ശക്തി – കുണ്ഡലിനി : താരതമ്യത്തിനു അതീതമായ ധാർമ്മിക തത്വം

ഭാരതീയ തത്ത്വചിന്ത ഹിന്ദുമതം

മതങ്ങൾ തമ്മിലുള്ള സാമ്യങ്ങൾ തിരയുന്നത് ഇക്കാലത്തൊരു ഫാഷനായി മാറിയിട്ടുണ്ട്. കൃസ്ത്യൻ മതസംജ്ഞകളെ ഹൈന്ദവ ആത്മീയപാരമ്പര്യത്തോടു ബന്ധപ്പെടുത്തുന്ന പ്രവണതയാണ് ഇതിൽ ഏറെ പ്രമുഖം. ഹിന്ദുമതത്തിലെ ‘ശക്തി’, ‘കുണ്ഡലിനി’ എന്നീ ആത്മീയ, ദാർശനിക ആശയത്തോടു കൃസ്തുമത്തിലുള്ള ‘പരിശുദ്ധാത്മാവിനെ’ തുലനം ചെയ്യുന്നത് ഒരു ഉദാഹരണമാണ്. സത്യത്തിൽ, ‘പരിശുദ്ധാത്മാവ്’ എന്ന പദത്തിനു ‘ശക്തി/കുണ്ഡലിനി’ എന്നിവയുമായി ഒരു ബന്ധവുമില്ല. കൂട്ടിയിണക്കാൻ പറ്റാത്തവിധം വ്യത്യസ്ത കോസ്മോളജിക്കൽ അർത്ഥങ്ങളാണ് ഈ പദങ്ങൾക്കുള്ളത്.

പൗരാണിക കാലത്തു രചിക്കപ്പെട്ട വൈദികസാഹിത്യം ഒരു പരംപൊരുളിനേയും, അതിന്റെ സൃഷ്ടിവൈഭവത്തേയും (ശക്തി) പറ്റി വിവരിക്കുന്നുണ്ട്. പ്രപഞ്ചമായി പ്രത്യക്ഷത്തിൽ കാണപ്പെടുന്നത് ശക്തിയാണ്. പരംപൊരുളിന്റെ സൃഷ്ടിഭാവമായ ശക്തി, പിൽക്കാലത്ത് പ്രപഞ്ചത്തിന്റെ അധിദേവതയായി മാറി. വിപുലമായ ദൈവിക, ദാർശനിക ആശയങ്ങൾ ശക്തിസമ്പ്രദായത്തിനു വേണ്ടി രചിക്കപ്പെട്ടു. പ്രപഞ്ചത്തിന്റെ ഉൽഭവസ്ഥാനവും, അനാദിയായ ദ്രവ്യപിണ്ഢവും ശക്തിയാണ്. പ്രപഞ്ചത്തിന്റെ ബോധവും ചൈതന്യവും വിവേചനകാരണവും അതു തന്നെയാണ്.

കൃസ്തുമതത്തിൽ, പരിശുദ്ധാത്മാവ് ശരീരത്തിനു ‘ഉള്ളിലാണ്’ സ്ഥിതി ചെയ്യുന്നതെങ്കിലും, അതിന്റെ പ്രാഥമികനില ശരീരബാഹ്യമായിരുന്നെന്ന് ശക്തമായ സൂചനയുണ്ട്. കൂടാതെ ശക്തി സിദ്ധാന്തത്തിനു വിരുദ്ധമായി, പരിശുദ്ധാത്മാവ് മനുഷ്യാത്മാവിന്റെയോ പ്രപഞ്ചത്തിന്റേയോ അന്തഃസത്ത ആകുന്നില്ല.
കൃസ്തുമതത്തിൽ ദൈവവും സൃഷ്ടിയും തമ്മിലുള്ള ദ്വന്ദാത്മകത അന്തർലീനമാണ്. ഇതിൽ ഒന്നിനെ മറ്റൊന്നിലേക്കു ചുരുക്കാൻ സാധ്യമല്ല. ഇവ രണ്ടും ഒരേ നിലയിലുമല്ല നിലനിൽക്കുന്നത്. അതിനാൽ ദൈവികസത്യത്തെ സാധാരണക്കാരായ വിശ്വാസികളിലേക്കു എത്തിക്കാൻ വെളിപാടുകളും, പ്രവാചകരും, പുരോഹിതരും, അതിനോടു ബന്ധപ്പെട്ട മതസ്ഥാപനങ്ങളും അവശ്യമായി വരുന്നു. എന്നാൽ സർവ്വവ്യാപിയായ ശക്തിക്കു ഇത്തരം ഘടകങ്ങളെ ആശ്രയിക്കേണ്ടതില്ല. അച്ചടക്കമുള്ള നിരന്തര യോഗസാധനയിലൂടെ, ശരീരാന്തരികമായുള്ള ശക്തിസാന്നിധ്യം നമുക്ക് അനുഭവിക്കാവുന്നതാണ്. പ്രപഞ്ചം എന്ന ദ്രവ്യപിണ്ഢത്തിൽ ശക്തി അന്തർലീനമായി വർത്തിക്കുന്നതിനാൽ, എല്ലാ ഹൈന്ദവഗ്രാമങ്ങളിലും ശക്തിയെ ദേവിയായി പ്രതിഷ്ഠിച്ച് ആരാധിക്കുന്നുണ്ട്. ഹിന്ദു കോസ്മോളജിയിൽ എക്കോ-ഫെമിനിസം പ്രകൃത്യാൽ തന്നെയുണ്ടെന്ന് സാരം.

