സഹിഷ്ണുതയോ പരസ്പരബഹുമാനമോ: മതവിശ്വാസങ്ങൾക്കിടയിൽ പുലരേണ്ടത് എന്ത്?

അബ്രഹാമിക് മതങ്ങൾ സുവിശേഷവൽക്കരണ ഭീഷണി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാറുള്ള ബഹുമതസമ്മേളനങ്ങളിലും മറ്റും, മതങ്ങൾക്കിടയിൽ നിലനിൽക്കുന്ന സഹിഷ്‌ണുതാ മനോഭാവം പരിപോഷിപ്പിക്കണമെന്ന ആഹ്വാനം എപ്പോഴും ഉയരാറുണ്ട്. ഒരു മതം മറ്റുമതങ്ങളുടെ ആചാരരീതികളെ അവമതിക്കാൻ പാടില്ലെന്നാണ് ഇതിന്റെ ലളിതമായ അർത്ഥം. എന്നാൽ സഹിഷ്‌ണുത എന്ന വാക്കിനു വേറേയും അർത്ഥതലങ്ങൾ ഉണ്ട്. ഒരു വ്യക്തിയുടെ ഡിന്നർ ടേബിളിൽ അദ്ദേഹം നമ്മളോടു‘സഹിഷ്‌ണുത’ കാണിക്കുകയാണെന്നു പറഞ്ഞാൽ നമുക്കത് അപമാനകരമായാണ് തോന്നുക. ഒരു ഭാര്യയോ ഭർത്താവോ മറ്റേവ്യക്തി തന്റെ സാന്നിധ്യം സഹിക്കുകയാണെന്നു കേൾക്കാൻ ഒരിക്കലും ആഗ്രഹിക്കില്ല.ആത്മാഭിമാനമുള്ള തൊഴിലാളിയും സഹപ്രവർത്തകരിൽ നിന്നു സഹിഷ്‌ണുത പരാമർശമല്ല പ്രതീക്ഷിക്കുക. എന്താണ് ഇതിനെല്ലാം കാരണം? ഉത്തരം വ്യക്തമാണ്. നാം സഹിഷ്‌ണുത കാണിക്കുന്നത് നമ്മളേക്കാളും നിലവാരം കുറഞ്ഞ, താഴ്ന്ന ഗുണം ഉള്ളവവരോടാണ്. മതവിശ്വാസത്തെ സംബന്ധിച്ചുള്ള സഹിഷ്‌ണുത പ്രയോഗത്തിൽ തുല്യത ഒരു ഘടകമായി വരുന്നില്ല. ചില മതവിഭാഗങ്ങൾ, പ്രത്യേകിച്ചും സെമിറ്റിക് മതങ്ങൾ, അവിശ്വാസികൾക്കും വിഗ്രഹാരാധകർക്കും കല്പിച്ചുനൽകിയിട്ടുള്ള ഔദാര്യമാണ് സഹിഷ്‌ണുത. വിവേചനപരമായ ഈ പരാമർശം ഒഴിവാക്കി, പകരം തുല്യതയ്ക്കു പ്രാമുഖ്യമുള്ള ‘പരസ്പര ബഹുമാനം’ എന്ന പദം ഉപയോഗിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

യൂറോപ്പിൽ കൃസ്തുമതത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ നൂറ്റാണ്ടുകളോളം യുദ്ധ-സംഘർഷങ്ങൾ നിലനിന്നിരുന്നു. ഒരു വിഭാഗം വിശ്വാസികൾ‘യഥാർത്ഥ കൃസ്ത്യൻ സഭ’ തങ്ങളുടേതാണെന്നു പ്രഖ്യാപിച്ച്, ഇതര കൃസ്ത്യൻ വിഭാഗങ്ങളുമായി ഏറ്റുമുട്ടി. രൂക്ഷമായ രക്തച്ചൊരിച്ചിലുകൾ നടന്നു. അന്തമില്ലാത്ത ഈ സംഘർഷങ്ങൾക്കു പരിഹാരമായാണ് മതപരമായ സഹിഷ്‌ണുത അവിടെ നിലവിൽ വന്നത്. ഇതുപ്രകാരം എല്ലാ മതവിഭാഗങ്ങളും തങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിൽ കടുകിട വീട്ടുവീഴ്ചക്കു തയ്യാറാകാതെ, ഇതര വിഭാഗത്തിന്റെ പ്രമാണങ്ങളെ സഹിക്കാമെന്നു സമ്മതിച്ചു. ഇതര വിശ്വാസധാരകളേയും, വിയോജിക്കാനുള്ള ഒരുവന്റെ അവകാശത്തേയും സത്യസന്ധമായി ആദരിക്കാതെ നടപ്പിലാക്കിയ വെറുംരാഷ്ട്രീയ ഉടമ്പടിയായിരുന്നു ഈ ഒത്തുതീർപ്പ്. സ്വാഭാവികമായും അനിവാര്യമായ പതനത്തിലേക്കു അത് കൂപ്പുകുത്തി.

