സ്വദേശി ഇൻഡോളജി – രാജീവ് മൽഹോത്ര പ്രഭാഷണം ഭാഗം – 1

പ്രഭാഷണം/ചർച്ച സ്വദേശി ഇൻഡോളജി

രാജീവ് മൽഹോത്ര സ്വദേശി ഇൻഡോളജി Vs വിദേശി ഇൻഡോളജി, വിദേശി ഇൻഡോളജി ഭാരതത്തെ ദോഷകരമായി ബാധിച്ചതെങ്ങിനെ, എന്നീ വിഷയങ്ങളിൽ IGNCA, New Delhi യിൽ നടത്തിയ പ്രഭാഷണത്തിന്റെ ആദ്യഭാഗം തർജ്ജമ.

സ്വദേശി ഇൻഡോളജി വിഷയത്തിൽ രാജീവ് മൽഹോത്രയുടെ പ്രഭാഷണം – ഒന്നാം ഭാഗം

ആതിഥേയൻ:-

ഇൻഡോളജി മേഖലയിൽ ഭാരതീയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും, പരിചയപ്പെടുത്താനും, പ്രോൽസാഹിപ്പിക്കാനും വേണ്ടി IGNCA പുതുതായി ആരംഭിച്ച സൈദ്ധ്യാന്തിക സംരംഭമാണ് ഭാരതീയ വിദ്യാ പ്രയോജന. ഇതിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത്തെ പ്രഭാഷണമാണ് ഇത്. പ്രഭാഷകനെ സദസ്സിനു പരിചയപ്പെടുത്താനായി ഞാൻ ഡോക്ടർ സച്ചിദാനന്ദ ജോഷി ജിയെ ക്ഷണിക്കുന്നു.

രാജീവ് മൽഹോത്ര:-

നമസ്കാരം! പ്രഭാഷണം നടത്താൻ ക്ഷണിച്ചതിനു ശ്രീ റാംബഹദൂർ റായ് ജി, ജോഷി ജി, സുധീർ ജി, IGNCA ടീം എന്നിവരോടു ഞാൻ നന്ദി പറയുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ചില പ്രിയസ്മരണകൾ എനിക്കുണ്ട്. ഇരുപത്തഞ്ച് വർഷം മുമ്പ്, 90-കളിൽ ഞാൻ ഇവിടം സന്ദർശിച്ചിരുന്നതായി ഓർക്കുന്നു. അന്ന് ഇതൊരു പുതുസ്ഥാപനമായിരുന്നു. സ്ഥാപന മേധാവിയായിരുന്ന കപില വാൽസ്യായനാണ് എന്നെ ക്ഷണിച്ചത്. ഞാനിവിടെ ധാരാളം വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. മാനു‌സ്‌ക്രിപ്റ്റ് സംരക്ഷണവും, സ്കോളർഷിപ്പുകളും ഉൾപ്പെടെ നിരവധി പ്രോജക്ടുകൾ തടസമില്ലാതെ നടക്കുന്നത് കണ്ട് എനിക്കു സന്തോഷമായിരുന്നു. ഇപ്പോൾ അതേ സ്ഥാപനത്തിൽ പ്രഭാഷണത്തിനു വരാൻ സാധിച്ചുവെന്നതിൽ അൽഭുതം തോന്നുന്നുണ്ട്.