ശരീരത്തിലെ ശക്തിസാന്നിധ്യം, ചക്രം എന്നു വിളിക്കുന്ന ഏഴ് കേന്ദ്രബിന്ദുക്കളിലൂടെയുള്ള ഊർജ്ജപ്രവാഹമായി, സാധകനു എപ്പോൾ വേണമെങ്കിലും അനുഭവിച്ചറിയാവുന്നതാണ്. എല്ലാവരുടേയും നട്ടെല്ലിന്റെ മൂലഭാഗത്ത് ശക്തി, വളരെ കൂടിയ അളവിൽ, സക്രിയമാകാതെ ഉറങ്ങിക്കിടക്കുന്നുണ്ട്. ഇതിനെ ‘കുണ്ഡലിനി’ എന്നു വിളിക്കുന്നു. കുണ്ഢലിനിയെ ഉണർത്താൻ നിരവധി ആത്മീയവിദ്യകൾ ഉണ്ട്. കുണ്ഢലിനി സക്രിയമാകുമ്പോൾ ഗണ്യമായ ഊർജ്ജപ്രവാഹം ചക്രങ്ങളിലൂടെ ശരീരമാകെ പ്രവഹിച്ച്, സാധകൻ ആത്മബോധവുമായി ഏകീകരിക്കപ്പെടും.

കൃസ്തുമതം മനുഷ്യശരീരത്തെ വിഭാവനം ചെയ്യുന്നത് വ്യത്യസ്തമായാണ്: ദൈവത്തിന്റെ അതേരൂപത്തിൽ മനുഷ്യശരീരം ഉണ്ടാക്കിയെന്നു പറയുന്നതിനൊപ്പം, ആദ്യപാപത്തിന്റെ വാഹകനും ശരീരമാണെന്നു പറയുന്നു. ‘ദുഷ്ട ശക്തികൾക്കു’ മനുഷ്യരെ എപ്പോൾ വേണമെങ്കിലും ബാധിക്കുകയുമാകാം.

ഹിന്ദുമതത്തിൽ ഗുരുക്കന്മാരുടെ സ്ഥാനം വളരെ ഉയർന്നതാണ്. ഒരു ശിഷ്യനിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഢലിനിയെ ഉണർത്താനും, സാമൂഹികജീവിതത്തിനു ഉതകുന്ന വിധം അത് പ്രയോജനപ്പെടുത്താനും ഗുരു സഹായിക്കുന്നു. ഈ ആത്മീയാനുഭവം കൃസ്തുമതത്തിലെ പോലെ, ഏതെങ്കിലും ചരിത്ര പശ്ചാത്തലത്തിലൂടെ അല്ല കൈവരുന്നത്. ഇതു സ്വതസിദ്ധമായി മനുഷ്യരിൽ അന്തർലീനമായിരിക്കുന്ന ശക്തിവിശേഷമാണ്. കുണ്ഢലിനി ഉണർത്തപ്പെടുമ്പോൾ കൈവരുന്ന ഉണർവ്വിനെ പോലുള്ള അനുഭവങ്ങൾ, അപൂർവ്വം ചില കൃസ്തുമത വിശ്വാസികൾക്കും കരഗതമായിട്ടുണ്ട്. എന്നാൽ മുഖ്യധാരാ കൃസ്തുമതം ഇത്തരം അനുഭവങ്ങളെ സാധാരണ ക്രൈസ്തവ വിശ്വാസത്തിൽ നിന്നുള്ള അപഭ്രംശമായും, സാത്തന്റെ കൈപ്പണിയായും മുദ്രകുത്തുകയാണ് പതിവ്. ഉണർവ്വ് ലഭിച്ചവർ തന്നെ, അവരുടെ ബുദ്ധിസ്ഥിരതയെ സംശയിക്കും. പലപ്പോഴും മാനസികരോഗമുണ്ടെന്നു കരുതി ചികിൽസക്കു വരെ അവർ വിധേയരാകുന്നു.