മതവിശ്വാസങ്ങൾ തമ്മിലുള്ള സഹവർത്തിത്വം സഹിഷ്‌ണുതയിൽ അധിഷ്ഠിതമായിരിക്കണം എന്ന വാദത്തെ 1990-കൾ മുതൽ ഞാൻ എതിർത്തു പോരുന്നുണ്ട്. അന്നൊരിക്കൽ ക്ലെയർമൗണ്ട് ഗ്രാജ്വേറ്റ് യൂണിവേഴ്സിറ്റിയിൽ (Claremont Graduate University) വച്ച് നടന്ന ഒരു പ്രമുഖ മതസമ്മേളനത്തിൽ പങ്കെടുത്തുസംസാരിക്കാൻ എനിക്കു ക്ഷണം കിട്ടി. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മതനേതാക്കൾ അവിടെ സന്നിഹിതരായിരുന്നു. വിവിധ മതങ്ങൾപരസ്പരം അനുവർത്തിക്കേണ്ട ‘സഹിഷ്‌ണുത’യെപ്പറ്റി ഒരു പ്രഖ്യാപനം നടത്തുകയായിരുന്നുസമ്മേളനത്തിന്റെ ഉദ്ദേശം. എന്നാൽ സമ്മേളനം പാസാക്കാൻ ഉദ്ദേശിക്കുന്ന അന്തിമ പ്രമേയത്തിൽ ‘സഹിഷ്‌ണുത’ എന്ന വാക്ക് പ്രയോഗിക്കുന്നതിനെ ഞാൻ എതിർത്തു. ‘സഹിഷ്‌ണുതക്കു’ പകരം ‘പരസ്പരബഹുമാനം’ എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്നു ഞാൻ ശക്തമായി വാദിച്ചു. പിറ്റേദിവസം സമ്മേളനത്തിന്റെ സംഘാടകയും, ക്ലെയർമോണ്ട് യൂണിവേഴ്‌സിറ്റിയിലെ മതപഠന വിഭാഗം തലവയുമായകാരൻ ജോ തോർജ്‌സൻ (Karen Jo Torjesen), ഞാൻ സമ്മേളനത്തിൽ ഒരു ‘തരംഗം സൃഷ്ടിച്ചെന്നു’ അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ പങ്കെടുത്ത മതനേതാക്കൾക്കു അത്തരം മൗലികമായ ഒരു മാറ്റം അംഗീകരിക്കനായില്ലെന്നും, എന്നാൽ താൻ അതിനു അനുകൂലമാണെന്നും തോർജ്‌സൻ കൂട്ടിച്ചേർത്തു. അതോടെ എന്റെ നീക്കം നിരവധി പേരെ അസ്വസ്ഥരാക്കിയെന്നു ഉറപ്പായി.

ക്ലെയർമോണ്ട് യൂണിവേഴ്സിറ്റിയിലെ പ്രോഗ്രാമിനു ശേഷം, പ്രഭാഷണങ്ങളിലും ലക്‌ചറുകളിലും ‘സഹിഷ്‌ണുത’ക്കു പകരം ‘പരസ്പര ബഹുമാനം’ എന്ന പദം ഞാൻ ഉപയോഗിക്കാൻ തുടങ്ങി. പൊതുമണ്ഢലത്തിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ‘സഹിഷ്‌ണുത’ പരാമർശത്തിനു പകരം മറ്റൊന്ന് പ്രയോഗിച്ചാൽ, വിവിധ മതവിശ്വാസികൾ അതെങ്ങിനെ സ്വീകരിക്കുമെന്ന് എനിക്കു അറിയേണ്ടിയിരുന്നു. ധാർമിക പാരമ്പര്യത്തിൽ നിന്നുള്ള മതങ്ങൾ (ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം) സഹിഷ്‌ണുതക്കു പകരം ‘പരസ്‌പര ബഹുമാനത്തെ’ ഒരു മടിയും കൂടാതെ സ്വീകരിച്ചു. എന്നാൽ എബ്രഹാമിക് മതങ്ങളിൽ നിന്ന് കാര്യമായ എതിർപ്പ് നേരിട്ടു. ഇതായിരുന്നു ഫലം.