ഞാൻ സംസാരിക്കാൻ പോകുന്നത് സ്വദേശി ഇൻഡോളജിയെ കുറിച്ചാണ്. ‘സ്വദേശി ഇൻഡോളജി’ എന്ന പദത്തിനു രൂപംകൊടുത്തത് നാമാണ്. അതിന്റെ ലക്ഷ്യമാകട്ടെ ‘വിദേശി ഇൻഡോളജി’യെ എതിർക്കുകയും, അതിനോടു പോരാടുകയും. ഭാരതത്തെക്കുറിച്ചുള്ള പഠനത്തിനു യൂറോപ്യർ നൽകിയ പേരാണ് ഇൻഡോളജി. ഇന്ത്യൻ നാഗരികത, ഭാഷ, ചരിത്രം, ദർശനങ്ങൾ, ആർക്കിയോളജി., തുടങ്ങി ഇന്ത്യൻ ജനത ആരാണെന്നുള്ള എല്ലാ വിഷയങ്ങളും ഇൻഡോളജിയിൽ ഉൾപ്പെടും. ബ്രിട്ടീഷുകാർ തങ്ങൾ ഭരിക്കുന്ന ജനതയെ കുറിച്ചു മനസ്സിലാക്കാനാണ് ഇത് ആരംഭിച്ചത്. തങ്ങൾ ഭരിക്കുന്നത് ആരെയാണെന്നു അറിയാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമമായിരുന്നത്. ഇവർ വളരെ ബുദ്ധിവൈഭവവും അറിവും ഉള്ളവരെപ്പോലെ തോന്നിയ്ക്കുന്നു, നാം അവരെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണം. എത്രത്തോളം കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നുവോ അത്രയും നന്നായി അവരെ ഭരിക്കാൻ നമുക്കു കഴിയും. നമുക്ക് മര്യാദക്കാരായി ഇരിക്കാം, നമുക്ക് അവരുടെ ഭാഷയിൽ സംസാരിക്കാം, അവരുടെ ആചാരങ്ങൾ പഠിക്കാം, വസ്ത്രങ്ങൾ ധരിക്കാം, അവരുടെ ഭക്ഷണം കഴിക്കാം, ചർച്ചകൾ നടത്താം, അവരുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാം. ഒരാളെ എങ്ങിനെ മറ്റൊരാളുമായി തെറ്റിക്കാമെന്ന്, എങ്ങിനെ ഒരാളെ മറ്റൊരാളുമായി തമ്മിൽ തല്ലിക്കാമെന്ന്, എങ്ങിനെ അവരെ സന്തോഷിപ്പിക്കാമെന്ന്, ഗർവിഷ്ടനാക്കാമെന്ന്, അവരെ എങ്ങിനെ വലിച്ചു താഴെയിടാമെന്ന്, ഇതൊക്കെ കഴിയണമെങ്കിൽ അവരെക്കുറിച്ച് നല്ലവണ്ണം മനസ്സിലാക്കണം. ഇൻഡോളജിയുടെ തുടക്കം ഇങ്ങിനെയാണ്. ഞാനിതിനെ വിദേശി ഇൻഡോളജി എന്നു വിളിക്കുന്നു.

എന്നാൽ സ്വദേശി ഇൻഡോളജി വംശീയമാനമുള്ള ഒന്നല്ല. ഇത് പ്രകാരം, താങ്കൾ ഒരു ഇന്ത്യക്കാരൻ ആണെങ്കിൽ, താങ്കൾ ചെയ്യുന്നത് സ്വദേശി ഇൻഡോളജിയാണെന്നു വരുന്നില്ല. അതുപോലെ, താങ്കൾ ഒരു പാശ്ചാത്യൻ ആണെങ്കിൽ താങ്കളുടെ പഠനം വിദേശി ഇൻഡോളജിയാണെന്നും വരുന്നില്ല. കാഴ്ചപ്പാടിനും നിലപാടിനുമാണ് ഇവിടെ പ്രാധാന്യം. സ്വദേശി ഇൻഡോളജി ഒരു പ്രത്യേക നിലപാടാണ്, വ്യക്തി ആരെന്ന് പരിഗണിക്കാതെ വിഷയത്തോടുള്ള പ്രത്യേക സമീപനമാണ് സ്വദേശി ഇൻഡോളജി. ഉദാഹരണമായി റോമില താപ്പർ, അമർത്യസെൻ, തുടങ്ങിയവരെ പോലുള്ള കുറേ ഇന്ത്യക്കാർ വിദേശി ഇൻഡോളജിസ്റ്റുകൾ എന്നതിൽ പെടും. അവർ വിദേശി ഇൻഡോളജിസ്റ്റുകൾ ആണ്. സത്യത്തിൽ, ഈ ഗണത്തിൽ ഉൾപ്പെടുന്ന ഒരു വലിയ വിഭാഗം ജനങ്ങളെ ഞാൻ കാണിച്ചുതരാം, ഭാരതത്തിലെ ഒരു വലിയ വിഭാഗം ജനങ്ങൾ, ഭാരതത്തെക്കുറിച്ചും ഭാരതീയ സംസ്കാരത്തെ കുറിച്ചുമുള്ള അവരുടെ നിലപാടുകൾ നമ്മുടെ പാരമ്പര്യത്തിൽ നിന്നുള്ളതല്ല. ഇറക്കുമതി ചെയ്യപ്പെട്ട ചിന്താഗതിയാണ് അവരുടേത്. അവർ സത്യത്തിൽ വൈദേശിക ചിന്താഗതി പേറുന്നവരാണ്. അതിനാൽ തന്നെ അവർ കോളനിവൽക്കരിക്കപ്പെട്ടു.