ഹിന്ദുമതത്തിൽ ദുർഭൂതങ്ങളോ, ഡെമോണിക് ശക്തിയോ (Demonic Shakti) ഇല്ല. ശക്തി എല്ലാ വൈരുദ്ധ്യങ്ങളിലും ദ്വന്ദങ്ങളിലും വ്യാപരിച്ചു കിടക്കുന്നു. ശക്തി ഒരേസമയം ഏകത്വവും ബഹുത്വവുമാണ്, ഇരുട്ടും വെളിച്ചവുമാണ്, ആശ്രയവും എതിരാളിയുമാണ്; എല്ലാ വൈരുദ്ധ്യങ്ങളേയും ശക്തി ആത്മീയതയിലേക്കു ഏകീകരിച്ചിരിക്കുന്നു. സംഹാരരൂപിയായ രുദ്രമഹാകാളിയേയും, ഐശ്വര്യദായിനിയായ പാർവതി ദേവിയേയും ഹിന്ദുമതം എളുപ്പത്തിൽ ഉൾക്കൊള്ളുന്നു. നന്മ-തിന്മ ദ്വന്ദത്തിനു കൃസ്തുമതം കൊടുക്കുന്ന ഊന്നൽ, ദുഷ്ടശക്തികളുടെ അധീനതയിലാകുമോ എന്ന ഭയം മതവിശ്വാസികളിൽ സദാ ജനിപ്പിക്കുന്നു. ഈ ഭയം പലപ്പോഴും പേഗൻ (Pagan) മതങ്ങളുടെ നേർക്കാണ് അവർ കേന്ദ്രീകരിക്കുന്നത്, പ്രത്യേകിച്ചും കാളിദേവിക്കു നേരെ. കാളിയുടെ വന്യസൗന്ദര്യം പാശ്ചാത്യരെ ഞെട്ടിപ്പിക്കുന്നു. ഇത്തരം ദുർമൂർത്തികളെ ഒഴിവാക്കാൻ കൃസ്തുമതം വിവിധ രീതികൾ സ്വീകരിച്ചു. ബൈബിൾ കൈവശം വയ്ക്കുകയും, കൃസ്തുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുകയുമൊക്കെ അത്തരം പരിഹാരങ്ങളാണ്.

കുണ്ഢലിനി ഉണർത്തപ്പെടുമ്പോൾ ചിലപ്പോൾ നെഗറ്റീവ് ഫലങ്ങൾ ഉണ്ടാകാമെന്നു ഹിന്ദുമതം പറയുന്നു. സാധകനിലുള്ള ന്യൂനതയാണ് ഇതിനു കാരണം; ദുർമൂർത്തികൾ അല്ല. ഇതു വിശദീകരിക്കാൻ വൈദ്യുതിയുടെ പ്രവർത്തനം ഉദാഹരണമായി എടുക്കാം. വൈദ്യുതി സ്വതവേ ഉപകാരിയോ, ഉപദ്രവകാരിയോ അല്ല. ഉപകരണങ്ങളുടെ സ്വഭാവത്തിനും ഉദ്ദേശത്തിനും അനുസരിച്ച് വൈദ്യുതി പ്രവർത്തിക്കുന്നു. ഇതിൽ ചിലത് ഹാനികരവും മറ്റുള്ളവ ഉപകാരപ്രദവും ആകാം. ശാസ്ത്രജ്ഞർ വൈദ്യുതി ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ഭയമില്ലാതെ നടത്തുന്ന പോലെ, യോഗികൾ കുണ്ഢലിനി ഉണർത്തിയുള്ള ശക്തിവിശേഷം അനുഭവിച്ചറിയുന്നു.

