതെ നാം അവരെ ഒഴിവാക്കിയിട്ടില്ല.