കുറച്ചു ദിവസങ്ങൾക്കു മുമ്പ്, ഭാരതത്തിൽ തുടർച്ചയായി സംഘടിപ്പിക്കപ്പെടുന്ന, പ്രമുഖ ലിറ്റററി ഫെസ്റ്റിവലുകളുടെ സംഘാടകരിൽ ഒരാളുമായി ഞാൻ സംവദിച്ചു. അവർക്കപ്പോൾ ഞാൻ ഇടതുപക്ഷമാണോ വലതുപക്ഷമാണോ എന്നെല്ലാം അറിയണമെന്നായി. ഇതെല്ലാം ഞാൻ എക്കാലത്തും സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണ്. സത്യത്തിൽ നമ്മുടെ സമൂഹത്തിൽ ഇടതുപക്ഷം വലതുപക്ഷം എന്നൊന്നും ഇല്ല. കോളനിവൽക്കരിക്കപ്പെട്ടവരും, തുറന്ന ചിന്താഗതിക്കാരുമായ ജനങ്ങളേ ഉള്ളൂ. ഇടതുപക്ഷം, വലതുപക്ഷം എന്നീ വാക്കുകൾ തന്നെ കോളനിവൽക്കരിക്കപ്പെട്ടവയാണ്. അതുകൊണ്ട് ഞാൻ അദ്ദേഹത്തോടു ചോദിച്ചു, ഗാന്ധിജി ഇടതുപക്ഷമായിരുന്നോ വലതുപക്ഷമായിരുന്നോ എന്ന്. അദ്ദേഹം ചിരിച്ചു, അദ്ദേഹത്തിനു അതൊന്നും അറിയില്ല. സത്യത്തിൽ, അവർ തത്ത പറയും പോലുള്ള പദങ്ങൾ വെറുതെ ഓർമ്മയിൽ സൂക്ഷിക്കുകയാണ്. ഇന്ത്യയിലുള്ളത് കോളനിവൽക്കരിക്കപ്പെട്ട ജനങ്ങളും, സ്വതന്ത്ര ചിന്താഗതിക്കാരും ആണ്. അതാണ് ആകെയുള്ള രണ്ട് വിഭാഗങ്ങൾ. അതിനാൽ, എന്റെ ഈ പ്രഭാഷണത്തിനു നാലുഭാഗങ്ങൾ ഉണ്ട്. ആദ്യം, ഇൻഡോളജിയെ പറ്റി ചരിത്രപരമായ ഒരു വീക്ഷണം ഞാൻ നൽകും. കാരണം ഇൻഡോളജി രംഗം നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അവ ഓരോന്നിനെപ്പറ്റിയും പഠിച്ചു മനസ്സിലാക്കിയിട്ടു വേണം നാം അവയുമായി ഇടപെടൽ നടത്തേണ്ടത്. രോഗിയുടെ അണുബാധ ചികിൽസിക്കുന്ന ഡോക്ടർ, ‘താങ്കൾക്കു അണുബാധയുള്ളതിനാൽ ഇതായിരിക്കും അതിനുള്ള ശരിയായ മരുന്ന്’ എന്നു പറഞ്ഞു ഒഴിയരുത്. അത്രയും പറഞ്ഞാൽ പോര. ഏതുതരം അണുബാധയാണെന്നു അദ്ദേഹം മനസ്സിലാക്കിയിരിക്കണം. വിവിധ തരം അണുബാധകൾക്കു വ്യത്യസ്ത ചികിൽസാരീതികൾ ആണല്ലോ. ഏതുതരം അണുബാധയാണെന്നു ഞാൻ പരിശോധിക്കേണ്ടതില്ല, അതെല്ലാം ഒരു വിഷയമേ അല്ല എന്നു പറയുന്ന ഡോക്‌ടർ തീർച്ചയായും മടിയനാണ്. ഒരു വ്യക്തിക്കു ക്യാൻസർ ആണെങ്കിൽ പോലും, വ്യത്യസ്തതരം ക്യാൻസർ ഉള്ളതിനാൽ, ഇനം അനുസരിച്ച് നാം ചികിൽസിക്കണം.