2000-ൽ യു.എന്നിന്റെ ആഭിമുഖ്യത്തിൽ ഒരു സഹസ്രാബ്ദ മതസമ്മേളനം (Millennium Religion Summit) നടക്കുകയുണ്ടായി. സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിലുള്ള ഹിന്ദു പ്രതിനിധിസംഘം അതിൽ പങ്കെടുത്തു. സമ്മേളനത്തിന്റെ ഔദ്യോഗിക കരട് രൂപരേഖയിൽ, മതങ്ങൾ തമ്മിലുള്ള ബന്ധം ‘സഹിഷ്‌ണുതയിൽ’ അല്ല, മറിച്ച് ‘പരസ്പര ബഹുമാനത്തിൽ’ അധിഷ്ഠിതമായിരിക്കണമെന്നു രേഖപ്പെടുത്താൻ അവർ സമ്മർദ്ദം ചെലുത്തി. എന്നാൽ വത്തിക്കാൻ പ്രതിനിധി സംഘത്തെ നയിച്ചിരുന്ന ജോസഫ് രസിഞ്ചർ (പിൽക്കാലത്ത് ഇദ്ദേഹം പോപ്പ് ബെനഡിക്ട് ആയി)ഈ നിർദ്ദേശത്തെ കഠിനമായി എതിർത്തു. വത്തിക്കാൻ സംഘത്തിന്റെ മനസ്സിലിരുപ്പ് വ്യക്തമായിരുന്നു. ‘അവിശ്വാസികളായി’കരുതുന്ന മതങ്ങളെ ബഹുമാനിക്കുന്നെന്ന് ഔദ്യോഗികമായി സമ്മതിച്ചാൽ, പിന്നെ എന്തു ന്യായംപറഞ്ഞ് അവരെ കൃസ്തുമതത്തിലേക്കു മതം മാറ്റും?

കാര്യങ്ങൾ ഇവിടം കൊണ്ട് അവസാനിച്ചില്ല. നയപരമായ തർക്കങ്ങൾ കൂടുതൽ രൂക്ഷമായി. അബ്രഹാമിക് മതങ്ങൾ മറ്റു മതങ്ങളെ തുറന്ന് ബഹുമാനിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നു ഹിന്ദു പ്രതിനിധിസംഘം സമ്മേളനത്തിൽ നിലപാടെടുത്തു. സഹിഷ്‌ണുത എന്ന പതിവ് പല്ലവി അംഗീകരിക്കില്ലെന്നു ചുരുക്കം. വത്തിക്കാൻ സംഘം കടുത്ത നിലപാടിൽ തുടർന്നെങ്കിലും, അവസാന നിമിഷം അവർക്കു വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു. സമ്മേളന പ്രമേയത്തിൽ സഹിഷ്‌ണുതക്കു പകരം ‘പരസ്പര ബഹുമാനം’ഇടംപിടിച്ചു. എന്നിരുന്നാലും, ഒരു മാസത്തിനുള്ളിൽ വത്തിക്കാൻ മതസംബന്ധിയായ പുതിയ നയപ്രഖ്യാപനം നടത്തി – “ഇതര മതവിശ്വാസികൾക്കു ദൈവികാനുഗ്രഹം ലഭിക്കാമെങ്കിലും, വസ്തുനിഷ്ഠമായി പറഞ്ഞാൽ, അനുഗ്രഹലബ്ധിക്കുള്ള യോഗ്യതയുടെ കാര്യത്തിൽക്രൈസ്തവ സഭയിലുള്ളവരെ അപേക്ഷിച്ച് അവർ വളരെ പിന്നോക്കമാണ്. ക്രൈസ്തവരാകട്ടെ പൂർണമായ പാപമുക്തിക്കു അർഹരാണ്’. ലിബറൽ ചിന്താഗതിയുള്ള ക്രൈസ്തവരിൽ നിന്നു രൂക്ഷമായ എതിർപ്പുണ്ടായെങ്കിലും, വത്തിക്കാൻ ഈ ഔദ്യോഗിക നിലപാട് തിരുത്താൻ തയ്യാറായില്ല.