പലവിധത്തിൽ പ്രതിനിധീകരിക്കപ്പെട്ടിട്ടുള്ള ശക്തിക്കു സ്ത്രൈണഭാവമാണ് ഉള്ളത്. പരിശുദ്ധാത്മാവിനും ചിലപ്പോഴൊക്കെ സ്ത്രൈണഭാവം കല്പിച്ചിട്ടുണ്ടെങ്കിലും, കൃസ്തുമതത്തിലെ പ്രമുഖ സ്ത്രീത്വമായ കന്യാമേരി (Virgin mary), പരിശുദ്ധാത്മാവുമായി അനന്യം അല്ല. പരിശുദ്ധാത്മാവ് നിഗൂഢരീതിയിൽ കന്യാമേരിയുടെ ഗർഭപാത്രത്തിൽ അവതാരമെടുത്തെങ്കിലും, മറ്റു മനുഷ്യരിലും ഇങ്ങിനെ സംഭവിക്കില്ല (ഹിന്ദുമതത്തിൽ, ശക്തി ഏവർക്കും അനുഭവിച്ചറിയാവുന്ന ഒന്നാണ്). കന്യാമേരിയിൽ സംഭവിച്ചത് ഒരു അസാധാരണ കാര്യമാണ്. എല്ലാ കൃസ്ത്യൻ വിശ്വാസികൾക്കും ഇത് സ്വായത്തമാക്കാൻ കഴിയില്ല. അതിനു തക്കവണ്ണം, പ്രായോഗികമായ ആത്മീയചര്യകൾ രൂപീകരിച്ചിട്ടില്ല. പക്ഷേ അലങ്കാരിക ഭാഷയിലുള്ള അവകാശവാദങ്ങൾ ഏറെയുണ്ട്.

സംസ്കാരങ്ങൾക്കിടയിലുള്ള ആശയവിനിമയത്തെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ദർ, കുണ്ഡലിനി ഉണർത്തപ്പെടുന്നതിനെ, പെന്തക്കോസ്ത് ആരാധനയോടു ബന്ധപ്പെട്ട സ്ഥിതിവിശേഷവുമായി താരതമ്യപ്പെടുത്തുന്നുണ്ട്. ശക്തിപഥത്തെ പോലെ, അല്ലെങ്കിൽ ഗുരുവിന്റെ ശിക്ഷണത്താൽ കുണ്ഡലിനി ഉണർത്തപ്പെടുമ്പോൾ സംഭവിക്കുന്നത് പോലെയുള്ള അനുഭവം, ക്രൈസ്തവ വിശ്വാസത്തിലും സാധ്യമാണെന്നു ഇവർ പറയുന്നു. ഒരു കരിസ്മാറ്റിക് പുരോഹിതന്റെ നേതൃത്വത്തിലുള്ള പെന്തക്കോസ്ത് ആരാധനവേളയിൽ, വിശ്വാസിയിൽ ഉടലെടുക്കാവുന്ന ശക്തമായ ശാരീരിക ഭാവാഹാദികൾ ഇതിന്റെ ഭാഗമാണത്രെ.

മതനിന്ദയുടെ പരിധിയിൽ വരാതിരിക്കാൻ, ഇത്തരം ശാരീരികാവേശങ്ങളെ അവർ സശ്രദ്ധം നിർവചിച്ചു. കൃസ്തുവിന്റെ അനുഗ്രഹത്താൽ മാത്രം സാധ്യമാകുന്ന പാപമുക്തിക്കു വേണ്ടിയുള്ള, ശാരീരിക തീവ്രയത്നമായി ഇവ കണക്കാക്കപ്പെട്ടു. എന്നാൽ (ശക്തിയെ പോലെ) വ്യക്തിഗത യോഗാനുഷ്ഠാനത്തിന്റെ ഫലമായി, ഒരു വ്യക്തിയിലുണ്ടാകുന്ന അന്തഃസത്തയുടെ പ്രത്യക്ഷപ്പെടൽ പോലെയല്ല, പരിശുദ്ധാത്മാവ് ഒരു കൃസ്ത്യൻ വിശ്വാസിയിൽ അനുഭവപ്പെടുക. പെന്തക്കോസ്ത് സമൂഹപ്രാർത്ഥനയിൽ, ശരീരബാഹ്യമായി നിലകൊള്ളുന്ന ഒരു അതീന്ദ്രിയശക്തി വിശ്വാസിയിലേക്കു ആവഹിക്കപ്പെടുകയാണ് ചെയ്യുന്നത്. ശക്തിയുടെ കാര്യം അങ്ങിനെയല്ല. അത് ശരീരാന്തരികമാണ്. ദുർമൂർത്തികളെ കുറിച്ച് മറ്റേതു വിശ്വാസി സമൂഹങ്ങളെക്കാളും അധികം ശ്രദ്ധപുലർത്തുന്നത് പെന്തക്കോസ്ത് വിഭാഗമാണ്. കൃസ്ത്യൻ-ഇതരമായ ആത്മീയാനുഭവങ്ങൾക്കു അവർ എന്നും എതിരാണ്. ഒരു ഹിന്ദു ഗുരുവിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ, ശക്തിയെ പോലുള്ള ആന്തരിക ഊർജ്ജപ്രവാഹങ്ങൾ അവർക്കു ധാരാളമാണ്.