വ്യത്യസ്ത അസുഖങ്ങളെ നേരിടാൻ കൃത്യമായ രോഗനിർണ്ണയം നടത്തുന്ന പോലെ, ഏതുവിഭാഗം ചിന്താഗതിയാണ് ഒരു ഇൻഡോളജിസ്റ്റ് ഉപയോഗിക്കുന്നതെന്നു നാം തീർച്ചയായും മനസ്സിലാക്കിയിരിക്കണം. അവരെല്ലാം ഒരുപോലെ ഉള്ളവരല്ല. വളരെയധികം ചിന്താധാര നിലവിലുണ്ട്. ഭാരതീയ തത്ത്വചിന്തയെ പറ്റി ആർക്കെങ്കിലും പഠിക്കണമെങ്കിൽ, അദ്ദേഹം തീർച്ചയായും അദ്വൈതം മനസ്സിലാക്കണം. അദ്വൈതത്തിനുള്ളിൽ തന്നെ മനസ്സിലാക്കേണ്ട നിരവധി പണ്ഢിതരുണ്ട്. വിശിഷ്ടാദ്വൈതം അറിയണം. അഭിനവ ഗുപ്തനെ അറിയണം. നിങ്ങൾ ഉറപ്പായും ബുദ്ധമതത്തെ പറ്റി പഠിക്കണം. ബുദ്ധമതത്തിനുള്ളിൽ തന്നെ മധ്യമിക വിഭാഗമുണ്ട്. മറ്റു വിഭാഗങ്ങൾ പിന്നാലെ. ഇക്കാരണങ്ങളാൽ ഭാരതീയചിന്ത ലളിതമാണെന്നു നിങ്ങൾക്കു പറയാനാകില്ല. ഇതുപോലെ, ഇൻഡോളജിസ്റ്റുകൾ അവരോടൊപ്പം വിവിധ ചിന്താധാരകളും കൂടിയാണ് കൊണ്ടുവരുന്നത്. അവയിൽ പ്രമുഖമായവയെ പറ്റി ഞാൻ നിങ്ങളോടു പറയാം.

ഇപ്പോൾ ചില വ്യക്തികൾ ചോദിക്കുന്നു, എന്താണ് ഇതിന്റെയൊക്കെ ആവശ്യമെന്ന്? നാം എന്തിനാണ് ഇതിനെപ്പറ്റി ആകുലരാകുന്നു?… കാരണം ഇത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നുണ്ട്. ഇന്ത്യയെപ്പറ്റിയുള്ള പണ്ഢിതരുടെ പഠനങ്ങൾ നമ്മുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. പടിഞ്ഞാറൻ ഇൻഡോളജിസ്റ്റുകൾ വർഗ്ഗീകരണം നടത്തുന്നതിനു മുമ്പ്, നമുക്കിടയിൽ ആര്യൻ‌-ദ്രാവിഡ പ്രശ്നം ഇല്ലായിരുന്നു. തമിഴ്‌നാടിന്റേയോ വടക്കേഇന്ത്യയുടെയോ ചരിത്രത്തിൽ തന്നെ ഇത്തരമൊരു വിഭജനം എവിടേയും പരാമർശിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത്തരമൊരു യാഥാർത്ഥ്യത്തിനു നടുവിലാണ് നാം ഇന്നു ജീവിക്കുന്നത്. തെക്കേ-ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് വ്യാപിച്ചുകഴിഞ്ഞു. ഇത് വിദേശി ഇൻഡോളജിയുടെ ഉല്പന്നമാണ്, ഇതൊരു പ്രകട യാഥാർത്ഥ്യമാണ് ഇന്ന്…
മറ്റൊന്ന് ജാതിയാണ്. നമുക്ക് വർണമുണ്ട്, ജാതിയുണ്ട്. എന്നാൽ 1800-കളുടെ അവസാനം മുതൽ മാത്രം. അന്നു, ഇന്ത്യയിൽ സെൻസസ് എടുക്കുമ്പോൾ, റിസ്‌ലെ പ്രഭുവും മറ്റും ജാതിയെന്ന ആശയം ഉണ്ടാക്കി, അതിനെ തട്ടുതട്ടായുള്ള ഒരു സമ്പ്രദായമാക്കി ഉറപ്പിച്ചു. നിർഭാഗ്യവശാൽ നമ്മുടെ ഭരണഘടന, ജാതി ഒരു കൊളോണിയൽ നിർമിതിയാണ്, നമുക്കിത് ഒഴിവാക്കി നമ്മുടേതു മാത്രമായ ഒന്ന് ഉപയോഗിക്കാം എന്നു പറയാതെ, ജാതിയെ നിയമവിധേയമാക്കി സ്ഥിരപ്പെടുത്തുകയാണ് ഉണ്ടായത്. ഇത്തരം കൊളോണിയൽ വർഗ്ഗീകരണം പേറുന്നതിനാൽ ഭരണഘടനയും കോളോണിയൽ സ്വാധീനമുള്ളതാണ്. നമ്മൾ അംഗീകരിക്കേണ്ട ഒരു സത്യമാണിത്.