മതങ്ങൾക്കിടയിലുള്ള ബന്ധം പരസ്പര ബഹുമാനത്തിന്റേതാകണം എന്ന നിലപാട് പുരോഗമനവാദികളായ മുസ്ലിങ്ങളുമായും ഞാൻ പങ്കുവച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അവരുടെ നിലപാട് അറിയുകയായിരുന്നു ഉദ്ദേശം. 2001 സെപ്‌റ്റംബർ 11-നു അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കയിലെ ഡള്ളാസ് റേഡിയോ നടത്തിയ അഭിമുഖത്തിൽ ഞാൻ പങ്കെടുത്തു. മതസംവാദങ്ങളിൽ ‘പരസ്പര ബഹുമാനം’ എന്ന വാക്ക് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത, പാക്കിസ്ഥാനി സമൂഹത്തിൽപ്പെട്ട ഒരു നേതാവ് എന്റെ നിലപാടിനോടു പൂർണയോജിപ്പ് രേഖപ്പെടുത്തി. അപ്പോൾ അവരുടെഅറിവിലേക്കായി ഹിന്ദുമതത്തെ കുറിച്ചുള്ളഏതാനും കാര്യങ്ങൾ ഞാൻ പറഞ്ഞു;വിഗ്രഹാരാധന, പുനർജന്മം, ദേവീസങ്കല്പം തുടങ്ങിയ ഹൈന്ദവ സമ്പ്രദായങ്ങളെപ്പറ്റി ഒരു ലഘുവിവരണം. കൂടാതെ അവർ പൊളിറ്റിക്കലി കറക്ട് അല്ലെന്നു ഉറപ്പുവരുത്താൻ,‘പരസ്പര ബഹുമാനം’ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഞാൻ വിശദീകരിച്ചു -ഒരുവന്റെ വിശ്വാസത്താൽ അവൻ ആദരിക്കപ്പെടുന്നു; മറ്റുള്ളവർ അവന്റെ വിശ്വാസം സ്വീകരിക്കേണ്ടതില്ല. എന്റെ വിശദീകരണത്തിൽ ആ വനിതാ നേതാവ് പെട്ടെന്നു നിശബ്ദയായി. അവർ ഫോൺ കട്ട് ചെയ്തു.

ഇതുപോലുള്ള സംഭവങ്ങൾ പിൽക്കാലത്തുംനേരിട്ടിട്ടുണ്ട്. 2007-ൽ, എമറി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രതിനിധിസംഘം,മതസാഹോദര്യം മെച്ചപ്പെടുത്താൻ ഡൽഹിയിൽ നടത്തിയ ഒരു പ്രോഗ്രാമിൽ ഞാൻ പങ്കെടുത്തു. അവർ സ്വയം രൂപം കൊടുത്ത ഒരു സമിതി (Inter-Religious Council) മുഖേനയാണ് എല്ലാ പ്രവർത്തങ്ങളും നടന്നിരുന്നത്. ചടങ്ങിൽ എമറി സർവ്വകലാശാലയിലെചാപ്പലിന്റെ പ്രമുഖഭരണാധികാരിയും സന്നിഹിതയായിരുന്നു. (ഇവർ നിയുക്ത ലൂഥറൻ മന്ത്രിയുമായിരുന്നു). ലൂഥറൻ വിശ്വാസത്തെ കുറിച്ച് ധാരണയുണ്ടായിരുന്ന ഞാൻ ആ മഹദ് വനിതയോട്, സമിതിയിൽ അവർ വഹിക്കുന്ന റോൾ, അവരുടെ ലൂഥറൻ വിശ്വാസത്തോടു ചേർന്നുപോകുന്നതാണോ എന്നു ആരാഞ്ഞു.അവർ ഉറച്ചസ്വരത്തിൽ അനുകൂലമായി മറുപടി തന്നു.ഞാൻ വീണ്ടും ചോദിച്ചു, “മറ്റു മതങ്ങളെ സഹിഷ്‌ണുതയോടെ നോക്കിക്കാണുകയാണൊ ലൂഥറൻ രീതി, അതോ ബഹുമാനിക്കുകയോ? ബഹുമാനം എന്നതുകൊണ്ട് ഞാനിവിടെ ഉദ്ദേശിച്ചത്, ലൂഥറൻ വിശ്വാസത്തെ പോലെ തന്നെ സാധുതയും പ്രസക്തിയും മറ്റു മതങ്ങൾക്കുണ്ടോ എന്നും, ആ മതങ്ങൾ വിഭാവനം ചെയ്യുന്ന ആചാരവിശ്വാസങ്ങൾ ദൈവസാക്ഷാത്കാരത്തിനു ഉതകുന്നതാണോ എന്നുമാണ്”. എന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം തരാതെ വനിത ഒഴിഞ്ഞു മാറി. ഏറെക്കാലമായി ‘ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാനചോദ്യമാണ്’ ഇതെന്നും, ‘എളുപ്പത്തിലൊരു മറുപടി ഇതിനു അസാധ്യമാണെന്നും’ അവർ പറഞ്ഞു.