കൃസ്തുമതത്തിനുള്ള ചില ന്യൂനതകൾ – പുരുഷമേധാവിത്വമുള്ള അധികാരക്രമം, സ്ഥാപനങ്ങൾ, പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് ബോധമില്ലായ്മ, യോഗയുടെ അഭാവം – പരിഹരിക്കാൻ ഹിന്ദു ദേവിമാർക്കുള്ള സവിശേഷതകൾ പാശ്ചാത്യർ കടമെടുത്ത് സ്വന്തമാക്കിയിട്ടുണ്ട്. ഈ രീതി അഭിനന്ദനീയമാണെങ്കിലും, കൃസ്തുമതത്തിൽ ഉൾക്കൊള്ളിക്കുന്ന ശക്തിയെ പോലുള്ള ഹൈന്ദവ ആശയങ്ങൾ വെറും ‘കൂട്ടിച്ചേർക്കൽ’ മാത്രമാകാതിരിക്കാൻ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മാതൃസംസ്കാരത്തിൽ നിന്നുള്ള ചില പ്രത്യേക ഘടകങ്ങളെ, തിരഞ്ഞെടുത്ത് വിഘടിപ്പിച്ച്, മറ്റൊരു സംസ്കാരത്തിൽ കൂട്ടിച്ചേർക്കുമ്പോൾ ഉറവിടമായ മാതൃസംസ്കാരം ദുർബലപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങിനെ സംഭവിച്ചുകൂടാ. ശക്തിയുടെ കാര്യത്തിലാണെങ്കിൽ, അതിന്റെ യഥാർത്ഥ ഭാവം ഇണക്കിയെടുക്കാൻ കഴിയാത്ത വിധം വന്യമാണ്. മറ്റു സംസ്കാരങ്ങളിലെ ആശയങ്ങൾ വളച്ചൊടിച്ച് സ്വന്തമാക്കുകയെന്ന പാശ്ചാത്യരീതി ശക്തിയുടെ കാര്യത്തിൽ അപ്രായോഗികമാണ്.

ശക്തി, കുണ്ഡലിനി എന്നിവയ്ക്കു സാധുത നൽകുക വഴി, കൃസ്ത്യൻ-ഇതരമായ ബഹുസ്വരതയ്ക്കു കൃസ്തുമതം കീഴ്പ്പെടുക മാത്രമല്ല, ദൈവികതയുടെ ബഹുസ്വര പ്രതിനിധാനങ്ങൾക്കെതിരെ, കുറേ നൂറ്റാണ്ടുകളിളായി നടത്തിയ മതദ്രോഹ വിചാരണകളെ നിരസിക്കുകയുമാണ് ചെയ്യുന്നത്. നേരിട്ടു ആരാധിക്കാവുന്ന പരംപൊരുളായി ഒരു ദേവത പ്രതിഷ്ഠിതമാകുന്നതോടെ, കൃസ്തുമതത്തിൽ ഒരു പുനരുദ്ധാരണം പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ പേഗനിസം, ബഹുദൈവ വിശാസം, വൈവിധ്യാത്മക സാഹചര്യങ്ങൾ., എന്നിവയെ കുറിച്ചുള്ള ഓർമകൾ ഉയർന്നുവരാൻ ഇത് ഇടയാക്കും.

——————————————————————————————————————————-

Source: http://rajivmalhotra.com/library/articles/holy-spirit-shakti-kundalini/

Leave a Reply