പിന്നെ… നിങ്ങൾ രാമായണത്തെ കുറിച്ചുള്ള ഫെമിനിസ്റ്റ് വീക്ഷണം ശ്രദ്ധിക്കുക, നമ്മുടെ സംസ്കാരത്തിലെ വിവിധ ഘടകങ്ങളെ പറ്റിയുള്ള ഫെമിനിസ്റ്റ് വീക്ഷണങ്ങൾ. ഇതും ഇറക്കുമതി ചെയ്യപ്പെട്ട ഇൻഡോളജിക്കൽ ആശയമാണ്. ന്യൂനപക്ഷം എന്ന നിർമിതിക്കു പോലും പ്രാധാന്യമുണ്ട്. കാരണം നമുക്ക് നിരവധി പരമ്പരകളും സമ്പ്രദായങ്ങളും ഉണ്ട്. ഇവയെല്ലാം ന്യൂനപക്ഷവുമാണ്. കൃസ്ത്യൻ സഭയെ പോലെ സമജാതീയവും എല്ലാവരിലും അധീശത്വം ചെലുത്തുന്നതുമായ, ഒരു പരമ്പരയോ സമ്പ്രദായമോ നമുക്കില്ല. ഏതെങ്കിലും ഒരു ആധിപത്യ ശക്തിയാൽ നിയന്ത്രിക്കപ്പെടുന്ന, ഐക്യരൂപമുള്ള സമൂഹം നമ്മുടെ പാരമ്പര്യത്തിൽ ഉണ്ടായിട്ടില്ല. പ്രബലമായ ഒരു ജാതി ഇന്ത്യയിൽ ഇല്ലായിരുന്നു. പകരം നിരവധി ജാതികൾ. ന്യൂനപക്ഷങ്ങളായ ആയിരക്കണക്കിനു ജാതികൾ. അതുകൊണ്ട് ന്യൂനപക്ഷത്തെപ്പറ്റി നിങ്ങൾക്കു ചർച്ച ചെയ്യണമെങ്കിൽ, നാമെല്ലാം ന്യൂനപക്ഷങ്ങളാണെന്നു പറയേണ്ടി വരും. ഭൂരിപക്ഷം എന്നൊന്ന് ഇല്ല! ഹിന്ദുമതത്തിനു ഉള്ളിൽ തന്നെയും, നാനാതരം വ്യത്യസ്ത കാഴ്ച്ചപ്പാടുകൾ നിലവിലുണ്ട്. അതിനാൽ ഭൂരിപക്ഷം, ന്യൂനപക്ഷം, ഭൂരിപക്ഷത്തെ ഭിന്നിപ്പിക്കൽ, ന്യൂനപക്ഷത്തെ അടിച്ചമർത്തൽ, ന്യൂനപക്ഷത്തിനു പ്രത്യേക പരിഗണനകൾ., ഇവയെല്ലാം നമ്മുടെ സമൂഹത്തിൽ ലഹളക്കും മറ്റും കാരണമാകും. വിദേശി ഇൻഡോളജി എത്രത്തോളം കോട്ടം ഉണ്ടാക്കിയെന്നതിനു ഉദാഹരണങ്ങളാണിവ. അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നു ഉയർന്നുവന്ന ആശയങ്ങളല്ല ഇത്, സാധാരണക്കാർക്കു ഇതിൽ ഒരു പങ്കുമില്ല. ഇറക്കുമതി ചെയ്യപ്പെട്ട ഈ ആശയങ്ങൾ സാധാരണക്കാരിലേക്കു ഇട്ടുകൊടുത്തവയാണ്. അതുകൊണ്ടാണ് ചിലർ ‘ഇതിന്റെ പ്രാധാന്യം എന്താണെന്ന്’ ചോദിക്കുമ്പോൾ, ‘അവയുടെ പ്രാധാന്യം ഇതാണെന്ന്’ ഞാൻ പറയുന്നത്.