ഏതൊരു മതനേതാവും ഇത്തരം ഇരട്ട നിലപാടുകൾ എടുക്കുന്നവരാകരുത്. വിശ്വാസിസമൂഹത്തോടു ഒരു നിലപാടും, നിഷ്കളങ്കരായ ഇതര മതവിശ്വാസികളോടു മറ്റൊരു നിലപാടും പുലർത്തുന്നത് ആർക്കും ഭൂഷണമല്ല. കൃസ്തുമതത്തെ സംബന്ധിച്ചാണെങ്കിൽ, ഇതരമതങ്ങളോടു പരസ്പരബഹുമാനം പുലർത്തുകയെന്നത് ഒരു വെല്ലുവിളിയാണ്. കാരണം പാപമോചനത്തിനുള്ള (Salvation) ഒരേയൊരു വഴി കൃസ്തുവിൽ വിശ്വസിക്കുകയാണ്. കൃസ്തു അല്ലാതെ മറ്റൊരു മാർഗവും നിലവിലില്ല. ലൂഥറൻ വിശ്വാസവും വിശ്വാസികളുംഈ നിലപാട് മുറുകെപ്പിടിക്കുന്നവരാണ്! അതുകൊണ്ടു തന്നെ, ഹിന്ദുമതത്തോടു സഹിഷ്‌ണുത പുലർത്തി മുന്നോട്ടുപോകാനേ ലൂഥറൻ വിശ്വാസിയായ ആ മഹദ് വനിതക്കു കഴിയുകയുള്ളൂ. പരസ്പര ബഹുമാനം അസാധ്യമാണ്.

മനസ്സിലെ സന്നിഗ്ദാവസ്ഥ മൂലം ഞാൻ അവരോട് കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചു. “ഒരു ലൂഥറൻ മിനിസ്റ്റർ എന്ന നിലയിൽ ഹൈന്ദവരുടെ വിഗ്രഹാരാധനയെ താങ്കൾ എങ്ങിനെ നോക്കിക്കാണുന്നു? വിഗ്രഹാരാധനയെ വിലക്കുന്ന നിർദ്ദേശങ്ങൾ ലൂഥറൻ വിശ്വാസത്തിൽ ഇല്ലേ?  ശ്രീകൃഷ്ണനേയും ശിവഭഗവാനേയും ദൈവത്തിന്റെ പ്രതിരൂപങ്ങളായി താങ്കൾ പരിഗണിക്കുമോ, അതോ അവരെ ‘കപട ദൈവങ്ങൾ’ എന്ന ഗണത്തിൽ ഉൾപ്പെടുത്തുമോ? ദൈവം ഒരു പുരുഷനാണെന്ന സഭയുടെ നിലപാടിന്റെ പശ്ചാത്തലത്തിൽ, ഹിന്ദു ദേവിമാരെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?”. എന്റെ ചോദ്യങ്ങൾ ഇപ്രകാരം വളരെ സ്പഷ്ടമായിരുന്നു.ലൂഥറൻ വിശ്വാസിയായ വനിതയിൽനിന്നു യുക്തമായ മറുപടിയുംഞാൻ പ്രതീക്ഷിച്ചു. പക്ഷേ എല്ലാ ചോദ്യങ്ങളിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞുമാറുകയാണ് അവർ ചെയ്തത്.