പണ്ടൊന്നും നാം ഇവയെ ചോദ്യം ചെയ്തിരുന്നില്ല. കോളനിഭരണത്തിനു കീഴിലായിരുന്നതിനാൽ, നിവർന്നുനിന്ന് ചോദ്യം ചെയ്യാനുള്ള അവകാശം നമുക്കുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ 70 വർഷമായി നമുക്ക് ചോദ്യം ചെയ്യാമായിരുന്നു. പക്ഷേ കോളനിവൽക്കരണം ഇന്നും പൂർണമായി മാറിയിട്ടില്ല. ബൗദ്ധികതലത്തിൽ നാം ഇപ്പോഴും കോളനിവൽക്കരിപ്പെട്ടിരിക്കുകയാണ്. അതേക്കുറിച്ച് നിങ്ങൾക്കു ഞാൻ വിവരിച്ചു തരാം. നാം ഭാരതത്തിലേക്കു നോക്കുമ്പോൾ, ജനങ്ങൾ പറയുന്നത് കേൾക്കാം ‘എന്ത് സംഭവിക്കാൻ? നമ്മൾ 5000 കൊല്ലമായി സുരക്ഷിതരല്ലേ’ എന്ന്… നാം സുരക്ഷിതരല്ല! 1500 കൊല്ലം മുമ്പ് കൃസ്ത്യൻസഭ ആരംഭിച്ചു, കൃസ്തുമതം ആരംഭിച്ചതു കൃസ്തുവിനു ഒപ്പമല്ല. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്താണ് കൃസ്തുമതം ആരംഭിച്ചത്. അപ്പോൾ ഏകദേശം 1500-1600 കൊല്ലം മുമ്പ്, ഇന്നു കാണുന്ന കൃസ്തുമതം ആരംഭിച്ചപ്പോൾ, ഭാരതമെന്നത് വടക്കൻ ടിബറ്റ് മുതൽ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവ ഉൾപ്പെടെ ബാലിദ്വീപ് വരെ ഉണ്ടായിരുന്നു. ഈ പ്രദേശങ്ങൾ എല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. അഫ്ഗാനിസ്ഥാൻ മുതൽ ബാലി വരെ. ബുദ്ധമതത്തെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി നിങ്ങൾ കണക്കാക്കുന്നുവെങ്കിൽ ശ്രീലങ്കയും, ഏഷ്യയുടെ സിംഹഭാഗവും ഇതിൽ ഉൾപ്പെടും. നാമിപ്പോൾ ഇരുപതു ശതമാനമായി കുറഞ്ഞിരിക്കുന്നു. എൺപതു ശതമാനം നഷ്ടപ്പെട്ടിട്ടും, നാം സുരക്ഷിതരാണെന്നു ഇനിയും പറയാൻ കഴിയില്ല. നിഷ്കളങ്കനായ ഒരു വ്യക്തി മാത്രമേ അങ്ങിനെ പറയൂ. ലോകജനസംഖ്യയുടെ പകുതിയോളം ഉൾക്കൊള്ളുന്ന രണ്ട് വലിയ മതങ്ങൾ അന്നു നിലവിലുണ്ടായിരുന്നേയില്ല. ആ മതങ്ങൾ വളരെ ചെറുപ്പമാണ്. നമുക്ക് നമ്മുടെയൊരു പങ്ക് നഷ്ടമായി. മറ്റുള്ളവർ കൂടുതൽ പങ്ക് നേടിയെടുത്തു. നമുക്ക് എങ്ങിനെ പറയാൻ കഴിയും നാം സുരക്ഷിതരാണെന്ന്? ഇപ്പോൾ ബാക്കിയുള്ളതു തന്നെ സുരക്ഷിതമല്ല. നമുക്ക് ധാരാളം ആഭ്യന്തര പ്രശ്നങ്ങളും അതിർത്തി തർക്കങ്ങളും ഉണ്ട്. നാം സുരക്ഷിതരല്ല! ഒന്നും വിഷമിക്കാനില്ല, എല്ലാം ഭംഗിയായി പോകുന്നു എന്നു കരുതി സമാധാനിച്ചിരിക്കാൻ പറ്റില്ലെന്നു നാം സമ്മതിക്കേണ്ടിയിരിക്കുന്നു.