മതങ്ങൾക്കിടയിൽ നിലനിൽക്കേണ്ട ബന്ധത്തെ വിശേഷിപ്പിക്കാൻ ‘പരസ്പരബഹുമാനം’ എന്ന വാക്ക്, അതിന്റെ പൂർണമായ അർത്ഥം മനസ്സിലാക്കിക്കൊണ്ട് തന്നെ, ഉപയോഗിക്കണമെന്ന വാദംകൃസ്ത്യാനികളിൽ കുറച്ചുപേർ മാത്രമേ അംഗീകരിക്കുന്നുള്ളൂ. അത്തരത്തിൽ ഒരാളെ 2008-ൽ കണ്ടുമുട്ടി. പ്രിൻസ്റ്റൺആസ്ഥാനമായി,വിവിധ മതങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നജേർണലാണ് ‘Sacred Journey’. അതിന്റെപത്രാധിപയായ ജാനറ്റ് ഹാഗ് എന്റെ നിർദ്ദേശത്തോടു വളരെ അനുകൂലമായി പ്രതികരിച്ചു. “വിവിധ മതങ്ങളോടും, ബഹുസ്വരതയോടും താങ്കളുടെ ജേർണൽ അനുവർത്തിക്കുന്ന നയം എന്ത്” എന്ന ചോദ്യത്തിനു അവർ നൽകിയ മറുപടി പ്രതീക്ഷിച്ചത് തന്നെയായിരുന്നു –“ഞങ്ങൾ മറ്റു മതങ്ങളോടു സഹിഷ്ണുത പുലർത്തുന്നു”.ഞാൻ പതിവ് പോലെ, പരസ്പര ബഹുമാനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നു, ഹിന്ദുമതത്തിലെ ചില ആരാധനാരീതികൾ സഹിതം അവർക്കു വിശദീകരിച്ചു കൊടുത്തു. ഓരോ വ്യക്തിക്കും ഒരു ഇഷ്ടദേവതയെ തിരഞ്ഞെടുത്തു കൊണ്ട് ആരാധിക്കാനുള്ള സ്വാതന്ത്ര്യം (ബഹുദൈവ വിശ്വാസത്തോടു ഇതിനെ കൂട്ടിക്കെട്ടരുത്), ആത്മീയസാഫല്യത്തിനു സ്വന്തം നിലയിൽ നടത്താവുന്ന ശ്രമങ്ങൾ., തുടങ്ങിയവയായിരുന്നു എന്റെ വിശദീകരണത്തിന്റെ കാതൽ. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കേട്ടുമനസ്സിലാക്കിയ ജാനറ്റ്, ഞാൻ ഉയർത്തിയ ചോദ്യങ്ങളെ കുതന്ത്രങ്ങൾ ഉപയോഗിച്ചു പ്രതിരോധിക്കാനോ, അവയിൽ നിന്നു ഒഴിഞ്ഞു മാറാനോ ശ്രമിച്ചില്ല. ‘സേക്രഡ് ജേർണി’യുടെ അടുത്ത ലക്കത്തിന്റെ എഡിറ്റോറിയലിൽ അവർ ഈ വിഷയം കൈകാര്യം ചെയ്തു.

“കാര്യക്ഷമമായ മതസംവാദവും സഹകരണവും എങ്ങിനെ ഉറപ്പാക്കാമെന്നു ചർച്ച ചെയ്യുന്നതിനിടയിൽ, സഹിഷ്‌ണുതാപരമായ ബന്ധം മതങ്ങൾക്കിടയിൽനിലനിൽക്കുന്നിടത്തോളം, ശരിയായ രീതിയിലുള്ള സമാധാനവും സഹവർത്തിത്വവും ലോകത്തിൽ ഉറപ്പാക്കുന്നതിൽ നിന്നു നാം അകലെയാണെന്നു മിസ്റ്റർ രാജീവ് മൽഹോത്ര അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിവിധ മതങ്ങൾക്കിടയിൽ നിലനിൽക്കേണ്ടത് ‘പരസ്പര ബഹുമാനം’ ആണ്. ‘സഹിഷ്‌ണുത’ അല്ല. രാജീവ് മൽഹോത്രയുടെ അഭിപ്രായം, രണ്ട് പദങ്ങളും തമ്മിലുള്ള അർത്ഥവ്യത്യാസത്തെ പറ്റി ആഴത്തിൽ ചിന്തിക്കാൻ എനിക്കു പ്രേരണയായി.”

സഹിഷ്‌ണുത, പരസ്പരബഹുമാനം എന്നീ പദങ്ങളുടെ ശരിയായ അർത്ഥം മനസ്സിലാക്കിയ ശേഷം ജാനറ്റ് ഹേഗ് സത്യം തുറന്നു പറഞ്ഞു. ‘സഹിഷ്‌ണുത’യുടെ ലാറ്റിൽ മൂലപദത്തിന്റെ അർത്ഥം ‘സഹനശീലം’ എന്നാണ്; പരസ്പര സഹകരണത്തേയോ പിന്തുണയേയോ അത് സൂചിപ്പിക്കുന്നില്ല: “സഹിഷ്‌ണുത എന്ന പദം രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തിലെ അധികാരവ്യത്യാസത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നുണ്ട്; സഹിഷ്‌ണുത കാണിക്കുന്ന ഒരു വിഭാഗം,എന്തെങ്കിലും അവകാശമോ ബഹുമതിയോ മറുവിഭാഗത്തിനു നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം”. എന്നാൽ ‘ബഹുമാനം’ എന്ന വാക്കിന്റെ ലാറ്റിൻ മൂലപദം “ഇരുവിഭാഗങ്ങളും തുല്യആദരവിനു അർഹരാണെന്നു പറയുന്നു. എന്തെങ്കിലും വിശേഷാധികാരത്തിനോ, ഔദ്ധത്യത്തിനോ അവിടെ സ്ഥാനമില്ല”.


Source: http://rajivmalhotra.com/library/articles/tolerance-isnt-good-enough-need-mutual-respect-interfaith-relations/

Join Rajiv Malhotra for his FB LIVE Broadcasts

Follow Rajiv on facebook.com/RajivMalhotra.Official

1 thought on “സഹിഷ്ണുതയോ പരസ്പരബഹുമാനമോ: മതവിശ്വാസങ്ങൾക്കിടയിൽ പുലരേണ്ടത് എന്ത്?

  1. “മതസഹിഷ്ണത” മതങ്ങൾ തമ്മിൽ പേരേ? “സനാതനധർമ്മം” അഥവാ “ബ്രഹ്മവിദ്യ”യെ ഒരു മതമായി അല്ലെങ്കിൽ ഒരു Religion ആയി അംഗീകരിച്ചു കൊടുക്കുന്നിടത്തോളം കാലം ഭാരതീയന്റെ സാംസ്ക്കാരിക അടിമത്വം തുടരും. ബ്രഹ്മവിദ്യ ഒരു മതം അതായതു് അഭിപ്രായം മാത്രം അല്ല. അതൊരു Religion മാത്രവും അല്ല. ലോകത്തുള്ള സകല മതങ്ങളും, സകല Religionകളും, സകല വിധമായ ആത്മീയതത്വങ്ങളും; ഈ “ബ്രഹ്മവിദ്യ”യിൽ അടങ്ങിയിരിക്കുന്നു എന്നും അവയുടെ എല്ലാം ഉറവിടം ഈ “ബ്രഹ്മവിദ്യ”തന്നെ ആണെന്നന്നും ഉള്ള സത്യം ലോകം മനസ്സിലാക്കും വരെ ആ സാംസ്ക്കാരിക അടിമത്വം തുടരും. അതു മനസിലാക്കിക്കൊടുക്കാനാണു് ഓരോ ഭാരതീയനും ശ്രമിക്കേണ്ടതും.

    സകല ചരാചരങ്ങളിലേയും ഏകത്വം ആണു് ബ്രഹ്മവിദ്യയുടെ അന്തസത്ത. അതാണു ഭാരതം ലോകത്തിനു നൽകുന്ന ഏകത്വത്തിന്‍റെ സന്ദേശം. അതായിരിക്കണം ജനങ്ങളുടെ പ്രവർത്തികളെ നീയന്ത്രിക്കേണ്ടതു്. അപ്പോൾ പ്രവർത്തികൾ ശരിയായ വഴിക്കുതന്നെ പോകും.

    അല്ലാതെ മത സഹിസ്ണതകൊണ്ടു് ഒരു പ്രയോജനവും ഇല്ല.

Leave a Reply