ഇന്നത്തെ ഭാരതീയരിൽ 25 ശതമാനം പേർ, ഉറച്ച ധാർമ്മിക-വൈദിക സ്വത്വം ഉള്ളവരാണ്. പൊതുമണ്ഢലത്തിലും സ്വകാര്യസദസ്സുകളിലും അവർ ആ നിലപാട് ഉയർത്തിപ്പിടിക്കുന്നു. എന്നാൽ മറ്റൊരു 25 ശതമാനം ജനങ്ങൾ പൂർണമായും ഇതിനു വിപരീതമാണ്. അവരെ ഹിന്ദുഫോബിക് എന്നു ഞാൻ വിളിക്കുന്നു. ഇനിയുള്ള 50 ശതമാനം പേർ തീരുമാനമെടുക്കാതെ ആശയക്കുഴപ്പത്തിൽ അകപ്പെട്ടിരിക്കുന്നവരാണ്. അവർ ഒരിടത്തു ഉറച്ചു നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുകയാണ്. സംസാരിക്കുന്ന വിഷയങ്ങളുടെ ഉള്ളടക്കം അവർക്കു തന്നെ അറിയില്ല. ഒരുദിവസം അവർ ഒരു നിലപാടിനെ അനുകൂലിക്കും. മറ്റൊരു ദിവസം അതിനു വിരുദ്ധമായ നിലപാടിനെ അനുകൂലിക്കും. നമ്മുടെ സംസ്കാരത്തെക്കുറിച്ചുള്ള ധാരണ അവരിൽ ഉറച്ചിട്ടില്ല. അതുകൊണ്ട് സുരക്ഷിതരാണെന്നു കരുതാൻ നമുക്ക് കഴിയില്ല. സർവ്വത്ര ആശയക്കുഴപ്പം ആണ്. നമ്മുടെ പുസ്തകങ്ങൾ, മാധ്യമങ്ങൾ, അങ്ങിനെയുള്ള എല്ലാത്തിലും ആശയക്കുഴപ്പം ദൃശ്യമാണ്. ഇൻഡോളജി സമൂഹത്തിൽ മാറ്റമൊന്നും കൊണ്ടുവരില്ലെന്ന നിലപാടിനെ ഞാൻ അനുകൂലിക്കുന്നില്ല, കാരണം മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. നമ്മുടെ രാജ്യത്ത് എല്ലാം ഒകെ ആണ്, ആകുലപ്പെടാൻ ഒന്നുമില്ല എന്ന വാദത്തേയും ഞാൻ പിന്തുണക്കുന്നില്ല. സത്യത്തിൽ നാം വളരെ ആകുലപ്പെടേണ്ടിയിരിക്കുന്നു!
ഞാൻ ശ്രദ്ധിച്ച മറ്റൊരു വസ്തുത, മറ്റു സംസ്കാരങ്ങൾക്കു എപ്രകാരമുള്ള പരിഗണന കിട്ടുന്നുവെന്നാണ്. ഇനിയും പബ്ലിഷ് ചെയ്തിട്ടില്ലാത്ത എന്റെയൊരു പുസ്തകത്തിൽ, ഹാർവാർഡ് യൂണിവേഴ്സിറ്റി ഇന്ത്യൻ സംസ്കാരത്തെ അപേക്ഷിച്ച്, ചൈനീസ് സംസ്കാരത്തെ എങ്ങിനെ സമീപിക്കുന്നുവെന്നു ഞാൻ സർവ്വേ ചെയ്തിട്ടുണ്ട്. വളരെ രസകരമായ താരതമ്യം. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നടന്ന വ്യാപാര-കോർപ്പറേറ്റ് സൗഹൃദങ്ങൾ, അവയോടുള്ള ബഹുമാനങ്ങൾ ഒക്കെ പുതിയതാണ്. പക്ഷേ പൗരാണിക സംസ്കൃതിയെ കുറിച്ചുള്ള പഠനത്തിൽ ചൈനീസുകാർ മറ്റുള്ളവർക്കു ചെവികൊടുക്കാറില്ല. ചൈനയെ പറ്റിയുള്ള പഠനങ്ങൾ നടത്തുന്നത് ചൈനീസുകാരാണ്, പാശ്ചാത്യർ അല്ല. ചൈന സന്ദർശിക്കാനുള്ള അനുവാദത്തിനും, വിസക്കും വേണ്ടി പാശ്ചാത്യർ തല കുനിയ്ക്കുകയാണ്. ചൈനക്കാർ പറയുന്നു ‘നിങ്ങൾക്കു വരണമെങ്കിൽ വന്നു കൊള്ളൂ. വരണമെന്നില്ലെങ്കിൽ വേണ്ട’ . നിങ്ങൾക്കു വരണമെന്നില്ലെങ്കിൽ, ഞങ്ങൾക്കു നിങ്ങളെ ആവശ്യമില്ല. അത്രതന്നെ! ചൈനയെ പറ്റിയുള്ള പഠനങ്ങൾ ചൈനീസ് നിയന്ത്രണത്തിലാണ്. വാർത്താപത്രികകൾ, കോൺഫറൻസുകൾ, പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ എല്ലാം അവർ നിയന്ത്രിക്കുന്നു.
ജപ്പാനിലും കാര്യങ്ങൾ ഇങ്ങിനെ തന്നെയാണ്. ജാപ്പാനീസ് സംസ്കാരത്തെ കുറിച്ചുള്ള പഠനങ്ങൾ ജപ്പാന്റെ നിയന്ത്രണത്തിലാണ്. റഷ്യയും ഫ്രാൻസും അവരുടെ സാംസ്കാരികപഠനങ്ങളെ നിയന്ത്രിക്കുന്നു. അമേരിക്കയും ഇസ്ലാമിക രാജ്യങ്ങളും അതു തന്നെ ചെയ്യുന്നു. ഇവർക്കെല്ലാം സാംസ്കാരിക ഗവേഷണം നടത്തുന്ന നിരവധി പണ്ഢിതന്മാരും യൂണിവേഴ്സിറ്റികളും ഉണ്ട്. ഇതെല്ലാം ആ രാജ്യത്തിന്റെ വീക്ഷണത്തെ, കുറഞ്ഞത്, അവരുടെ ജനങ്ങൾക്കിടയിലെങ്കിലും പ്രചരിപ്പിക്കാൻ സഹായിക്കുന്നു. ഇനി ഭാരതീയ സംസ്കാരത്തിന്റെ കാര്യത്തിൽ, ഇവിടെയാണ് സംസ്കൃതത്തിൽ ബിരുദം എടുക്കാൻ ഏറ്റവും ഉചിതമായ സ്ഥലം. പക്ഷേ, നിങ്ങൾ ഏതാനും സംസ്കൃത പണ്ഢിതന്മാരുമായി കൂടിക്കാഴ്ച നടത്തി, സംസ്കൃതത്തിൽ ബിരുദം എടുക്കാൻ അനുയോജ്യമായ ഇടം എവിടെയാണെന്നു ചോദിച്ചു നോക്കൂ. അവരുടെ മറുപടി ഹാർവാർഡ്, ചിക്കാഗോ, കൊളംബിയ, ഓക്‌സ്ഫോർഡ്, ഹൈഡൽബർഗ് തുടങ്ങിയവയാണ് സംസ്കൃതത്തിൽ പിഎച്ച്ഡി എടുക്കാൻ അനുയോജ്യം എന്നായിരിക്കും. അത്തരം മറുപടി നമുക്ക് നാണക്കേടാണ്. ഇത്തരം അടിമ മനോഭാവം മറ്റൊരു സംസ്കാരത്തിലും നിങ്ങൾക്കു കാണാനാകില്ല. ഇക്കാരണങ്ങളാലാണ് ഈ വിഷയം വളരെ പ്രധാനമാണെന്നു ഞാൻ പറയുന്നത്.

Featured Image Credit” – Vicharam.org

Leave a Reply